അത് കേട്ട നിമിഷം അവളുടെ മുഖം മാറി.
“അങ്ങനെയാണോ അമീ നീ വിചാരിച്ചത്…?”
അവളുടെ ശബ്ദം ചെറുതായി വിങ്ങി.
ഞാൻ ചിരിക്കാൻ ശ്രമിച്ചു.
“അല്ല… പക്ഷേ…
നീ കരയുന്നത് കാണുമ്പോൾ പേടിയാകുന്നു ശ്രീ.എന്നെ തിരഞ്ഞെടുക്കിയത് നിനക്ക് വേദനയാകരുത്…”
അവൾ ഉടനെ എന്റെ കൈ ശക്തമായി പിടിച്ചു.
“വീട്ടിൽ വെച്ച് ഞാൻ അങ്ങനെ ആയത് കൊണ്ടാണോ…?”
ഞാൻ മറുപടി പറഞ്ഞില്ല.
അവൾ കസേരയിൽ നിന്ന് അല്പം എന്റെ അടുത്തേക്ക് നീങ്ങി.
“അമീ…അവിടെ എന്റെ ഭൂതകാലം ഉണ്ടായിരുന്നു.എന്റെ അമ്മ… എന്റെ മോള് … എന്റെ പഴയ ജീവിതം…”
അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.
“അതൊക്കെ ഓർത്തപ്പോൾ ഞാൻ തകർന്നുപോയി.പക്ഷേ അതുകൊണ്ട് നിന്നോട് ഒപ്പമുള്ള ജീവിതം തിരഞ്ഞെടുത്തത്തിൽ ഒരു നിമിഷം പോലും തെറ്റ് പറ്റിയെന്നു എനിക്ക് തോന്നിയിട്ടില്ല…”
ഞാൻ അവളെ തന്നെ നോക്കി നിന്നു.
അവൾ മെല്ലെ തുടർന്നു.
“അവിടെ വെച്ച് ഒരു നിമിഷം എന്റെ മനസ്സ് കൈ വിട്ട് പോയതാ..,ഞാൻ എടുത്ത തീരുമാനം തെറ്റായിരുന്നു എന്ന് എനിക്ക് തോന്നിയിരുന്നു എങ്കിൽ
ഇപ്പോ ഞാൻ നിന്റെ കൂടെ ഇരിക്കുമായിരുന്നില്ല അമീ…”
ആ വാക്കുകൾ കേട്ടപ്പോൾ എന്റെ നെഞ്ച് ഒന്ന് വിങ്ങി.
“ഞാൻ എല്ലാം ആലോചിച്ചിട്ടാണ് ഈ തീരുമാനമെടുത്തത്.”
അവൾ എന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു.
“നീ എന്നെ സ്നേഹിക്കുന്ന രീതി…
എന്നെ നോക്കുന്ന രീതി…ഞാൻ കരയുമ്പോൾ കൂടെ കരയുന്നത്…
ഞാൻ തളരുമ്പോൾ ചേർത്ത് പിടിക്കുന്നത്…”
അവൾ ചെറുതായി ചിരിച്ചു.
“ഇതൊക്കെ ഞാൻ എങ്ങിനെ കണ്ടില്ലെന്ന് നടിക്കും.…”
ഞാൻ അവളുടെ കൈയിൽ ചുംബിച്ചു.
അവൾ വിറയുന്ന ശ്വാസത്തോടെ തുടർന്നു.
“എനിക്ക് ഇപ്പോ എന്റെ ജീവൻ പോലെ വില ഉള്ളത് എന്റെ അമീയാണ്…”
ആ വാക്കുകൾ കേട്ട നിമിഷം എന്റെ കണ്ണുകളും നിറഞ്ഞു.
“ശ്രീ…”
ഞാൻ അവളെ വിളിച്ചതും അവൾ മെല്ലെ ചിരിച്ചു.
“സത്യം…”
അവൾ കുഞ്ഞിനെപ്പോലെ തലകുനിച്ചു.
“ഇനി എനിക്ക് കരയാൻ തോന്നിയാലും…എനിക്ക് മുഖം അമർത്താൻ നിന്റെ നെഞ്ച് എനിക്കുണ്ട്. “
എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.
