അവർ പതിയെ ചോദിച്ചു.
“അമീ… നിനക്ക് അറിയാമല്ലോ ഞാൻ നിന്നെക്കാൾ വയസ്സിന് മൂത്തതാണ്…”
“അറിയാം.”
“ഞാൻ ഒരു വിധവയാണ്.”
“അതും അറിയാം.”
“എന്നിട്ടും…?”
ഞാൻ ഒന്ന് ചിരിച്ചു.
കണ്ണ് നിറഞ്ഞ ചിരി.
“എനിക്ക് ശ്രീജ ടീച്ചറെ മറക്കാൻ പറ്റുന്നില്ല. ടീച്ചറോടുള്ള എന്റെ സ്നേഹത്തിനു മുന്നിൽ ടീച്ചർക്ക് തോന്നിയ ഈ കുറവുകൾ ഒക്കെ നിരത്തിയാലും കാര്യമില്ല.”
അത് കേട്ടപ്പോൾ അവരുടെ കണ്ണിൽ നിന്ന് കണ്ണുനീർ വീണു.ഞാൻ പതുക്കെ പറഞ്ഞു.
“ഇപ്പോൾ ടീച്ചർക്ക് ആരുമില്ല…എനിക്കും ഇല്ല…അതുകൊണ്ട് ചോദിച്ചതാ…വന്നൂടെ എന്റെ ജീവിതത്തിലേക്ക്…എന്റെ ഭാര്യയായി…”
അത് പറയുമ്പോൾ എന്റെ ശബ്ദം അവസാനം എത്തിയപ്പോൾ ചെറുതായി വിറച്ചിരുന്നു.
കാരണം ആദ്യമായി ഞാൻ ഒരാളോട് എന്നെ മുഴുവൻ തുറന്ന് കൊടുക്കുകയായിരുന്നു.
അവർ കുറച്ച് നേരം എന്നെ നോക്കി ഇരുന്നു.ആ കണ്ണിൽ അത്ഭുതവും സങ്കടവും വാത്സല്യവും എല്ലാം ഉണ്ടായിരുന്നു.
പക്ഷേ മറുപടി ഇല്ല.
പെട്ടെന്ന് അവർ മുഖം തിരിച്ചു.
“എനിക്ക്… ഇപ്പോൾ ഒന്നും പറയാൻ പറ്റുന്നില്ല അമീ…”
അത് പറഞ്ഞപ്പോൾ ശബ്ദം ഇടറിയിരുന്നു.
ഞാൻ തല ആട്ടി.
“പിന്നെ പറഞ്ഞാൽ മതി..,ഞാൻ കാത്തിരുന്നോളാം,ഇത്ര വർഷം കാത്തിരുന്ന ആളല്ലേ…
കുറച്ച് കൂടി കാത്തിരിക്കാം.”
അവർ വീണ്ടും എന്നെ നോക്കി.
അത് പറയുമ്പോൾ എന്റെ കണ്ണും നിറഞ്ഞിരുന്നു.അവരുടെ കണ്ണ് വീണ്ടും നിറഞ്ഞു.പിന്നെ പതുക്കെ ഡോർ തുറന്ന് ഇറങ്ങി.
അവർ വീട്ടിലേക്ക് നടക്കാൻ തുടങ്ങിയ നിമിഷം തന്നെ മഴ ശക്തമായി പെയ്യാൻ തുടങ്ങി.
മഴത്തുള്ളികൾ അവരുടെ സാരിയിലേക്ക് വീണ് ഒട്ടിപ്പിടിക്കുന്നു.ഒരു നിമിഷം അവർ തിരിഞ്ഞു നോക്കി.
ഞങ്ങളുടെ കണ്ണുകൾ വീണ്ടും തമ്മിൽ കൂട്ടി.ആ കണ്ണുകളിൽ മറുപടി ഇല്ലായിരുന്നു…പക്ഷേ വെറുപ്പും ഇല്ലായിരുന്നു.അത് മാത്രം മതി ആയിരുന്നു എനിക്ക്.
ഞാൻ സ്റ്റീറിങ്ങിൽ തല ചായ്ച്ച് കുറച്ച് നേരം കണ്ണടച്ച് ഇരുന്നു.പിന്നെ കണ്ണ് തുടച്ചു കാർ മുന്നോട്ടെടുത്തു.
