..അല്ലെങ്കി വേണ്ട ആംബുലൻസ് വന്നിട്ട് പോകാം ..അതുവരെ ഞാൻ നിക്കാം ..
എന്നും പറഞ്ഞ് മുകുന്ദൻ അവിടിരുന്നു കസേരയിലിരുന്നു .താൻ പറഞ്ഞത് അവൾ കേട്ടില്ലെന്നു അവളുടെ ദൂരേയ്ക്കുള്ള നോട്ടം കണ്ടപ്പോ മുകുന്ദന് മനസ്സിലായി.അവളുടെ മനസ്സ് വേറേതോ ലോകത്തിലാണെന്നു മുകുന്ദന് തോന്നി . കഴിഞ്ഞ ഒന്ന് രണ്ടു മണിക്കൂറിനുള്ളിൽ നടന്ന കാര്യങ്ങളെ പറ്റി ഓർത്തപ്പോൾ അയാൾക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല .ഈ പെണ്ണിനെ പറ്റി എന്തൊക്കെ മനക്കോട്ട കെട്ടിയാണ് താൻ പോയത് ..എന്നിട്ട് എന്തൊക്കെയാ നടന്നത് അതും ഒരു മിനിറ്റിന്റെ വ്യത്യാസത്തിൽ .കണ്ണിൽ കൊള്ളാതെ പുരികത്ത് കൊണ്ടു എന്ന് പറഞ്ഞ പോലായി .പെട്ടന്ന് അയാളുടെ ചിന്തകളെ ഭേദിച്ച് കൊണ്ട് ആമ്പുലൻസ് എത്തി .
ഡ്രൈവർ സ്‌ട്രെച്ചറിൽ കിടക്കുന്ന അയാളെ വണ്ടിയിലേക്ക് തള്ളിക്കേറ്റി ക്ലിപ്പിട്ട് വെച്ചു .
..ആരൊക്കെ വരുന്നുണ്ട് …?
ഡ്രൈവറുടെ ചോദ്യം കേട്ട് ഭയപ്പെട്ടു നില്‍ക്കുന്ന അവളെ കണ്ട മുകുന്ദന് വിഷമം തോന്നി .അയാളുടെ മനസ്സിൽ എന്തോ ഒരു പ്രയാസം പോലെ തോന്നി .അവളെ അവിടെ തനിച്ചാക്കി പോകുവാന്‍ മുകുന്ദന്‍റെ മനസ്സ് അനുവദിച്ചില്ല. അല്ലെങ്കില്‍ത്തന്നെ താന്‍ എങ്ങിനെ അവളെ വിട്ടു പോകും ജീവിതം അവസാനിപ്പിക്കുവാന്‍ തുനിഞ്ഞ പെണ്ണിനെ രക്ഷിച്ച താന്‍ തന്നെ വീണ്ടും ഈ അവസ്ഥയില്‍ അവളെ വിട്ടു പോകുന്നത് എങ്ങിനെ എന്നായിരുന്നു മുകുന്ദന്‍റെ ചിന്ത.അയാൾ ആമ്പുലൻസ് ഡ്രൈവറെ നോക്കി പറഞ്ഞു
..ഞാനും വരുന്നുണ്ട് ..
മുകുന്ദന്റെ പറച്ചില് കേട്ടു തന്റെ നേരെ തിരിഞ്ഞ അവളുടെ കണ്ണുകളിൽ ആശ്വാസമായിരുന്നോ നന്ദിയായിരുന്നോ എന്ന് മുകുന്ദന് മനസ്സിലായില്ല. അവൾ അയാളെ നോക്കികൊണ്ടിരിക്കെ അവളുടെ കവിളിലൂടെ ധാരധാരയായി കണ്ണുനീർ ഒഴുകിയിറങ്ങി .അത് കണ്ടപ്പോൾ മുകുന്ദന് താനിപ്പോൾ എടുത്ത തീരുമാനം ഏറ്റവും ഉചിതമായിരുന്നു എന്ന് തോന്നി.
..ദേ ചേട്ടാ ഒരു മിനിറ്റ് ..
