“അത് മാടാണു പെങ്ങളെ. ഇവനൊരു മണ്ടത്തരം പറ്റിയതാണ്. പെങ്ങളെറങ്ങണ്ടാ.”
ഒന്നു ശങ്കിച്ച് മീനാക്ഷി “ഇല്ല, അത് എന്റെ ആരെങ്കിലും ആണെങ്കിലോ, എനിക്കിവിടെ എറങ്ങണം.”
“പെങ്ങൾക്കു ഇവിടെ പരിചയത്തിൽ പശുക്കളൊന്നും ഇല്ലല്ലോ, അങ്ങനെയുണ്ടെങ്കിൽ ഇറങ്ങിക്കോ, ഞാനെന്റെ കണ്ണ് കൊണ്ട് കണ്ടതാണ്, അത്ര ഉറപ്പാണ്, അതൊരൊന്നാന്തരം പശുവാണ്. മലവെള്ളത്തിൽ ഇതൊരു സ്ഥിരം കാഴ്ചയാണ്, അടുത്തകരയിൽ ആരെങ്കിലും അതിനെ പിടിച്ച് കയറ്റും. അതിനെ അവർക്കെടുക്കാം, അതീ പുഴയുടെ നിയമമാണ്. പെങ്ങളിവിടെ ആദ്യായിട്ടായോണ്ടാ പെട്ടന്ന് പേടികയറിയത്.”
മീനാക്ഷി ഒന്നു ശങ്കിച്ചു നിന്നു. അവളപ്പുറത്തെ കരയിലേക്ക് നോക്കി, അവിടെ അരവിന്ദനിന്നലെയിട്ട അതേ നിറത്തിലെ ഷർട്ടിട്ട്, ആരോ പുഴയിലേക്കും നോക്കിനിൽപ്പുണ്ട്.
“ ശരിയാണ് ചേച്ചി, ഞാൻ പെട്ടന്ന് പശൂനെ കണ്ട് മനുഷ്യനാന്ന് വച്ചു, അത് പറഞ്ഞ് ചേച്ചി എറങ്ങണ്ട, ഇനിയീ ബസ്സ് പോയാ, വേറെ ബസ്സ് വരോന്നെന്നെ അറിയില്ലാട്ടാ, എല്ലാടത്തും മഴപെയ്ത്, വെള്ളംകേറിയിരിക്കാണ്. ഞാൻ പറയാനുള്ളത് പറഞ്ഞു.”
അവളെ സ്റ്റാൻറ് വരെ കണ്ടിരിക്കാം എന്ന് ആഗ്രഹം തോന്നിയ കിളിയും, കണ്ടക്ടറെ സമ്മതിച്ച് കൊണ്ട് ഏറ്റുപിടിച്ചു. അല്ലെങ്കിലും ഒരു സുന്ദരിയായ പെൺകുട്ടിയെ കണ്ടാൽ വായിനോക്കുന്ന ആരും, അവളപ്പോൾ കടന്ന്പോയി കൊണ്ടിരിക്കുന്ന ദുർഘടാവസ്ഥയെ അറിയണമെന്നില്ലല്ലോ. ദുഃഖത്തിലും, ആധിയിലും, കണ്ണീരിലും പോലും പെണ്ണിനഴക് കൂടുകയേ ഉള്ളു.
മീനാക്ഷി ഒന്നും മിണ്ടാതെ തിരികെ, സീറ്റിൽ പോയിരുന്നു. അവളുടെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു. ഉണ്ണിയേട്ടൻ ചാടുമോ, ഇല്ല.. ഒരിക്കലുമില്ല എല്ലാം തൻ്റെ ഭാവനയാകും, താൻ അത്രക്കും അമൂല്യമായ ഒന്നുമല്ലല്ലോ, ജീവനെക്കാൾ ഏറെ അത്രയും തന്നെ സ്നേഹിക്കാൻ. തന്നെ കുറിച്ചറിഞ്ഞാൽ ഒരിക്കലും ആർക്കും മനസ്സറിഞ്ഞ് സ്നേഹിക്കാൻ കഴിയില്ല.
ഉണ്ണിയേട്ടൻ ഒരുപക്ഷെ അന്വേഷിച്ച് വീട്ടിൽ പോയിട്ടുണ്ടാവും, എല്ലാം അറിഞ്ഞിട്ടുണ്ടാവും. ഇനി പഴയ ഇഷ്ടം ഒന്നും ഉണ്ടാവില്ല. എല്ലാരും കാണുന്ന പോലെ അറപ്പോടെന്നെയാവും ന്നെ കാണാ.
