യാത്ര പറഞ്ഞു പോരുമ്പോഴും നിന്നിടത്ത് തന്നെ അവൾ തന്നെ നോക്കുകയായിരിക്കും എന്നറിയാവുന്നത് കൊണ്ടു തന്നെ അയാൾ തിരിഞ്ഞു നോക്കിയില്ല .
ഉച്ച കഴിഞ്ഞു വരാം എന്ന് പറഞ്ഞെങ്കിലും മുകുന്ദൻ തിരിച്ചു വന്നപ്പോൾ രാത്രി ആയിരുന്നു .അത്യാഹിതത്തിൽ അന്വേഷിച്ചപ്പോൾ വാർഡിലേക്ക് മാറ്റിയെന്ന് പറഞ്ഞത് കൊണ്ട് മുകുന്ദൻ വാർഡിലേക്ക് ചെന്നു .അവിടെ ചുമരും ചാരി എല്ലാം തകർന്നവളെ പോലെ അയാളുടെ കട്ടിലിൽ അവളിരിക്കുന്നത് കണ്ടു .കുഞ്ഞുണർന്ന് അവളുടെ മടിയിലിരുന്ന് കളിക്കുന്നുണ്ട് .അവളെ കണ്ടാലറിയാം അവളീ ലോകത്തോന്നുമല്ല .
..ഹലോ ..
മുകുന്ദൻ അടുത്ത് ചെന്നു വിളിച്ചു .അവൾ തിരിഞ്ഞു നോക്കിയപ്പോൾ മുന്നിൽ നിൽക്കുന്ന മുകുന്ദനെ കണ്ടു വിശ്വസിക്കാനാവാതെ കണ്ണ് മിഴിച്ചു എഴുന്നേറ്റ് നിന്ന് പോയി .അവളുടെ കണ്ണിലെ തിളക്കം കണ്ടാലറിയാം അവൾ പ്രതീക്ഷകളോടെ തന്നെ കാത്തിരുന്നതാണെന്നു .ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് കരുതിയ എന്തോ ഒന്ന് തിരിച്ചു കിട്ടിയ പ്രതീതി ആയിരുന്നു അവളുടെ കണ്ണിൽ .അവളറിയാതെ പുഞ്ചിരിച്ചു പോയി .മുകുന്ദൻ ആദ്യമായാണ് അവള് ചിരിക്കുന്നത് കാണുന്നത് .ചിരിച്ചപ്പോൾ മനോഹരമായി നുണക്കുഴികൾ വിരിഞ്ഞ കവിളുകളിൽ കണ്ണുനീർ ഒലിച്ചിറങ്ങിയത് ഉണങ്ങിപ്പിടിച്ചിരിക്കുന്നതു കണ്ടു .എന്നാലും അവളുടെ ഉള്ളിലെ സന്തോഷമാണ് ആ ചിരിയിലൂടെ പുറത്ത് വന്നത് എന്ന് മുകുന്ദന് തോന്നി .
..ആം..
അവൾ ഒരു മാൻ പേടയെ പോലെ അവനരികിലേക്ക് അല്പം നീങ്ങി നിന്നു .
..എന്താടോ ..ഞാൻ വരില്ലെന്ന് കരുതിയാരുന്നോ ..
..മ്മ് ..
അവളുടെ മുഖം കുനിഞ്ഞു ..കണ്ണുകൾ പെട്ടന്ന് നിശബ്ദമായി നിറഞ്ഞൊഴുകി .
..ആ പോട്ടെ ഇനി എന്തിനാ കരയുന്നെ .ഞാൻ മൂന്നു ദിവസത്തേയ്ക്ക് ലീവെഴുതി കൊടുത്തു .ഓവർസീയറ് ഒരു പാവമാ .അതോണ്ട് പെട്ടന്ന് ലീവും തന്നു ..
മുകുന്ദൻ ചിരിച്ചു കൊണ്ടത് പറയുമ്പോ അവളുടെ ചുണ്ടിലും ആശ്വാസത്തിന്റെയും ഒരു സുരക്ഷിത ബോധത്തിന്റെയും പുഞ്ചിരി ഉണ്ടായിരുന്നു .