മുകുന്ദൻ ഓട്ടോറിക്ഷക്കാരന് കൊടുക്കുവാനുള്ള തുക കൊടുത്തതിന് ശേഷം പോകുമ്പോ ഓഫീസിലൊന്നു പറയണമെന്ന് പറഞ്ഞു വിട്ടു. അതിനു ശേഷം ആശുപത്രിയിലെ ഫോണിൽ നിന്നും ഓഫീസിലേക്ക് വിളിച്ച് സാറിനോട് കാര്യം പറഞ്ഞു .
സാറിന്റെ പെർമിഷൻ കിട്ടിയപ്പോ മുകുന്ദൻ ധൈര്യമായി സര്‍ക്കാര്‍ ആശുപത്രിയുടെ അധീനതയിലുള്ള ആംബുലന്‍സില്‍ മെഡിക്കല്‍കോളേജിലേക്ക് അവരുടെ കൂടെ യാത്രയായി.അപ്പോഴേക്കും ചാറി നിന്നിരുന്ന മഴ ആര്‍ത്തിരമ്പി പെയ്യുന്ന തിരക്കിലായിരുന്നു .
അവിടെ എത്തിയിട്ടും മഴയ്ക്ക് യാതൊരു ശമനവും ഉണ്ടായിരുന്നില്ല. മെഡിക്കല്‍കോളേജിലെ അത്യാഹിത വിഭാഗത്തില്‍ അവളുടെ ഭര്‍ത്താവിനെ പ്രവേശിപ്പിച്ചു.സ്കാൻ ചെയ്തു വലിയ കുഴപ്പമില്ല എന്നറിഞ്ഞപ്പോ മുകുന്ദന് സമാധാനമായി .മരുന്നുകള്‍ വാങ്ങുവാനുള്ള കുറിപ്പ് ലഭിച്ചപ്പോള്‍ അത്യാവശ്യമുള്ളവയെല്ലാം മുകുന്ദന്‍ വാങ്ങി കൊടുത്തു സമയം നോക്കിയപ്പോള്‍ രാവിലെ നാല് മണി കഴിഞ്ഞിരിക്കുന്നു നേരം പുലരുവാന്‍ ഇനി രണ്ടുമണിക്കൂര്‍ മാത്രം. അത്യാഹിത വിഭാഗത്തിനു മുന്നില്‍ ഇരുന്നിരുന്ന അവളുടെ അരികില്‍ പോയി കുറച്ച് രൂപ അവളുടെ നേര്‍ക്ക് നീട്ടി കൊണ്ടയാള്‍ പറഞ്ഞു.
..ഇനിയെന്റെ കയ്യിൽ വണ്ടിക്കൂലിക്കുള്ള പൈസയെ ഉള്ളു . എനിയ്ക്ക് തിരിച്ചു പോകണം എന്റെ സൈക്കിളൊക്കെ നിങ്ങടെ വീടിനടുത്ത് ഇരിക്കുവല്ലേ .അതെടുത്ത് ഓഫീസിൽ കൊണ്ടു വെയ്ക്കണം..
അയാൾ പറയുന്നത് കേട്ട് അവളുടെ വിഷമിച്ചുള്ള നോട്ടം കണ്ടു കാര്യം മാനസ്സിലായ മുകുന്ദൻ പറഞ്ഞു
..പേടിക്കേണ്ട ..ലീവെഴുതി കൊടുത്ത് ഞാനൊരു ഉച്ച കഴിയുമ്പോഴേക്ക് തിരികെയെത്താം.. പിന്നെ ചിലവിനു പൈസയും വേണ്ടേ ..
അവളുടെ കണ്ണിലെ പ്രതീക്ഷകൾ അസ്തമിച്ച നോട്ടം കണ്ടപ്പോൾ അയാൾ അവളോട് തുടർന്നു .
..പേടിക്കേണ്ട ഞാൻ ഇത്രേം ഒക്കെ നിന്നില്ലേ അപ്പൊ പാതി വഴിക്കിട്ട് പോകില്ല ഞാൻ വരാം .ആ പൈസയ്ക്ക് കുഞ്ഞിന് വല്ലതും മേടിച്ചു കൊടുക്കണം കേട്ടോ ..
