❤️❤️❤️കുടമുല്ല – 1 ❤️❤️❤️ 2

“ഞാൻ അങ്ങോട്ടു വിളിച്ചാലും എപ്പോഴും തിരക്കാണ് എന്നു പറഞ്ഞു വെക്കും, എന്നാൽ എന്നെ ഒട്ടു വിളിക്കത്തും ഇല്ല….വിനു ഏട്ടൻ എന്നെ ഒഴിവാക്കുകയാണോ എന്നൊരു തോന്നൽ,….”

എന്റെ തോളിൽ കിടന്നവൾ പറഞ്ഞു,..

“ഏയ്…അവനു തിരക്കായിട്ടാവും,… ഇങ്ങോട്ടു വരാനും, പിന്നെ നിന്നെ കൊണ്ടോവാനും ഒത്തിരി കാര്യങ്ങൾ ചെയ്യാനുണ്ടാവുമല്ലോ, അതിന്റെ തിരക്കിൽ ആവും…അതിനു ഇങ്ങനെ വിഷമിക്കാതെ ചാരു….”

“എനിക്ക് വിഷമൊന്നുമില്ല….”

കവിള് വീർപ്പിച്ചു പഴേ കുറുമ്പ് വീണ്ടെടുത്തു അവള് പറഞ്ഞു,…

“എന്നിട്ടാണ് മുഖവും കേറ്റിപ്പിടിച്ചു ഇത്ര നേരം ഇരുന്നത്,…”

“പോടാ ഏട്ടാ….”

പറഞ്ഞു തീർന്നതും കിട്ടി എന്റെ തോളിൽ അവളുടെ കടി,…ഇതു കഴിഞ്ഞ ജന്മം വല്ല പട്ടിയും ആയിരുന്നോ എന്തോ,…

“വിനു ഏട്ടൻ വന്നാൽ ഞാൻ പോവേണ്ടി വരുവോ….”

എന്തോ ആലോചിച്ചിരുന്നു അവൾ ചോദിച്ചു,

“പിന്നെ പോവണ്ടേ….ഇവിടെ എങ്ങനെയാ നിൽക്കാ…”

“അപ്പൊ ഏട്ടനും വരുവോ….ഞങ്ങളുടെ കൂടെ….”

“ഞാൻ എന്തിനാ ചാരു വരുന്നേ കട്ടുറുമ്പായിട്ട്….നിങ്ങൾ രണ്ടുപേരും മതി അതാ ഭംഗി…”

എന്റെ കയ്യിലെ അവളുടെ പിടി മുറുകുന്നത് ഞാൻ അറിഞ്ഞു, പിന്നെ അവളൊന്നും ചോദിച്ചില്ല മൗനം മാത്രം,… അവൾ എന്നെ എങ്ങനെയാണ് കാണുന്നത് എന്നു എനിക്കറിയില്ല…പക്ഷെ അവന്റെ കൂടെ അവളെ കാണാൻ എനിക്ക് കഴിയില്ലായിരുന്നു, അതിനു ഏറ്റവും നല്ലത് അവളെ എന്നിൽ നിന്നും അകറ്റുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി, ഇവളെ മറക്കാൻ കഴിയുമോ എന്നു എനിക്ക് അറിയില്ല പക്ഷെ മറന്നേ പറ്റൂ എന്നറിയാം… രാത്രി വൈകിയാണ് ഞങ്ങൾ തിരികെ എത്തിയത്, പിടി തരാത്ത ഒരു മൗനം എപ്പോഴോ ഞങ്ങളെ മൂടിയിരുന്നു, അന്ന് രാത്രി അവളോ ഞാനോ ഒന്നും സംസാരിച്ചില്ല,… പിന്നീടുള്ള നാളുകളിലും അതു തുടർന്നു ഉള്ളിൽ വല്ലാത്ത നോവുണ്ടായിരുന്നെങ്കിലും, അവളെ പിരിയുമ്പോൾ ഉള്ള വേദന കുറയ്ക്കാൻ ഈയൊരു അകൽച്ച ഇപ്പോൾ അത്യവശ്യമാണ് എന്നു തോന്നി,
രാത്രികളിൽ ഞാൻ വീണ്ടും ചിറയിൽ ആയി, ആദ്യമൊക്കെ അവൾ ചോദിച്ചെങ്കിലും പിന്നീട് അവൾ അതും ചോദിക്കാതെ ആയി, നുണയനോടും അർജ്ജു്നോടും രാഹുലിനോടും പിണങ്ങിപോയി തിരിച്ചു വന്ന മനീഷിനോടും ഒക്കെ പറഞ്ഞപ്പോൾ അവർക്കും മനസ്സിലായി,… രാത്രികളിൽ ചിറയിൽ അവളെ മറക്കാനായി ലഹരി തൊണ്ടക്കുഴിയിലൂടെ ഇറങ്ങി, അവളോടൊപ്പം ഒരു മുറിയിൽ ഇനിയും പേടിച്ചു കഴിയുന്നതിലുള്ള വീർപ്പുമുട്ടൽ ഒഴിവാക്കാൻ ചിറയിൽ ഞാൻ രാത്രികൾ കഴിച്ചു കൂട്ടി തുടങ്ങി,

ഇടയ്ക്ക് എന്നെ കാണുമ്പോൾ കണ്ണും നിറച്ചു നിൽക്കുന്ന അവളെ കാണുമ്പോൾ എന്റെ ഉള്ളും പിടയുന്നുണ്ടായിരുന്നു, അവൾക്കും കാര്യം മനസ്സിലായിരിക്കണം,….

