മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു 47

..പാവം ..കുഞ്ഞ്നല്ല പോലെ പേടിച്ച് പോയി.സാരമില്ല നമുക്ക് ഈ അന്തരീക്ഷത്തിൽ നിന്നും മാറി നിൽക്കാം.മനസ്സിനൊരു സമാധാനം കിട്ടും ..

സുമിത്ര ഒന്നും മിണ്ടിയില്ല..

..ഇങ്ങെഴുന്നേറ്റ് വാ ..

എന്ന് പറഞ്ഞ് മുകുന്ദൻ നടന്നപ്പോൾ അവള്‍ ഒന്നും ഉരിയാടാതെ അനുസരണയുള്ള കുഞ്ഞിനെ പോലെ അയാളോടൊപ്പം നടന്നു.ആശുപത്രിയ്ക്ക് പുറത്തെത്തിയപ്പോൾ മുകുന്ദൻ പറഞ്ഞു .

..നമുക്ക് നേരെ ബീച്ചിലേക്ക് പോകാം അവിടാകുമ്പോ ഐസ്ക്രീമും മറ്റും കഴിക്കാൻ കിട്ടും അതുമതി ..

അവളൊന്നും പറഞ്ഞില്ല മുകുന്ദൻ ഒരോട്ടോ വിളിച്ച് അതിൽ കേറിയപ്പോൾ ചാവി കൊടുത്ത പാവയെ പോലെ പുറകെ അവളും കേറി .ഓട്ടോയിലിരിക്കുമ്പോ മുകുന്ദൻ അവളെ പറ്റിയായിരുന്നു ചിന്തിച്ചത് . സുമിത്ര ഇങ്ങനുള്ള ഒരുവന്‍റെ ഭാര്യയായതില്‍ മുകുന്ദന് ആശ്ചര്യം തോന്നി. സുമിത്ര അവള്‍ക്ക് ഒട്ടും ചേരാത്ത ഒരുത്തനെയാണ് കല്ല്യാണം കഴിച്ചിരിക്കുന്നത് .ഇങ്ങനൊരുത്തനെ കെട്ടണമെങ്കി ചെലപ്പോ അവൾ പാവപ്പെട്ട വീട്ടിലെ പെണ്ണായിരിക്കും .അതായിരിക്കും ആരും അന്വേഷിച്ച് പോലും വരാത്തത് .

ബീച്ചിലെത്തി അധികമാളുകളൊന്നുമില്ല . ചെറിയ മഴക്കോളുള്ളത് കൊണ്ട് വെയിലൊന്നുമില്ല .മുകുന്ദൻ അവളെയും കൊണ്ട് ഒരു ഭാഗത്തിരുന്നു .അപ്പോഴേക്കും കുഞ്ഞുറങ്ങിയിരുന്നു .അവനെ അയാളവൾക്കു തന്നെ തിരിച്ചു കൊടുത്തു .അവൾ കുഞ്ഞിനെ ഉപ്പുകാറ്റടിക്കാതിരിക്കാൻ ഷാള് കൊണ്ട് മൂടിപ്പുതച്ചു .

..സുമിത്രേ.. സുമിത്രയുടെ വീട്ടിൽ നിന്ന് ആരെയെങ്കിലും വിളിച്ച് വരുത്തിക്കൂടേ ..എന്തിനിങ്ങനെ തല്ലു കൊള്ളുന്നു .എത്ര കാലം കൊണ്ട് തല്ലു കൊള്ളുന്നു .ഇതിനൊരു അറുതി വേണ്ടേ .ഒന്നുമില്ലെങ്കി ഡൈവോഴ്സ് ചെയ്‌ത് വീട്ടിൽ പോ .അത്രയെങ്കിലും സമാധാനം കിട്ടുമല്ലോ …

