“എനിക്കും” മീനാക്ഷി പറഞ്ഞ വാക്കിന് അവളോളം ആഴമുണ്ടായിരുന്നു. ഞങ്ങൾ അന്നും, എന്നും…. തുല്ല്യ ദുഃഖിതർ ആയിരുന്നു.
*******
പിറ്റേദിവസം രാവിലേതൊട്ടെ പണിയായിരുന്നു. മുറ്റം കാടുംപടലവും ഒക്കെ വെട്ടി ഒന്നു വൃത്തിയാക്കി, വീടിനകവും ഒന്ന് ഒതുക്കി, മാറലയും പൊടിയും എല്ലാം തട്ടി, പതിയെ ഉച്ചക്കുള്ള ഭക്ഷണത്തിൻ്റെ നീക്കത്തിലായി. എല്ലാവരും കൂടി ഉഷാറായി ഭക്ഷണമെല്ലാം കഴിച്ച് വെറുതേ വർത്തമാനമെല്ലാം പറഞ്ഞിരുന്നു. എല്ലാവർക്കും ആകെ സന്തോഷം. മീനാക്ഷി മാത്രം ഒരു മൂടികെട്ടിയ പോലെ നടപ്പാണ്. എന്തൊക്കെയോ അവൾക്ക് പറയാൻ ഉണ്ടെന്ന് തോന്നി. കൊഴപ്പമില്ല എന്തായാലും ഇനി കുറച്ച്ദിവസം ഇവിടെയുണ്ടല്ലോ, അവളുടെ മനസ്സൊക്കെയൊന്ന് തണുക്കട്ടെ. പതുക്കെ ചോദിച്ചു മനസ്സിലാക്കാം.
‘നമ്മുക്ക് എപ്പോഴും സമയമുണ്ടെന്ന് വിചാരിക്കുന്നതാണ്, ജീവിതത്തിൽ നമ്മൾ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ്. അതെനിക്ക് മനസ്സിലാക്കിത്തരാൻ അടുത്ത ദിവസം വരണ്ടിവന്നു.’
******
മഴ ഉച്ചവരെ ഒഴിഞ്ഞ് നിന്നെങ്കിലും പൂർവ്വാധികം ശക്തിയോടെ ഉച്ചക്ക് ശേഷം പെയ്ത് തുടങ്ങി. ഇരുട്ട്കുത്തിയ മഴ, കാണുന്നിടത്തെല്ലാം വെള്ളം. തൊടിയിൽ ചാലുകളെല്ലാം നിറഞ്ഞ് കവിഞ്ഞ് വെള്ളം പുറത്ത് വഴിയിലേക്കൊഴുകി.
പൂരത്തിന് പോയ അജുവും പിള്ളേരും മഴ ഒരു കാരണം പറഞ്ഞ് കള്ളുകുടിക്കാൻ തിരിച്ചെത്തി. കനത്ത മഴകാരണം ആവേശം തെല്ലൊന്ന് കുറഞ്ഞെങ്കിലും, കനത്തമഴയിലും കുടമാറ്റം നടക്കും, എത്ര മഴയെന്ന് പറഞ്ഞാലും അത് കാണാൻ ജനസാഗരം തന്നെയുണ്ടാവും. രണ്ടുകൊല്ലം ആയി കണ്ടിട്ടെങ്കിലും, എനിക്ക് ഇത്തവണ പൂരത്തിന് പ്രത്യേകിച്ച് സന്തോഷമൊന്നും തോന്നിയില്ല. മീനാക്ഷിയെ രാത്രി കണ്ട് എന്താകാര്യമെന്നറിയാതെ യാതൊരു സമാധാനവുമില്ല.
***** വൈകുന്നേരം ആയപ്പോൾ ഈ കോരിച്ചൊരിയുന്ന മഴയിലും കുളപ്പുരയിൽ വെള്ളമടി ദർബാർ ആരംഭിച്ചു. മഴവെള്ളം കുളത്തിലെ വെള്ളവുമായി സംഗമിക്കുന്ന ശുഭവേളയിൽ, ഒരു പ്രത്യേകതരം നാണമില്ലാത്ത ജാരനെന്നപോലെ ശുദ്ധമായ സ്കോച്ചും മഴവെള്ളവുമായി രമിച്ചു.
