“മാഫ്രോക്…”
അഫ്രീൻ മന്ത്രിച്ചു. ലെബാനോണിലെ ഏറ്റവും വിശിഷ്ടമായ മധുര പലഹാരം.
ഹാമിയ അത് അഫ്രീന്റെ ചുണ്ടോടടുപ്പിച്ചു. അവൾ വായ് തുറന്നു. നെയ്യിലും പനിനീർ ജലത്തിലും സെമോനിലയും പഞ്ചസാരയും ഓറഞ്ചു പൂക്കളും ആഷ്ഠാ തേനും ചേർത്തുണ്ടാക്കിയ പലഹാരത്തിന്റെ മദിപ്പിക്കുന്ന രുചി അവളുടെ നാവിലലിഞ്ഞു.
വീടിനകം കണ്ടപ്പോള്‍ ആയിരത്തി ഒന്ന് രാവുകള്‍ അവള്‍ ഓര്‍ത്ത് പോയി. സിന്‍ബാദ് താമസിച്ച കൊട്ടാരം ഇതായിരുന്നോ? ആകാശം പോലെ ശോഭയാര്‍ന്ന മേല്‍ക്കൂര വിതാനം. അതില്‍ തൂങ്ങിക്കിടക്കുന്ന അനേകം ഷാന്‍ഡലിയറുകള്‍. അറേബ്യന്‍ ചിത്ര കലയുടെ സ്തംഭിപ്പിക്കുന്ന മനോഹാരിത ആ വിതാനമാകെ. വലിയ, ഉയരമുള്ള അബ്ബാസി ശൈലിയില്‍ നിര്‍മ്മിച്ച ജനാലകള്‍. അത്തര്‍ മണക്കുന്ന ടേപ്പസ്ട്രി. സ്വര്‍ണ്ണ നിറമുള്ള അരികുകളില്‍ അലങ്കാരചിത്രങ്ങളുള്ള വലിയ ഡമാസ്ക്കുകള്‍ വിരിച്ച ഫര്‍ണിച്ചര്‍. കണ്ണഞ്ചിപ്പിക്കുന്ന വെളുപ്പില്‍, തിളക്കത്തില്‍, വിശാലമായ ഫ്ലോര്‍…
ഭിത്തികളില്‍ വിലപിടിച്ച അറേബ്യന്‍ ക്ലാസ്സിക് പെയിന്‍റ്റിങ്ങുകള്‍…
പെട്ടെന്ന് അമാല്‍ ഗര്‍ഫാന്‍റെ ഫോണ്‍ ശബ്ദിച്ചു.
“ഒഹ്!”
സ്ക്രീനിലേക്ക് നോക്കിയ ആദ്യം ഒന്ന് സംഭ്രമിക്കുന്നതും പിന്നെ ഗൌരവക്കാരനാകുന്നതും അഫ്രീന്‍ കണ്ടു. അയാള്‍ ഫോണുമായി പുറത്തേക്ക് പോയപ്പോള്‍ ഹാമിയയും റേഹ്മയും ആബിദീനും പരസ്പ്പരം നോക്കി. അഫ്രീനത് കണ്ടതായി ഭാവിച്ചില്ല. ഏതാനും മിനിട്ടുകള്‍ക്ക് ശേഷം ഗര്‍ഫാന്‍ തിരികെ വന്നു.
“എന്താ?”
ഹാമിയ ആകാംക്ഷയോടെ ചോദിച്ചു.
“എന്തായിരുന്നു മെസ്സേജ്?”
“ഡല്‍ഹിയിലെ സമ്മിറ്റിന് ശേഷം ഇന്‍ഡോ വെസ്റ്റ് ഏഷ്യന്‍ കള്‍ച്ചറല്‍ കളക്ടീവ് കൂടിയുണ്ട് എന്ന് അറിയിച്ച് പ്രസിഡന്‍റ്റ് സംസാരിച്ചിരിക്കുന്നു,”
അയാള്‍ അവരെ അറിയിച്ചു.
“അതായത് മൊത്തം അഞ്ച് ദിവസമെങ്കിലും ഡല്‍ഹിയില്‍ സ്റ്റേ ചെയ്യണം…കാര്യമെന്താണ് എന്ന് വെച്ചാല്‍ എന്‍റെ കൂടെ നീയും പോരെണ്ടിവരും…രണ്ട് പേര്‍ക്കും ക്ഷണമുണ്ട്…അത് നിരാകരിക്കുന്നത് പ്രോട്ടോക്കോള്‍ മര്യാദയല്ല,”
“അതിന് എന്താ?”
പെട്ടെന്ന് ആബിദീന്‍ ചോദിച്ചു.
