മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു 47

..ചെ… എന്തൊക്കെയാ താൻ ഈ പെണ്ണിനെ പറ്റി വിചാരിച്ച് വെച്ചത് ..

….ഇപ്പോൾ താൻ വന്നത് പോലും അവൾ പറഞ്ഞത് പോലുള്ള ഒരുത്തനായല്ലേ ..

..താനും വന്നത് അവളുടെ ശാരീരികമായി മുതലെടുക്കാൻ തന്നെയല്ലേ ..

..പാവം ഒരു നിസ്സഹായ ആയൊരു സ്ത്രീ വേറെന്തു ചെയ്യാനാ . ..

മുകുന്ദന് സ്വയം അവജ്ജ്ഞ തോന്നി .ഒറ്റയ്ക്ക് പടവെട്ടി വന്നവൻ എന്നഹങ്കരിച്ചിട്ട് ഇപ്പോഴിതാ വെറും ഒരു പെണ്ണിന് മുന്നിൽ അപമാനിതനായി നിക്കുന്നു .

..എന്ത് പറയണം എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചുനിന്ന മുകുന്ദന്‍ പൊടുന്നനെ വെളിപാടുണ്ടായത് പോലെ പറഞ്ഞു.

..എടൊ എത്രയും പെട്ടന്ന് അയാളെ ആശുപത്രിയില്‍ കൊണ്ട് പോകേണം..തലയ്ക്കടി കിട്ടിയതല്ലേ ബ്‌ളഡ്ഡ് ക്ലൊട്ടായിട്ടുണ്ടെങ്കി ഇയാള്‍ മരിച്ചുപോകും അല്ലെങ്കില്‍ കോമയിൽ ആകാനും സാധ്യത ഉണ്ട്..

അത് കേട്ട് അവള്‍ ഒന്നും ഉരിയാടാതെ കുഞ്ഞിനെ മാറോടണക്കി പിടിച്ച് കരഞ്ഞു കൊണ്ടേയിരുന്നു.അവളെ കൊണ്ട് ഒന്നും പറ്റില്ലെന്ന് മനസ്സിലായ മുകുന്ദന്‍ അശയിൽ കിടന്ന ഒരു മുണ്ടെടുത്ത് വലിച്ച് കീറി അവളുടെ ഭര്‍ത്താവിന്‍റെ പരിക്ക് പറ്റിയ ഭാഗത്ത് കെട്ടിയതിനു ശേഷം അയാളെ വലിച്ച് ഹാളിലേക്ക് നീക്കി കിടത്തി.എന്നിട്ട് പെട്ടന്ന് തന്നെ തറയില്‍ പുരണ്ട രക്തം വെളളമൊഴിച്ച് വൃത്തിയാക്കിയതിനു ശേഷം അവളോട്‌ പറഞ്ഞു.

..ദേ ഒരു കാര്യം പറയാം.. ഒന്നുമറിയാത്ത ഞാനും കൂടി ഇതിൽ പെട്ട് പോയിരിക്കുവാണ് .ഞാൻ മാത്രമല്ല നിന്റെയീ കുഞ്ഞു പോലും പെട്ട് പോകും .അയാളെ എങ്ങനെയെങ്കിലും ആശുപത്രിയിൽ എത്തിക്കണം അയാൾ ചത്തു പോയാൽ എല്ലാരും പെട്ട് പോകും .ഈ കുഞ്ഞിനെ നിനക്കൊന്നും കാണാൻ പോലും പിന്നെക്കിട്ടില്ല .ഞാനും നീയുമൊക്കെ ജയിലിൽ പോകും ഇനി പറഞ്ഞില്ലെന്നു വേണ്ട ..

അത്രയും ഒറ്റശ്വാസത്തിൽ പറഞ്ഞു കഴിഞ്ഞപ്പോഴേക്കു മുകുന്ദൻ കിതച്ചു പോയി .ചെറുതായി ഏങ്ങലടിച്ചു കരഞ്ഞു കൊണ്ട് അവൾ മുകുന്ദനെ നോക്കി .