#————-#
ഒരാഴ്ച കഴിഞ്ഞിട്ടും ശ്രീജ ടീച്ചർ എന്നെ വിളിച്ചില്ല.
ടീച്ചറെ വീട്ടിലാക്കി തിരിച്ചു ഇറങ്ങിയ ആ രാത്രിക്ക് ശേഷം ഓരോ ദിവസവും ഞാൻ ഫോൺ എടുത്ത് നോക്കും.
അവരുടെ പേര് സ്ക്രീനിൽ തെളിയുമോ എന്ന്.
ഒരു സന്ദേശം പോലും ഇല്ല.
എന്റെ കൈയിൽ അവരുടെ നമ്പർ ഉണ്ടായിരുന്നിട്ടും ഞാനും വിളിച്ചില്ല. കാരണം…എന്തോ ഒരു പേടി ഉണ്ടായിരുന്നു.
ഞാൻ പറഞ്ഞത് കേട്ട് അവർ അകന്നതാണോ…?
അല്ലെങ്കിൽ എന്നെക്കുറിച്ച് ആലോചിക്കുകയാണോ…?
രാത്രികളിൽ ഉറക്കം വരാതെ ഞാൻ കിടക്കും.ട്രെയിനിൽ എന്റെ മുന്നിൽ ഇരുന്ന ശ്രീജയെ വീണ്ടും വീണ്ടും ഓർക്കും.
ഇളം നീല സാരി…
മുടിയിഴകൾ…
ആ ബ്രൗൺ നിറമുള്ള ചുണ്ട്…
എന്നെ “ചെക്കാ” എന്ന് വിളിച്ച ശബ്ദം…
എല്ലാം മനസ്സിൽ വീണ്ടും വീണ്ടും വരും.
അപ്പോഴെല്ലാം മനസ്സിൽ മറ്റൊരു വേറെ നിറയും അവർ ഒരിക്കലും നിന്റെ സ്വന്തം ആവില്ലെന്ന് മനസ്സ് പറയുമ്പോൾ ഉണ്ടാകുന്ന വേദന.
പക്ഷേ വെള്ളിയാഴ്ച വൈകുന്നേരം…എന്റെ ഫോൺ സ്ക്രീനിൽ അവരുടെ പേര് തെളിഞ്ഞു.
“ശ്രീജ ടീച്ചർ…”
ആ പേര് കണ്ട നിമിഷം എന്റെ നെഞ്ചിനുള്ളിൽ ഹൃദയം ശക്തിയായി ഇടിച്ചു.കൈ പോലും ചെറുതായി വിറച്ചു.
ഞാൻ പെട്ടെന്ന് കോൾ എടുത്തു.
“ഹലോ…”
അപ്പുറത്ത് കുറച്ച് നേരം നിശബ്ദത.
ശ്വാസം മാത്രം കേൾക്കാം.പിന്നെ വളരെ പതുക്കെ…
“ഞാൻ ശ്രീജയാണ്…”
ആ ശബ്ദം കേട്ട നിമിഷം അറിയാതെ എന്റെ ചുണ്ടിൽ ചിരി വന്നു.
“മനസിലായി…”
വീണ്ടും നീണ്ട നിശബ്ദത.
രണ്ടുപേരും എന്തോ പറയാൻ ശ്രമിക്കുന്ന പോലെ…പക്ഷേ വാക്കുകൾ കിട്ടാതെ.അവസാനം അവർ തന്നെ സംസാരിച്ചു.
“നാളെ രാവിലെ ഞാൻ പാലക്കാട് പോകുന്നുണ്ട്…”
പറയുമ്പോൾ അവരുടെ ശബ്ദത്തിൽ ചെറിയൊരു വിറയൽ ഉണ്ടായിരുന്നു.
“എന്റെ ഒപ്പം വരവോ…?
എനിക്കൊന്നു സംസാരിക്കാൻ ഉണ്ട്…”
ഞാൻ ഒന്നും ആലോചിച്ചില്ല.
“ഞാൻ വരാം.”
അത് കേട്ടപ്പോൾ അപ്പുറത്ത് ചെറിയൊരു ശ്വാസം വിട്ട ശബ്ദം കേട്ടു.
എന്തോ വലിയൊരു ഭാരം ഇറങ്ങിയ പോലെ.
