മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു 47

..എടി പെണ്ണെ ജീവിതം ജീവിച്ചു തീര്‍ക്കുവാനുള്ളതാണ് അല്ലാതെ പാതിവഴിയില്‍ അവസാനിപ്പിക്കുവാനുള്ളതല്ല. ഈ മരണം എന്നത് ഒന്നിനും ഒരു പരിഹാരമല്ല.ചാവുന്നോര് ചത്തു പോകും പ്രശ്നങ്ങളൊക്കെ ബാക്കി ആവും ..

..തന്റെ ഭർത്താവെന്തിയെ അയാളെവിടെങ്കിലും കുടിച്ച് കൂത്താടി കെടക്കുവായിരിക്കും അല്ലെ ..അവനെയാണ് ആദ്യം തല്ലേണ്ടത് ..

എന്തൊക്കെ പറഞ്ഞിട്ടും അവളിൽ നിന്ന് കരച്ചിലല്ലാതെ വേറൊരു പ്രതികരണവും കിട്ടാഞ്ഞത് കൊണ്ട് മുകുന്ദന്‍ സ്റ്റൂൾ എടുത്ത് മുറിയുടെ മൂലയിലേക്ക് വലിച്ചെറിഞ്ഞിട്ട് വീടിനകം മുഴുവൻ വീക്ഷിച്ചു.മുറിയോട് ചേര്‍ന്നുള്ള അടുക്കളയിലേക്ക് നോക്കിയ മുകുന്ദന്‍ ഒരു നിമിഷം വീണ്ടും പകച്ചു പോയി .

.അവിടെ നിലത്ത് ഒരാള്‍ ചോര വാര്‍ന്നു കിടക്കുന്നു.അടുത്തായി ഒരു ചിരവ രക്തംപുരണ്ട നിലയില്‍ കിടക്കുന്നു.മുകുന്ദന്‍ ഓടിച്ചെന്നു അയാളുടെ ശ്വാസോച്ഛ്വാസം പരിശോധിച്ചു.

..ഭാഗ്യം ചത്തിട്ടില്ല .

ജീവനുണ്ട് എന്ന് ബോധ്യമായപ്പോള്‍ മുകുന്ദന്‍ തിരികെ വന്നു അവളോട്‌ ചോദിച്ചു ?

..തന്റെ ഭർത്താവ് അല്ലെ അവിടെ ചോരയിൽ കുളിച്ച് കിടക്കുന്നെ. എന്താ ഉണ്ടായെ..

അത് കേട്ടവൾ ഒന്നുകൂടി ഉറക്കെ കരഞ്ഞു കൊണ്ട് പറഞ്ഞു.

..കൊന്നു ..കൊന്നു.. ഞാനയാളെ കൊന്നു .ഇനിയെനിക്ക് സഹിക്കാൻവയ്യ ..ഞാൻ കൊന്നു ..

..അയാള് ചത്തിട്ടൊന്നുമില്ല പെണ്ണെ .ബോധം പോയതേ ഉള്ളു …

മുകുന്ദൻ പറഞ്ഞത് കേട്ട് സുമിത്ര ഒരു നിമിഷം കരച്ചിലടക്കി അയാളെ നോക്കി

..നേരാ ഞാൻ നോക്കി ശ്വാസമെടുക്കുന്നുണ്ട് ചത്തിട്ടില്ല ഉറപ്പാ ..എന്താ ഉണ്ടായത് ..ഒരു കുഞ്ഞൊ മറ്റോ ഇല്ലേ അവനെന്തിയെ ..

അത് കെട്ടവൾ കരഞ്ഞു കൊണ്ട് പറഞ്ഞു

..അകത്തുണ്ട് അവനൊന്നുമറിഞ്ഞിട്ടില്ല ..

അയാൾ ഉടനെ അകത്തേയ്ക്ക് ചെന്നു നോക്കി .അവിടെ കട്ടിലിൽ ഒരു കുഞ്ഞ് സുഖമായി ഉറങ്ങുന്നു .അയാൾ ചെന്ന് ആ കുഞ്ഞിനെ എടുത്തു. ഏകദേശം രണ്ടോ മൂന്നോ വയസ്സ് പ്രായം വരുന്ന ആൺ കുഞ്ഞ് .പരിചയമില്ലാത്ത കരസ്പര്ശമേറ്റപ്പോൾ ഉറക്കത്തിലും അവൻ ഞെരുങ്ങി .ഉണർന്നു കരച്ചിൽ തുടങ്ങുന്നതിനു മുമ്പേ മുകുന്ദൻ അവനെ അവളുടെ കയ്യിൽ കൊണ്ടു കൊടുത്തു.കുഞ്ഞിനെ മേടിച്ചവൾ മാറോടണക്കി പിടിച്ച് കരഞ്ഞു .