തലക്ക് പിടിച്ച് തുടങ്ങിയാൽ മദ്യം കവിതയാകും, ആർപ്പുവിളികളാകും, പറയാതെ വച്ച കണ്ണുനീരുമാകും. കലാപരിപാടികൾ മഴക്കൊത്ത് നീങ്ങിയപ്പോൾ സമയം അറിയാതെ പോയി. ഒരുപാട് വൈകി, അത്യാവശ്യം തലക്ക് പിടിച്ചിട്ടും ഉണ്ട്. എങ്ങനെയെക്കെയോ വീടെത്തി, മച്ചിലേക്ക് ഏണിയെടുത്തു വച്ച് വലിഞ്ഞുകയറി. മുറിയിൽ വ്യാകുലയായി മീനാക്ഷി കാത്തിരുപ്പുണ്ട്. അവൾക്കറിയാം ഇന്ന് ഞാൻ കള്ള്കുടിക്കുമെന്ന്. പക്ഷെ മഴയല്ലേ, ആ ഒരു ഭയമാണെന്ന് തോന്നുന്നു. അടിച്ചത് സ്കോച്ചല്ലെ. അതു പതിയെ പതിയെ ബോധമണ്ഠലത്തെ കടന്നു പിടിച്ചു തുടങ്ങി.
ഇടക്കെപ്പൊഴൊക്കെയോ എഴുന്നേറ്റപ്പോൾ മീനാക്ഷി നെഞ്ചിൽ തലചായ്ച്ചു കിടപ്പുണ്ട്. അവളെന്തൊക്കെയോ അവ്യക്തമായി എണ്ണിപറക്കുന്നുണ്ട്.
‘പോവാണ്’ എന്ന് പറഞ്ഞത് മാത്രം വ്യക്തമായി കേട്ടു. പക്ഷെ എതിർക്കാൻ കഴിഞ്ഞില്ല. ബോധം മറഞ്ഞു. പിന്നെ കേട്ടവാക്ക് തലയിൽ കിടന്നു മുഴങ്ങി. ‘അവൾക്കെന്തോ ഉണ്ട്, അസുഖമോ, പ്രശ്നമോ, ഗുരുതരമായത് തന്നെ’ എനിക്കൊട്ടും നിയന്ത്രണം കിട്ടിയില്ല. ഒരു വാക്ക് പോലും ഉരിയാടാൻ കഴിയാതെ ഞാൻ ബോധത്തിനും, അബോധത്തിനുമിടയിൽ കൈകാലിട്ടടിച്ചു. മദ്യത്തെ ഞാൻ ആ നിമിഷം വെറുത്തുപോയി, ആ ഒരു നിമിഷം എന്നെ പോലും വെറുത്തു പോയി.
***********
ബോധംവന്നപ്പോൾ ആദ്യം തിരഞ്ഞത് അവളെയാണ്. ഒന്നും ഓർമ്മ കിട്ടുന്നില്ലെങ്കിലും, മനസ്സിനെന്തോ വല്ലായ്കക. എന്തോ ആപത്ത് വരാൻ ഇരിക്കുന്നത് പോലെ. അവളെ എവിടെയും കണ്ടില്ല. ചെറുതായി വെളിച്ചം വീണു തുടങ്ങിയിട്ടുണ്ട്. മഴയിപ്പോഴും ഇടിച്ച് കുത്തി പെയ്യുന്നു.
താഴേക്കു ഇറങ്ങി ചെല്ലുമ്പോൾ. അച്ഛൻ റൂമിലേക്ക് കൈ കാണിച്ചു വിളിച്ചു. തുറന്ന് കിടക്കുന്ന ജനലിനെ ചൂണ്ടി പറഞ്ഞു;
