മുകുന്ദൻ എന്ത് പറയണമെന്നറിയാതെ കുഴഞ്ഞു . അവളെ തനിച്ചാക്കി പോയാല്‍ താനിപ്പോ അവളുടെ എല്ലാം മുതലാക്കിയിട്ട് വീണ്ടും ആ സിംഹത്തിനു മുന്‍പിലേക്ക് മാന്‍പേടയെ തള്ളി വിടുന്ന പോലെ ആവില്ലെ എന്ന് മുകുന്ദന്‍ ചിന്തിച്ചു.മുകുന്ദൻ അല്പനേരത്തെ ആലോചനയിൽ പണ്ടൊരിക്കൽ തന്റെ സുഹൃത്ത് ജയൻ അവന്റമ്മയെ കുറിച്ച് പറഞ്ഞ വാക്കുകളോർത്തു .
..എടാ അവർക്ക് ഇത് മേടിച്ചു കൊടുക്കാൻ ഞാനേ ഉള്ളെടാ ..
അത് പോലെയുള്ള ഒരാവസ്ഥയല്ലേ ഇവിടെ താനും അനുഭവിക്കുന്നത് . ഇന്ന് സുമിത്രയ്ക്കു അവളുടെ വിഷമം കേൾക്കാനും പരിഭവം പറയാനും ഇപ്പം താൻ മാത്രമേ ഉള്ളു എന്നയാൾക്ക് തോന്നി .അല്‍പനേരം അങ്ങനെ തന്നെ നിന്ന് ആലോചിച്ചതിനു ശേഷം മുകുന്ദന്‍ അവളുടെ അടുത്ത് ചെന്ന് തോളിൽ പിടിച്ച് കൊണ്ട് അവളോട് ചോദിച്ചു ?
..സുമിത്രേ …, ഞാൻ ഒരു കാര്യം ചോദിക്കട്ടെ ..?
എന്താണെന്നുള്ള ചോദ്യ രൂപേണ അവൾ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അയാളെ നോക്കി .മുകുന്ദൻ അവളുടെ താടിയിൽ വാത്സല്യത്തോടെ പിടിച്ച് കൊണ്ട് ഒരു ചെറിയ പുഞ്ചിരിയോടെ പറഞ്ഞു
..സുമിത്രേ ..
..മ്മ്..
..അ.അത് പിന്നെ ..
മുകുന്ദൻ പറയാൻ വന്നത് പറയാനാവാതെ കുഴഞ്ഞു.ഒന്ന് രണ്ടു നിമിഷത്തിനു ശേഷം നല്ലൊരു ബ്രീത്ത് എടുത്ത് മുകുന്ദൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു .
..സുമിത്ര പോരുന്നോ എന്റെ കൂടെ.. എന്റെ ഭാര്യയായി …”
ആ ചോദ്യം കേട്ട് അവളാകെ അന്തം വിട്ടു പോയി .വിശ്വസിക്കാൻ പറ്റാത്തത് എന്തോ കേട്ട പോലെ കണ്ണുകൾ വിടർന്നു .പെട്ടന്ന് സങ്കടം സഹിക്കാനാകാതെ അവൾ ആ പൂഴിമണലിൽ മുട്ട് കുത്തിയിരുന്നുപോയി .മുഖം പൊത്തിക്കരയുന്ന അവളെ മുകുന്ദൻ അൽപനേരം കരയാൻ അനുവദിച്ചു . കാരണം താൻ പറഞ്ഞത് അവൾക്കുൾകൊള്ളാനും തീരുമാനമെടുക്കാനും വിഷമം കരഞ്ഞു തീർക്കാനും സമയം വേണം . അൽപനേരം അവളെ നോക്കി നിന്നിട്ട് മുകുന്ദൻ പിടിച്ചെഴുന്നേല്പിച്ചു എന്നിട്ട് അവളെയും കുഞ്ഞിനെയും തന്നോട് ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു
..വിഷമിക്കേണ്ട സുമിത്രേ ഞാൻ കാര്യമായിട്ട് ചോദിച്ചതാ.. എനിക്കൊരാളോട് മാത്രമേ പറയാനുള്ളു എന്റെ സാറിനോട് .. എന്നെ ഒരിക്കലും അദ്ദേഹം വിലക്കില്ല എനിക്കുറപ്പാ..