…മോനെ പൊന്നെ അമ്മച്ചിയാടാ കണ്ണാ .ന്റെ പൊന്നിന് ഒന്നൂല്ല ഒന്നൂല്ല…

..ഇനി പറ എന്താ ഉണ്ടായത് .എന്നെ മനസ്സിലായോ ഞാൻ അന്നിവിടെ വന്നിരുന്നു ഇവിടുത്തെ ലൈന്മാനാ .ഇന്നും കംപ്ലെയിന്റ് നോക്കാൻ വന്നതാ അപ്പഴാ ..

..എന്‍റെ ഭര്‍ത്താവ് മൂക്കറ്റം മദ്യപിച്ച് വന്ന് എന്നും വഴക്കാ .ഒരു ദിവസം പോലും സ്വൈര്യം ഇല്ല .ഒന്ന് പറഞ്ഞാൽ രണ്ടാമത്തേതിന് എന്നെ പൊതിരെ തല്ലും.ഈ പരിസരത്തെങ്ങും ആരുമായും സംസാരിക്കാൻ പോലും അനുവാദമില്ല .സംശയമാ എപ്പോഴും.. വെളളമടിച്ചാൽ പിന്നെ മറ്റുള്ളോരുടെ മുന്നിൽ വെച്ച് അപമാനിക്കും .ഈ നാട്ടിലിനി ആരുമില്ല അറിയാൻ ..എല്ലാവരുടെ മുന്നിലും ഞാൻ അപമാനിക്കപ്പെട്ടു .ഇന്നെന്റെ കുഞ്ഞിനെ നോക്കി അയാളുടേതല്ല എന്ന് പറഞ്ഞ് കഴുത്തിൽ പിടിച്ച് കൊല്ലാൻ നോക്കി .എന്നെ എന്ത് വേണമെങ്കിലും ചെയ്തോട്ടെ. വൈകിട്ട് വീണ്ടും മൂക്കറ്റം കുടിച്ചിട്ട് ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ കഴുത്തിൽ പിടിച്ച് ഞെരിച്ചപ്പോ എനിക്ക് സഹിച്ചില്ല. മുന്‍പില്‍ കണ്ട ചിരവയെടുത്ത് ഞാനൊന്ന് അടിച്ചു തലയിലാണ് അടി കൊണ്ടത്‌..ആ അടി കൊണ്ടാണ് അയാൾ വീണത് ..എനിക്ക് ജീവിക്കേണ്ട ഈ ദുഷ്ടന്‍റെ കൂടെ എനിക്ക് ഇനിയും ആവില്ല ഇയാളോടൊപ്പം ജീവിക്കാന്‍ ഇയാളുടെ കൂടെ കൂടിയതിനു ശേഷം സന്തോഷമെന്തെന്നു ഞാനറിഞ്ഞിട്ടില്ല .ഇയാളുടെ സ്വഭാവം കാരണം പാതി രാത്രി എന്റെ വാതിലിൽ മുട്ടാൻ ഒത്തിരി പേര് വരും .പേടിച്ചാ ജീവിക്കുന്നെ .എന്റെ കുഞ്ഞില്ലായിരുന്നെങ്കി എന്നെ ഞാൻ ചത്തേനെ .അയാളുടെ മോനാണെങ്കിലും ഞാൻ നൊന്തു പ്രസവിച്ചതാ എന്റെ കുഞ്ഞിനെ കൊല്ലാൻ ഞാൻ കൊടുക്കില്ല ..

ഒറ്റ ശ്വാസത്തിൽ കരഞ്ഞു കൊണ്ടുള്ള അവളുടെ പറച്ചില് കേട്ട് മുകുന്ദൻ സ്വയം വിലയിരുത്തി .

Leave a Reply

Your email address will not be published. Required fields are marked *