..സുമിത്രേ സത്യം പറഞ്ഞാൽ തന്റെ അവസ്ഥയൊന്നുമല്ല എന്റേത് .തനിക്ക് വീട്ടുകാരും പിന്നെ ദുഷ്ടനാണെങ്കിലും ഒരു ഭർത്താവും കുഞ്ഞു മോനും ഒക്കെ ഉണ്ടല്ലോ .പക്ഷെ എന്റെ കാര്യം അങ്ങനല്ല എന്നെ അന്വേഷിച്ച് വരാനൊന്നും ആരുമില്ല .എന്റെ അച്ഛനും അമ്മയുമൊക്കെ ചെറുപ്പത്തിലേ പോയതാ .പിന്നെ ചെറിയമ്മേടേം ചെറിയച്ഛന്റേം കൂടാ താമസിച്ചത് .അവർക്കു ഞാനൊരു ബുദ്ധിമുട്ടായപ്പോ അന്നിറങ്ങിയതാ. പിന്നെ ഒരു വലിയ സാറാ എന്നെ പഠിപ്പിച്ചതൊക്കെ .പഠിപ്പിക്കാൻ കാശ് ചെലവാക്കിയത് മാത്രമല്ല സുമിത്രേ .. എനിക്കീ ജോലി കിട്ടാനൊക്കെ കാരണം എന്റെ പുറകെ എനിക്ക് കാവലായി അദ്ദേഹം ഉണ്ടായിരുന്നത് കൊണ്ടാണ് . ഞാൻ ദൈവത്തിനു തുല്യമായി കാണുന്ന എന്റെ സാറ് പോലും അറിഞ്ഞിട്ടില്ല ഞാനീ ലീവെടുത്ത് നിക്കുന്നതൊക്കെ .ഇനിയുമധികം എനിക്ക് ഇവിടെ നിൽക്കാൻ കഴിയില്ല ..

മുകുന്ദൻ അവളെ നോക്കി .നിർവികാരതയോടെ കുഞ്ഞിന്റെ മുഖത്തേയ്ക്കു തന്നെ നോക്കിയിരിക്കുന്നെങ്കിലും പറയുന്നതൊക്കെ അവൾ കേൾക്കുന്നുണ്ടെന്നു തോന്നിയ അയാൾ വീണ്ടും തുടർന്നു ..

..എനിക്കെന്റെ ജോലി കൂടി നോക്കണ്ടേ സുമിത്രേ..

..ലീവെടുത്താ ഞാനീ നിക്കുന്നെ ..അതറിയാമല്ലോ അല്ലെ ..

..കഷ്ടപ്പെട്ട് കിട്ടിയ ജോലിയാ അറിയോ .അതെനിക്ക് കളയാൻ പറ്റില്ല ..എനിക്കിപ്പോ തന്നെ ഇങ്ങനെ ഉപദേശിക്കാനല്ലേ പറ്റൂ ..

..ഒന്നോർത്ത് നോക്കിയേ ഞാനിതെന്തിനാ ഇവിടിങ്ങനെ നിന്നു കഷ്ടപ്പെടുന്നെ.. .

..എത്ര ദിവസമെന്നു കരുതിയാ ഞാനീ നിക്കുന്നെ ..

..ഹലോ ..ഹലോ.. എന്തെങ്കിലുമൊന്ന് പറ സുമിത്രേ ..നിന്റെ വീടിന്റെ അഡ്രസ് പറ ഞാൻ നാട്ടിൽ പോകുമ്പോ അന്വേഷിച്ച് അവരോട് വിവരം പറയാം …

..ഡിസ്ച്ചാര്ജും ആയില്ലേ ഇനീപ്പോ എനിക്ക് പോകാമല്ലോ ..എന്റെ ആവശ്യമില്ലല്ലോ ..

..ഹോ മൈരിത് ..എന്തെങ്കിലുമൊന്ന് പറ സുമിത്രേ …ഇത്രേം നേരം ഞാനിവിടെ കെടന്നു ചിലച്ചിട്ടും ഒരക്ഷരം പറയുന്നില്ലല്ലോ ..

..ആ എന്നാ ഒരു കാര്യം ചെയ്യ് അഡ്രെസ്സ് പറയുന്നില്ലെങ്കി എഴുന്നേൽക്ക് .ഞാൻ വിളിച്ചോണ്ട് വന്നതല്ലേ തിരിച്ച് ആശുപത്രിയിൽ കൊണ്ട് വിടാം പിന്നെ എന്താന്ന് വെച്ചാ ആയിക്കോ ..

Leave a Reply

Your email address will not be published. Required fields are marked *