മേശയുടെ അടിയില്‍ എന്തിനാണ് കംബളം വിരിച്ചിരിക്കുന്നത്?
മേശയ്ക്ക് വിരിയിടാം.
ഈ മേശയ്ക്ക് വിരിയില്ല.
പകരം അത് ഒരു കംബളത്തിന്‍മേലാണ് ഇരിക്കുന്നത്.
ഒരു ഈജിപ്ഷ്യന്‍ ടേപ്പ്സ്ട്രിയാണ്.
ഫറവോ റഫറന്‍സുകള്‍ ഉണ്ടതില്‍.
അവള്‍ ആ മേശ കംബളത്തില്‍ നിന്നുംമാറ്റി.
ജനലിലൂടെ നോക്കിയപ്പോള്‍ ആബിദീനെ അവിടെയൊന്നും കണ്ടില്ല.
അഫ്രീന്‍ കംബളം മാറ്റി.
പ്രതീക്ഷിച്ചത് പോലെ ഒരു ഇരുമ്പ് ഹുക്ക് കണ്ടു. അതവള്‍ പിടിച്ചുയര്‍ത്തി. ഒരു കോണ്ക്രീറ്റ് ഫലകം അപ്പോള്‍ ഇളകി മാറി.
മുറിയിലെ പ്രകാശത്തില്‍, ഇളക്കി മാറ്റിയ ഫലകത്തിനടിയില്‍ താഴേക്ക് പോകുന്ന പടികള്‍ കണ്ട് അവള്‍ അതിലേക്ക് ഇറങ്ങി.
ഒരു നിലവറയാണ്.
ഒരു ഹാളിന്‍റെ നീളവും വീതിയുമുണ്ട്.
ഒരു കോണില്‍ ഷെല്‍ഫുകള്‍. അതില്‍ നിറയെ പുസ്തകങ്ങള്‍, പഴയ പത്രങ്ങള്‍, മാഗസിനുകള്‍.
പിന്നെ ഫയലുകളും.
പച്ചനിറത്തില്‍, നീല നിറത്തില്‍ പിന്നെ ചുവപ്പിലും.
അവള്‍ ചുവന്ന ഫയല്‍ എടുത്തു.
“ഓരോന്നും വായിക്കാന്‍ സമയമില്ല…”
അവള്‍ സ്വയം പറഞ്ഞു.
“ആ ചെറുക്കന്‍ വരുമ്പോഴേക്കും എല്ലാത്തിന്‍റെയും ഫോട്ടോസ് എടുക്കണം…”
മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്ത് അവള്‍ തിടുക്കത്തില്‍ അതിലെ എല്ലാ പേപ്പറുകളുടെയും ഫോട്ടോസ് എടുത്തു.
തിടുക്കത്തില്‍ വാച്ച് നോക്കി.
ഇനിയുമുണ്ട്, സമയം.
അവള്‍ നീല ഫയല്‍ എടുത്തു.
അതിലെ പേപ്പറുകളുടെ ചിത്രങ്ങളുമെടുത്തു.
അപ്പോഴേക്കും ഏകദേശം സമയം കഴിയാറായി.
അവള്‍ ഫയലുകള്‍ യാഥാ സ്ഥാനത്ത് വെച്ച് മുകളിലേക്ക് കയറി.
ഫലകം പഴയത് പോലെ വെച്ച് അതിന്മേല്‍ കംബളം നേരത്തെ കണ്ടത് പോലെ ശരിയായി വിരിച്ചു.
പിന്നെ മേശ അതിന്മേലേക്ക് വലിച്ചു കയറ്റി വെച്ചു.
പിന്നെയും അഞ്ചു മിനിറ്റുകള്‍ കഴിഞ്ഞു ആബിദീന്‍ വന്നപ്പോള്‍.
“ഇതാണോ പതിനഞ്ച് മിനിറ്റ്?”
അവള്‍ വന്നപ്പോള്‍ അവള്‍ രൂക്ഷമായ സ്വരത്തില്‍ ചോദിച്ചു.
“ഞങ്ങളുടെ നാട്ടില്‍ ഇതിന് അരമണിക്കൂര്‍ എന്നാ പറയുക!”
“ആണോ?”
ചുറ്റുപാടും ഒന്ന് നോക്കി അവന്‍ ചിരിച്ചു.
“ഫോട്ടോസ് ഒക്കെ എടുത്ത് കഴിഞ്ഞോ?”
അവന്‍ ചോദിച്ചു.
“ആവശ്യത്തിനുള്ളതൊക്കെയായി…”
അവള്‍ പറഞ്ഞു.
**********************
വീട്ടില്‍ എത്തിക്കഴിഞ്ഞ് അഫ്രീന്‍ ആദ്യം ചെയ്തത് ക്യാമറയില്‍ പകര്‍ത്തിയ ഡോക്യുമെന്‍റ്റുകളെ പി ഡി എഫ് ഫയലുകളാക്കുകയെന്നതായിരുന്നു.