..സുമിത്രേ..
..സുമിത്രേ..
മുകുന്ദൻ അവളെ തോളിൽ പിടിച്ചുലച്ച് കൊണ്ട് വിളിച്ചു.
..മ്മ്..
..ഞാൻ വളരെ ആലോചിച്ച് എടുത്ത തീരുമാനമാ ഇത് ..പോരുന്നോ എന്റെ കൂടെ ..
..നിന്നെ ഞാന്‍ പാതി വഴിക്ക് കളയില്ല .ഒരിക്കലും സുമിത്രയെ ഇഷ്ടമില്ലാത്തവന്‍റെ കൂടെ പറഞ്ഞയക്കില്ല ഉറപ്പ് .
..കുറച്ചുദിവസം കൂടി ക്ഷമിക്കു.. ഞാന്‍ സ്ഥല മാറ്റത്തിന് ശ്രമിക്കുന്നുണ്ട് നമുക്ക് ഇവിടം വിട്ടു പോകാം അയാളുടെ കണ്ണെത്താ ദൂരത്തേക്ക്…
..നമ്മൾ മാത്രമായി ഒരു ജീവിതം നമ്മുടെ മോനുമായി ഒരു ജീവിതം .ഇവനെ നമുക്ക് നല്ലൊരു സ്‌കൂളിൽ ചേർക്കണം നല്ലവനായി വളർത്തണം ..
..എന്തെങ്കിലും പറ സുമിത്രേ എന്റെ കൂടെ പോരില്ലേ ..നിന്നെ എനിക്കിപ്പോ ഭയങ്കര ഇഷ്ടമാടി പെണ്ണെ ..നിന്നെ ഇനി ആർക്കും വിട്ടു കൊടുക്കില്ല …
..മുകുന്ദേട്ടാ ..ഞാൻ
ബാക്കി പറയാൻ കഴിയാതെ നിറകണ്ണുകളോടെ തന്റെ കണ്ണിലേക്കു നോക്കി നിന്ന അവളുടെ തലയിൽ പിടിച്ച് മുകുന്ദൻ അയാളുടെ നെഞ്ചിലേക്ക് ചായ്ച്ചു . ഈ ലോകത്തിൽ ഇതിലും വലിയൊരു സുരക്ഷിത സ്ഥാനം കിട്ടില്ലെന്ന പോലെ അവളാ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി കരഞ്ഞു..
……. …. …. …. .. … .. . .. .
..ഏട്ടാ ,,ഏട്ടാ ,മുകുന്ദേട്ടാ .ദിതെന്തായിത് ..എന്ത് പറ്റി .കൊറേ നേരമായല്ലോ ഒരേയിരിപ്പ് തന്നെ ഇരിക്കുന്നു ..
കോടമഞ്ഞിനുള്ളിൽ നിന്നും ആരോ പ്രത്യക്ഷപ്പെടുന്ന പോലെ മങ്ങിയ വാക്കുകൾ ചെവിയിലേക്ക് തെളിഞ്ഞുവരുന്നത് പോലെ … മുകുന്ദൻ ഞെട്ടിയുണർന്നു .
..എന്റെ മുകുന്ദേട്ടാ ..എന്തൊരു ഇരുപ്പാ ഇത് .സമയമെത്രയായെന്ന വിചാരം .
മുകുന്ദൻ പരിസമൊക്കെ നോക്കി നേരം സന്ധ്യയോടായിരിക്കുന്നു .വന്നപ്പോഴുള്ള തിരക്കില്ല ഓടിച്ചാടിക്കളിച്ച കുട്ടികളെയൊക്കെ അവരുടെ മാതാപിതാക്കൾ വിളിച്ച് കൊണ്ട് പോയിരിക്കുന്നു.