അവളുടെ മുഷിഞ്ഞ ഡ്രസ്സ് കണ്ട മുകുന്ദൻ അവളെ കൂട്ടി കൊണ്ട് പോയി തുണിക്കടയിൽ കേറി ആവശ്യത്തിനുള്ള ഡ്രസ്സ് മേടിച്ചു ഭക്ഷണവും മേടിച്ചു കൊടുത്തു .തിരിച്ചു വാർഡിലെത്തി ഡ്രസ്സ് മാറാമെന്നു കരുതിയപ്പോഴാണ് സ്ത്രീകളെ രാത്രി ആണുങ്ങളുടെ വാർഡിൽ കിടത്തില്ല എന്ന് അറിയുന്നത് .ഇനി എന്ത് ചെയ്യുമെന്ന് കരുതി അവളാകെ വിഷമിച്ചു നിന്നപ്പോൾ മുകുന്ദൻ ചെന്നുചോദിച്ചു .
..എന്താ എന്ത് പറ്റി. .
..ആഹ് അത് പിന്നെ ആണുങ്ങളുടെ വാർഡായതു കൊണ്ട് സ്ത്രീകളെ ഒമ്പത് മണിക്ക് ശേഷം നിറുത്തത്തില്ലെന്നു ..
.. അപ്പൊ എന്ത് ചെയ്യും .
..അറിയില്ല ..
കുറച്ചാലോചിച്ചിട്ട് മുകുന്ദൻ പറഞ്ഞു
..എന്നെ പേടിയില്ലെങ്കി വാ.. നമുക്ക് അടുത്ത് തന്നെ ഒരു റൂമെടുക്കാം .താൻ അവിടെ കിടന്നാൽ മതി .ഞാൻ വേണമെങ്കി ഇവിടെ വന്നു നിക്കാം ..
എന്ത് ചെയ്യണമെന്നറിയാതെ നിന്ന പാതി അടഞ്ഞ അവളുടെ മിഴികള്‍ മുകുന്ദൻ പറഞ്ഞത് കേട്ട് മുഴുവനായും തുറന്നു. ആശ്ചര്യത്തോടെ അവള്‍ നോക്കി. അവൾ മറുപടി ഒന്നും പറയാത്തത് കൊണ്ട് മുകുന്ദൻ പറഞ്ഞു .
..എന്നാ കുഞ്ഞിനേം എടുത്തോണ്ട് വാ റൂമെടുക്കാം .കുളിക്കാനും മറ്റും വേറെങ്ങും പോകണ്ടല്ലോ ..
മുകുന്ദൻ പറഞ്ഞ് കൊണ്ട് നടന്നപ്പോൾ അവള്‍ ഒന്നും ഉരിയാടാതെ അനുസരണയോടെ അവളും പുറകെ നടന്നു .
ആശുപത്രിക്കടുത്ത് തന്നെ ഒരു ലോഡ്ജില്‍ മുറി വാടകയ്ക്കെടുത്ത ശേഷം അവളെയും കുഞ്ഞിനെയും അവിടെയാക്കി .
..വാതിലടച്ചോ രാവിലെ കാണാം ..
എന്ന് പറഞ്ഞ് തിരിച്ചിറങ്ങാൻ നേരം ഒറ്റയ്ക്കൊരു ലോഡ്ജിൽ താമസിക്കാനുള്ള അവളുടെ പേടിയും വെപ്രാളവും കണ്ടപ്പോ മുകുന്ദൻ ഉടനെ തന്നെ തിരികെ ചെന്നു .
..പേടിക്കേണ്ട ഞാൻ വേറെങ്ങും പോകുന്നില്ല ..ഞാൻ താഴെ കാണും .എന്തെങ്കിലും ആവശ്യമാണെങ്കി വിളിച്ചാൽ മതി …
..മ്മ്..
കാവലിനാളുണ്ടെന്നും രാത്രി ആരെയും പേടിക്കാതെ കിടക്കാമെന്നുമുള്ള ഒരു ആശ്വാസം അവളുടെ മുഖത്ത് മുകുന്ദൻ കണ്ടു .താൻ കാരണം ഒരു സ്ത്രീയ്ക്ക് സുരക്ഷാ തോന്നിയതിൽ അയാൾക്ക് അഭിമാനവും തോന്നി .