ഫോണില്‍, ഗ്യാലറിയില്‍ അവ പരിശോധിക്കുന്നത് അത്ര സുഖകരമല്ല.
അര മണിക്കൂറെടുത്തു എല്ലാ ഡോക്യുമെന്‍റ്റുകളും പി ഡി എഫ് രൂപത്തിലാക്കാന്‍.
താന്‍ കൈവെച്ചത്, അന്താരാഷ്ട്രരഹസ്യങ്ങളുടെ കാര്യത്തില്‍, ഒരു തിമിംഗലത്തിന്‍റെ മേലെ ആണെന്ന് അഫ്രീന് തോന്നി ഓരോ ഫയലിലൂടെയും കടന്നുപോയപ്പോള്‍.
തുര്‍ക്കി -ചൈന മിസൈല്‍ ഡീല്‍, സിന്ധ്- പ്രവിശ്യാ ഗവര്‍ണര്‍ അമേരിക്കയുമായി നടത്തിയ ആയുധ ഇടപാടുകള്‍, ഡിക്ക് ചെനി- ഏരിയല്‍ ഷാരോണിന്‍റെ ഓഷ്യാന ദ്വീപ് സ്വന്തമാക്കല്‍…
ഇതൊക്കെ എപ്പോള്‍ നടന്നു?
അല്‍-ജസീറയും ബി ബിസിയും സി എന്‍ എന്നുമടക്കം ലോകത്തെ വമ്പന്‍ മാധ്യമ ശ്രദ്ധവെട്ടിച്ച് ഇതൊക്കെ എങ്ങനെ സാധിക്കുന്നു?
ലോകത്തെ എത്ര വലിയ കോര്‍പ്പറേറ്റ്, സര്‍ക്കാര്‍ സ്ഥാപനനങ്ങളിലും മീഡിയ സ്പൈ നെറ്റ് വര്‍ക്ക് സജീവമാണ്.
എന്നിട്ടും!
പെട്ടെന്ന് അവളുടെ കണ്ണുകള്‍ ആറാമത്തെ ഡോക്യുമെന്‍റ്റിലെ ഹെഡ്ഢിങ്ങില്‍ തറഞ്ഞു.
ഇന്ത്യ ടൈംസ്: ജയന്തി മേത്ത – ഇര്‍ഷാദ് റാവുത്തര്‍.
അവളുടെ ഇടനെഞ്ച് മിടിച്ച് തരിച്ചു.
ശ്വാസം നിലയ്ക്കുന്ന അനുഭവം!
അല്ലാഹ്!
അവള്‍ മന്ത്രിച്ചു.
എന്താണിതില്‍?
മിടിയ്ക്കുന്ന ഹൃദയത്തോടെ അവള്‍ ആ ഫയലിലൂടെ കണ്ണുകളോടിച്ചു.
ഓരോ ലൈന്‍ പിന്നിടുമ്പോഴും അവളില്‍ ഉദ്വേഗം വര്‍ധിച്ചു.
അവസാനം ഇരിപ്പിടത്തില്‍ നിന്നും എഴുന്നേല്‍ക്കുമ്പോള്‍ അഫ്രീന്‍റെ മനസ്സില്‍ ഉറച്ച ചില തീരുമാനങ്ങള്‍ രൂപപ്പെട്ടിരുന്നു.
***********************
ഇന്ത്യാ ടൈംസിന്‍റെ മാനേജിംഗ് ഡയറക്ക്റ്ററുടെ ഓഫീസ്.
എഫ്സ്റ്റീന്‍ ഫയലുകളെപ്പറ്റി പ്രിന്‍സിപ്പല്‍ കറസ്പ്പോണ്‍ഡെന്‍റ്റ് ശിവ്റാം റെഡ്ഢി തയാറാക്കിയ എഡിറ്റോറിയലിലെ വാക്കുകള്‍ കണ്ണുകള്‍ നട്ടിരിക്കയായിരുന്നു, ജയന്തി മേത്ത.

വ്ഔ….
ഞാൻ ആദ്യമായാണ് ഈ സൈറ്റിൽ ഒരു കുറിപ്പ് എഴുതുന്നത്.
നിങ്ങൾ ആരായാലും വേണ്ടില്ല…
മനോഹരമായി എഴുതുന്നു.
ഇതൊരിക്കലും ഇങ്ങനെ രഹസ്യമായി വായിക്കപ്പെടേണ്ട ഒരു കഥയല്ല…
ഇത് തുടരുകയും കൂടുതലായി ലോകം വായിക്കപ്പെടുകയും വേണം.
അഭിനന്ദനങ്ങൾ… ❤️