മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു 47

അപ്പോഴേക്കും മോൾ സുമിത്രയുടെ കൈ വിടുവിച്ച് അയാളുടെ മടിയിലേക്ക് അധികാരത്തോടെ കേറിയിരുന്നു .ഇത് കണ്ടു മോൻ എനിക്കും അച്ഛന്റെ മടിയിലിരിക്കണം എന്നും പറഞ്ഞപ്പോ മുകുന്ദൻ മോനെ മറ്റേ തുടയിലും പിടിച്ചിരുത്തിയിട്ട് സുമിത്രയെ നോക്കി .

..ഹഹ നീ പുറത്തായി കേട്ടോ.. ഇനി നീ എവിടിരിക്കുമെടി …

ആ ചോദ്യം കേട്ട് അവൾ ചിരിച്ചു കൊണ്ട് ..

..ആ ഇവിടിങ്ങനെ ഇരുന്നോ കേട്ടോ വീട്ടിൽ പോകണ്ടേ ..എത്ര നേരം വിളിച്ചൂന്നറിയോ ..ദേ പിള്ളാര് ആകെ ക്ഷീണിച്ചു .രണ്ടിനും ഐസ്ക്രീം വേണമെന്ന പറയുന്നേ …

..പോടീ ഐസ്ക്രീമൊന്നും വേണ്ട ഇത്രേം ഉപ്പ് കാറ്റും കൊണ്ടിനി ഐസ്ക്രീമും കൂടി കേറ്റിയാൽ വല്ല പനിയും പിടിക്കും .

..ആ എന്ന ബിരിയാണി കഴിക്കാം അല്ലേടാ മോൻ കുട്ടാ …

സുമിത്ര പിള്ളേരെ രണ്ടിനെയും ഇളക്കി വിട്ടു.

..ആ അത് മതി.. അത് മതി അച്ചാ.. അതുമതി ..

..ആ അത് മതിയെങ്കി വാ നമുക്ക് പോകാം ..

മുകുന്ദൻ പിള്ളേരെ രണ്ടിനെയും മടിയിൽ നിന്നിറക്കിയിട്ട് എഴുന്നേറ്റു .

..അല്ല സാറേ… സാറ് ഇവിടിരുന്ന് ഭയങ്കര ധ്യാനത്തിലായിരുന്നല്ലോ .. എന്തായിരുന്നു ധ്യാനത്തിൽ കണ്ടത്.. വല്ല പെണ്ണുങ്ങളെയുമാണോ …

..ആന്നെടി ഒരു പെണ്ണിനെയാ കണ്ടത് …

..ആരാ ഐശ്വര്യാ റായി വല്ലോം ആണോ സാറേ ..

..ഹ്ഹ്ഹ് അതുക്കും മേലെ ..ഒരിക്കൽ ഇതുപോലൊരു ബീച്ചിൽ വെച്ച് കരഞ്ഞു കലങ്ങിയ കണ്ണുകളോടെ എന്ത് ചെയ്യണമെന്നറിയാതെ എവിടെ പോകണമെന്നറിയാതെ നിന്ന ഒരു പാവം പെണ്ണിനെയാണ് കണ്ടത് .ദേ ഈ നിക്കുന്ന കൊച്ച് കുഞ്ഞിന്റെ കൈ പിടിച്ച് നാലഞ്ചു വര്ഷം മുമ്പ് ആ ബീച്ചിൽ വെച്ച് എന്റെ ജീവിതത്തിന്റെ വിളക്കായി .. ജീവന്റെ ജീവനായി ..ഐശ്വര്യമായി വന്നു കേറിയ ഒരു പെണ്ണിനെ പറ്റി .ഇന്നവള് എന്റെ മൂത്ത മോളാ . അവളെയും കൂട്ടി ഇന്നെനിക്കു മൂന്നു മക്കളാ ..

..മുകുന്ദേട്ടാ ..പ്ലീസ് ..

സുമിത്രയുടെ സ്വരം ആർദ്രമായി പരിസരം മറന്ന് അവൾ അയാളെ ഇറുകെ പുണർന്ന് കൊണ്ട് ആ നെഞ്ചിലേക്ക് ചാഞ്ഞു .

“ആരെയൊക്കെ ജീവിതത്തിൽ ചേർത്തു നിർത്തണമെന്ന് ചിലത് ദൈവം തീരുമാനിച്ചിരിക്കണം സുമിത്രേ ”

മുകുന്ദൻ അത് പറഞ്ഞ് മക്കളെയും അവളെയും ചേർത്ത് പിടിച്ച് ഓരോരുത്തർക്കും നെറുകയിൽ ഉമ്മ കൊടുത്തു .തുള്ളിക്കളിക്കുന്ന രണ്ടു കുട്ടികളെ ഓരോ കയ്യിൽ പിടിച്ച് പതിയെ നടന്നു നീങ്ങുന്ന അവരെ നോക്കി അപ്പോഴേക്കും നിർവൃതിയോടെ പടിഞ്ഞാറു സൂര്യൻ അസ്തമിച്ചു കഴിഞ്ഞിരുന്നു …

അവസാനിച്ചു ..

പോക്കർ ഹാജി

Leave a Reply

Your email address will not be published. Required fields are marked *