***********************************

വീണ്ടും ഒരു മാസം കൂടി കൊഴിഞ്ഞു, ചാരു വീട്ടിൽ വന്നിട്ടു ഇപ്പോൾ എട്ടു മാസം കഴിഞ്ഞു,… ചാരുവുമായി ഞാൻ തീർത്ത അകലം ഇപ്പോൾ ഒരു മതിലായി ഞങ്ങൾക്കിടയിൽ ഉയർന്നു,… ചിറയിലെ ഒരു രാത്രി കഴിഞ്ഞു ഉറക്കം എഴുന്നേറ്റ ഞാൻ കണികണ്ടത് നുണയനെ ആയിരുന്നു,

“നീ ഇന്നലെ രാത്രി വീട്ടിൽ പോയതല്ലേ…രാവിലെ ഇങ്ങു വീണ്ടും പോന്നോ…”

കണ്ണും തിരുമ്മി ഞാൻ എഴുന്നേറ്റു, അടുത്തു വെച്ചിരുന്ന കുപ്പിയിൽ നിന്നും മൂട്ടിൽ കിടന്നിരുന്ന വെള്ളം എടുത്തു വായ് കഴുകി, പിന്നെ കുറച്ചുകൂടെ വെള്ളം എടുത്തു മുഖം കഴുകി,

“നീ പോയി റെഡി ആയിക്കോ ഞാൻ എത്തിക്കോളാം,…”

അവനോടു പറഞ്ഞു ഞാൻ ചിറയിലെ മാടത്തിലേക്ക് നടന്നു, അവന്റെ കൈ പെട്ടെന്ന് എന്റെ കൈക്ക് മേൽ വീണു,

“ഡാ,…നീ വാ…നമുക്ക് നിന്റെ വീട്ടിൽ എത്തണം….”

അവന്റെ മുഖം ആകെ കുറുകി ഇരുന്നു,…

“എന്താടാ എന്താ പ്രശ്നം…”

അവന്റെ മുഖത്തു നിന്നും എന്തോ പന്തികേട് എനിക്ക് ഊഹിക്കമായിരുന്നു,

“നീ വാ…ഞാൻ പറയാം….”

എന്റെ കയ്യും വലിച്ചു നടന്നതല്ലാതെ അവൻ മറ്റൊന്നും പറഞ്ഞില്ല.

അവന്റെ പിറകിൽ ബൈക്കിൽ ഇരുന്നു പോകുമ്പോഴും അവൻ ഒന്നും പറഞ്ഞില്ല, വീട്ടിലെ വഴി തിരിഞ്ഞു മുറ്റത്തേക്ക് കടന്നപ്പോൾ വീടിനു മുന്നിൽ ഒരു കൂട്ടം ഞാൻ കണ്ടു, ഉള്ളിൽ അകാരണമായ ഒരു ഭയം ഉടലെടുത്തു, പെട്ടെന്ന് ബൈക്കിൽ നിന്നും ചാടി ഇറങ്ങിയ ഞാൻ ആളുകളെയും മാറ്റി അകത്തേക്ക് കയറുമ്പോൾ കസേരയിൽ ചാഞ്ഞു നെറ്റിയിൽ പുറംകൈ വെച്ചുകൊണ്ട് അച്ഛൻ ഇരിപ്പുണ്ട്, അകത്തു കയറിയപ്പോൾ, ഭിത്തിയിൽ ചാരി കണ്ണീർ തുടച്ചു അമ്മയും, ഹാവൂ ആശ്വാസമായി…
കൂടെ നിക്കുന്ന അയലത്തുള്ളവർ അമ്മയെ എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിക്കുന്നുണ്ട്, അവിടെ നിക്കുന്നവർ പരസ്പരം എന്തൊക്കെയോ പിറുപിറുക്കുന്നു, കാര്യം അറിയാതെ എനിക്ക് ആകെ വട്ടു പിടിക്കുന്നുണ്ടായിരുന്നു, ചാരുവിനോട് ചോദിക്കാനായി മുകളിലേക്ക് കയറാൻ നേരത്തായിരുന്നു എന്റെ തോളിൽ ഒരാളുടെ കൈ വീണത്,

Leave a Reply

Your email address will not be published. Required fields are marked *