അപ്പോഴത്തെ കലുഷിതമായ മാനസ്സികാവസ്ഥയിൽ അവൾക്കു താൻ എന്തൊക്കെയാണ് ചിന്തിക്കുന്നതെന്നും, അതിൻ്റെ സാമാന്യബോധമെന്താണെന്നുമുള്ള വേർത്തിരിവ് നഷ്ടപ്പെട്ടിരുന്നു. സങ്കടം ഒരു മഞ്ഞെന്ന പോലെ, അവളുടെ നിഷ്കളങ്കമനസ്സിനെ മൂടിയിരുന്നു.
എൻ്റെ കൂടെ കിടന്നതിൽ പേടിയിണ്ടാവും, പകർന്നിട്ടുണ്ടാവുവോന്ന്. അത് ഒരിക്കലും ഉണ്ടാവില്ല. മീനാക്ഷിക്ക് ജീവനാ അരവിന്ദേട്ടൻ. കുറേനാളായി ആർട്ട് ചെയ്ത്, മെഡിസിൻസ് ഒരിക്കൽപോലും മുടക്കാതെ കഴിച്ച്. തീരെ ഡിറ്റക്ഷൻ ഇല്ലാത്തപോലെ ആയേനു ശേഷമല്ലെ എല്ലാം ഉണ്ടായത്. പ്രൊട്ടക്ഷനും നിർബന്ധിച്ച് ഇട്ടിരുന്നു. ഒരാഗ്രഹവും ഞാൻ സാധിപ്പിക്കാതെ വിട്ടിട്ടില്ലാ. ആഗ്രഹിക്കുന്നതെല്ലാം നൽകിയിട്ടുണ്ട്. അത് മാത്രമേ ഉള്ളു എന്റെ കയ്യിൽ അവസാനമായി ഉണ്ണിയേട്ടന് കൊടുക്കാൻ, എന്നെ തന്നെ…
‘കുറച്ച് കഴിഞ്ഞാ വിചാരിക്കേരിക്കും നാശം, പോയത് നന്നായെന്ന്.’ മീനാക്ഷിയുടെ മനസ്സ് പറഞ്ഞു. കണ്ണ്നിറഞ്ഞ് തുളുമ്പി. നെഞ്ചിൽ അടങ്ങാത്ത ഒരു നീറ്റൽ. ‘അതിനും മുന്ന്, ഈ ലോകത്ത് നിന്ന് തന്നെ എനിക്ക് പോണം’ അവള് ഉറച്ച തീരുമാനമെടുത്തിരുന്നു.
*******
നീന്തിചെന്ന് കയറിയത് ദൂരെയൊരു കരയിലാണ്, അത്രക്ക് ഒഴുക്കുണ്ടായിരുന്നു. കുഴപ്പമില്ല ഒരു തരത്തിൽ നന്നായി, ഇവിടെ നിന്ന് മുന്നിൽ കാണുന്ന കുന്നുകയറി, ചെറിയ കാട് താണ്ടി, ചരിവിറങ്ങിയിൽ ബസ്സ് എത്തുന്നതിനു മുന്നെ വളവിലെ റേഡിലെത്താം.
റിസർവ്ഡ് ഫോറസ്റ്റ് ആണ്, എന്തൊക്കെ ജീവികളുണ്ടാവുമെന്ന് ദൈവത്തിനറിയാം. പക്ഷെ അതൊന്നും അപ്പോൾ എന്റെ തലയിൽ ഓടില്ലായിരുന്നു.
ഞാൻ ചുമച്ച് വെള്ളം തുപ്പി, ഓടിതുടങ്ങി. എങ്ങനെയൊക്കെയോ മലയുടെ ഉച്ചിയിലെത്തി കാട്ടിലേക്ക് കടന്നു. അവിടെയാകെ മുള്ളുള്ള ശതാവരിത്തൈകൾ പടർന്ന് കയറിയിരുന്നു. ഇതൊന്നും ശ്രദ്ധിക്കാൻ സമയമില്ലാതിരുന്ന എൻ്റെ നെഞ്ചിലും തോളിലും മുഖത്തുമെല്ലാം അവ കൊളുത്തി വലിച്ചു. ചോരയൊഴുകി തുടങ്ങി. ആരറിയുന്നു, ഇതെല്ലാം.