ഞാൻ എഴുന്നേറ്റ് അവളുടെ അരികിലേക്ക് ചെന്നു.
അവൾ കസേരയിൽ ഇരുന്നപടി തന്നെ എന്റെ വയറിലൂടെ കൈ ചുറ്റി മുഖം ചേർത്തു.ഞാൻ അവളുടെ മുടിയിൽ തലോടി.
#—————-#
അവളുടെ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ ശ്രീജ ഒന്ന് ഒതുങ്ങിയിരുന്നു.
കാറിന്റെ വിൻഡോ വഴി പുറത്തേക്ക് പോകുന്ന വഴികളും വെളിച്ചങ്ങളും നോക്കിനിന്ന ശേഷം അവൾ പതുക്കെ എന്റെ തോളിലേക്ക് മുഖം ചേർത്ത് കിടന്നു.
ആ ശ്വാസത്തിന്റെ ചൂട് എന്റെ കഴുത്തിൽ തട്ടുന്നുണ്ടായിരുന്നു.
ക്ഷീണവും സങ്കടവും ഒത്തുചേർന്നതുകൊണ്ടാവണം… കുറച്ച് കഴിഞ്ഞപ്പോൾ അവൾ മെല്ലെ മയങ്ങി.
ഞാൻ ഒരു കൈ കൊണ്ട് സ്റ്റിയറിംഗ് പിടിച്ചും മറ്റേ കൈ കൊണ്ട് അവളെ എന്നിലേക്ക് ചേർത്ത് പിടിച്ചും യാത്ര തുടർന്നു.
ഇടയ്ക്കിടെ അവളുടെ നെറുകയിൽ ഞാൻ സ്നേഹത്തോടെ ചുംബിച്ചു. ഓരോ തവണ ചുംബിക്കുമ്പോഴും മനസ്സിൽ ഒരേയൊരു തോന്നൽ മാത്രം
“ഇനി ഈ പെണ്ണ് എന്റെ ജീവിതമാണ്…”
രാത്രി ആവാറായപ്പോഴാണ് ഞങ്ങൾ വീട്ടിലെത്തിയത്.
വലിയ ഇരുമ്പ് ഗേറ്റ് മെല്ലെ തുറന്നു.കാർ അകത്തേക്ക് കയറിയപ്പോൾ ശ്രീജ പതുക്കെ നേരെ ഇരുന്ന് പുറത്തേക്ക് നോക്കി.
പുഴയോട് ചേർന്ന് ഒന്നര ഏക്കറോളം പരന്ന സ്ഥലത്തിന്റെ നടുവിൽ ആ വീട് തലയെടുപ്പോടെ നിൽക്കുകയായിരുന്നു.
രണ്ടുനില കെട്ടിടം.മങ്ങലേറ്റ ലൈറ്റുകളുടെ വെളിച്ചത്തിൽ വെള്ള നിറമുള്ള ചുമരുകൾക്ക് ഒരു രാജകീയ ഭംഗിയുണ്ടായിരുന്നു.
മുന്നിൽ വിശാലമായ മുറ്റം.കാർ കയറുന്ന വഴി കട്ട വിരിച്ചതാണ്.ബാക്കിയുള്ള സ്ഥലങ്ങളിൽ പച്ചപുല്ല് നട്ടുപിടിപ്പിച്ചിട്ടുണ്ട്.വഴിയുടെ
രണ്ടുവശവും നിരയായി നട്ട തെങ്ങുകളും അശോകമരങ്ങളും.
ചുറ്റും മല്ലിപ്പൂവും രാത്രിരാണിയും പൂത്തുനിന്നു.കാറ്റ് വീശുമ്പോൾ അവരുടെ മണവാസന മുഴുവൻ പരന്നിരുന്നു.
അൽപം മാറി നീല വെളിച്ചത്തിൽ തിളങ്ങുന്ന സ്വിമ്മിംഗ് പൂൾ.
അതിന് പിന്നിലൂടെ ഒഴുകുന്ന ശാന്തമായ പുഴ.