..പറഞ്ഞത് കേൾക്ക്.. ഇപ്പം നിലവിൽ ഒരു കുഴപ്പവുമില്ല .ആൾ മരിച്ചിട്ടില്ല ഇങ്ങനെ ചിന്തിച്ചു നിക്കുന്തോറും കാര്യങ്ങൾ കൈവിട്ടു പോകും …

..ഇത് ഞാൻ എനിക്ക് …

..ഒന്നും പറയണ്ട ഇങ്ങോട്ടെഴുന്നേൽക്ക് .ഇതിപ്പോ എനിക്കെങ്കിലും രക്ഷപ്പെടണമല്ലോ .അറിയാതെ ഞാനും വന്നു പെട്ട പോയല്ലോ ..

മുകുന്ദൻ അവളുടെ കയ്യിൽ പിടിച്ച് വലിച്ചു .ഒന്ന് രണ്ടു പ്രാവശ്യം കൂടി വലിച്ചപ്പോൾ അവൾ എഴുന്നേൽക്കാനുള്ള ശ്രമം നടത്തി ഒപ്പം അയാളും സഹായിച്ചു കൊടുത്തു .

..ദേ ഒരു കാര്യം ശ്രദ്ധിച്ചു കേൾക്കണം കേട്ടോ . എന്താ ഉണ്ടായെ എന്ന് ചോദിക്കുന്നവരോട് അങ്ങെരു മദ്യപിച്ചു വരുമ്പോള്‍ ചവിട്ടുപടിയില്‍ തെന്നി വീണ് തല കല്ലില്‍ തട്ടി പരിക്ക് പറ്റിയതാണ് എന്ന് പറഞ്ഞാല്‍ മതി.മറ്റൊന്നും പറയാൻ നിക്കരുത് അവിടെ ചെന്ന് എന്നോട് ഇപ്പം പറഞ്ഞ പോലെ പറഞ്ഞാൽ പിന്നെ കേസാകും കാര്യങ്ങള് വേറെ രീതിയിൽ പോകും ..മനസ്സിലായോ ..

അവൾ ഒന്നും പറയാതെ അയാളുടെ കണ്ണിലേക്ക് നോക്കി നിന്നു .

..പറഞ്ഞത് മനസ്സിലായോ .. ന്ന് .എടി നിന്നോടാ ചോദിച്ചെ മനസ്സിലായോന്നു ..

മുകുന്ദന്റെ സ്വരം മാറിയപ്പോ അവൾ ചെറുതായൊന്നു മൂളി

..മ്മ് ..

..ആ അങ്ങനെ വാ …വേറൊന്നുമല്ല അറിയാതെ വന്ന് പെട്ട എനിക്ക് ഇതീന്ന് രക്ഷപ്പെടണം ..കഷ്ടപ്പെട്ട് നേടിയ ജോലിയാ എന്റേത് .നിന്റെയൊക്കെ പ്രശനത്തിലിടപെട്ട് അത് കളയാൻ എനിക്ക് മനസ്സില്ല …ആ പെട്ടന്നു റെഡിയാവ് ഞാന്‍ പോയി ഇയാളെ ആശുപത്രിയില്‍ കൊണ്ട് പോകുവാന്‍ വല്ല വണ്ടിയും കിട്ടുമോന്ന് നോക്കട്ടെ.ദയവു ചെയ്ത് ഞാൻ പോയി വരുമ്പോഴേക്കും പിന്നേം കേറി തൂങ്ങല്ലേ പെണ്ണെ ..

മുകുന്ദന്‍ പുറത്തിറങ്ങി സൈക്കിളെടുത്ത് ഓഫീസിനടുത്ത് പരിചയമുള്ള ഒരു ഓട്ടോറിക്ഷക്കാരന്‍റെ വീട്ടില്‍ പോയി അയാളെ വിളിച്ചുണര്‍ത്തി പറഞ്ഞു.

..ഒരാള്‍ മറിഞ്ഞ് വീണു ബോധമില്ലാതെ കിടക്കുന്നു .തലയ്ക്കു പരിക്കുണ്ട് വേഗം അയാളെ ആശുപത്രിയില്‍ എത്രയും വേഗം എത്തിക്കേണം..

Leave a Reply

Your email address will not be published. Required fields are marked *