“അബ്ബായും ഈമയും പോയി വരണം…ഇവള്‍ റേഹ്മ വെക്കേഷന്‍ കഴിഞ്ഞ് ദമാസ്ക്കസ്സിലേക്ക് മടങ്ങിപ്പോവുകയല്ലേ നാളെ? പിന്നെന്താ പ്രശ്നം?”
“പ്രശനം നീയാണ്,”
ഗര്‍ഫാന്‍ ആബിദീനെ നോക്കി.
“ഈമായില്ലെങ്കില്‍ നീ സമയത്തിന് കഴിക്കില്ല, ഉറങ്ങില്ല, എന്തിന് വൃത്തിക്ക് കുളിക്കുക പോലുമില്ല…”
“അബ്ബാ!”
അത് കേട്ട് ഹാമിയയോടും റേഹ്മയോടുമോപ്പം അഫ്രീനും ചിരിക്കുന്നത് കണ്ടപ്പോള്‍ ആബിദീന് ശരിക്കും ദേഷ്യം വന്നു.
“എന്ത് അബ്ബാ എന്ന്?”
ഗര്‍ഫാന്‍ ശബ്ദമുയര്‍ത്തി.
“ ഞാന്‍ പറഞ്ഞത് ശരിയല്ലേ?”
“ഈമയാണോ ഇവനെ ഇപ്പോഴും കുളിപ്പിക്കുന്നെ?”
ചിരിക്കിടയില്‍ അഫ്രീന്‍ ചോദിച്ചു.
“പിന്നേ!”
ആബിദീന്‍ ശക്തിയായി പ്രതിഷേധിച്ചു.
“അതൊക്കെ കുഞ്ഞിലെ! കുഞ്ഞായിരിക്കുമ്പം ആരാണ് തനിയെ കുളിക്കുന്നത്!”
“അതൊന്നുമല്ല,”
ഗര്‍ഫാന്‍ വീണ്ടും ഗൌരവത്തില്‍ പറഞ്ഞു.
“എന്നിട്ടാണോ ഇന്നലെയും കൂടി ബാത്ത് റൂമില്‍ നിന്നു വിളിച്ചു പറഞ്ഞെ, ഈമാ ഒന്ന് വാ എന്‍റെ കഴുത്തും പുറവും ഒന്ന് തേച്ച് താ എന്ന്… ഒരു വടിയും എടുത്ത് വന്നാലോ എന്നോര്‍ത്തതാ… ഇമ്പോര്‍ട്ടന്‍റ്റ് ടാബുലേഷന്‍ വര്‍ക്കില്‍ ആയിപ്പോയി അന്നേരം…അല്ലെങ്കില്‍ കാണാരുന്നു..”
അഫ്രീന് അത് കേട്ടപ്പോള്‍ ചിരി പൊട്ടി.
ആബിദീന്‍ ദേഷ്യപ്പെട്ട് അവിടം കാലിയാക്കി.
“നിങ്ങള്‍ എവിടെയാണ് താമസം,”
അഫ്രീന്‍ തെരുവിന്‍റെ പേര് പറഞ്ഞുകൊടുത്തു.
“അവിടെ ഏത് കെട്ടിടം?”
“ബായത്ത് അല്‍ സാദാഹ്…”
ബായത്ത് അല്‍ സാദാഹ്.
സന്തോഷ് ഭവന്‍.
ഹോം ഓഫ് ഹാപ്പിനെസ്സ്.
ആബിദീന്‍റെ അബ്ബാ ഒരു നിമിഷം എന്തോ ഓര്‍ത്തു.
“അവിടെ ഒരു ഇര്‍ഫാന്‍ റാവുത്തര്‍ അല്ലെ താമസിക്കുന്നെ? മലബാറി? വലിയഒലിവ് ഓയില്‍ കമ്പനി നടത്തുന്ന…?”
“ഇര്‍ഫാന്‍ റാവുത്തറുടെ ഭാര്യയാണ് ഞാന്‍…”
അയാളുടെ കണ്ണുകള്‍ വിടര്‍ന്നു. മുഖത്ത് വലിയ സന്തോഷവും.

വ്ഔ….
ഞാൻ ആദ്യമായാണ് ഈ സൈറ്റിൽ ഒരു കുറിപ്പ് എഴുതുന്നത്.
നിങ്ങൾ ആരായാലും വേണ്ടില്ല…
മനോഹരമായി എഴുതുന്നു.
ഇതൊരിക്കലും ഇങ്ങനെ രഹസ്യമായി വായിക്കപ്പെടേണ്ട ഒരു കഥയല്ല…
ഇത് തുടരുകയും കൂടുതലായി ലോകം വായിക്കപ്പെടുകയും വേണം.
അഭിനന്ദനങ്ങൾ… ❤️