മീനാക്ഷി കല്യാണം – 6 Likeഅടിപൊളി  

 

“മോനെ അവിടെ, ഈ മഴയത്ത് ആരോ നിന്നിരുന്നത് പോലെ തോന്നി, ഇപ്പൊ കാണുന്നില്ല. നീയൊന്ന് പോയി നോക്കോ.”

 

ഞാൻ നേരെ നോക്കി. അമ്മയുടെ അസ്ഥിതറയാണ്.

 

‘മീനാക്ഷി’ തലയിൽ ഒരു വെള്ളിടിവെട്ടി. ഞാൻ ഇറങ്ങി നോക്കി. അവളില്ല. ഒന്നും ബാക്കി കിടപ്പില്ല. അവളെങ്ങോ പോയി. അവൾക്കെന്തോ ഉണ്ട് കാര്യമായിട്ട്, അവളിന്നലെ പറഞ്ഞിരുന്നു. ഓർക്കാൻ കഴിയുന്നില്ല. ഓർമ്മയെല്ലാം ഇരുട്ടിൽ തട്ടി നിൽക്കുന്നു.

 

ആരോടാ ഇപ്പൊ ഒന്ന് ചോദിക്കാ…. ആർക്കാ അവളെ പറ്റിയെല്ലാം അറിയാ… പെട്ടന്ന് ഒരാളെ ഓർമ്മവന്നു, രാഘവമാമ്മൻ, അവളുടെ അച്ഛൻ. അയാൾക്കറിയാമായിരിക്കും. ചിന്തിച്ച് തീരും മുൻപേ കാലുകൾ ആ ദിശയിൽ  ഓടി കഴിഞ്ഞിരുന്നു. മണ്ണിട്ട വഴിയിലൂടെ അതിവേഗം ഓടി, നേരെക്കണ്ട മതിലെടുത്തു ചാടി ഞാൻ അവരുടെ പറമ്പിലെത്തി. നേർവഴിക്ക് പോകാൻ മാത്രം സമയം എനിക്ക് ഉണ്ടായിരുന്നില്ല. മരുമകൻ കല്യാണശേഷം ആദ്യമായി വധുഗൃഹത്തിൽ വിരുന്ന് വരുന്ന വരവാണ്.

 

മുൻപിൽ വന്ന വാഴയും ചേമ്പുമെല്ലാം തള്ളിമാറ്റി ചെല്ലുമ്പോൾ, ഉമ്മറത്ത് അവളുടെ അമ്മ മഴവെള്ളം ദൂരേക്ക് ഒഴുകി അകലുന്നതും നോക്കിയിരുപ്പുണ്ട്. അവർക്ക് മുഖംകൊടുക്കാതെ, ചോദിച്ച ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാതെ, നനഞ്ഞു കുതിർന്ന അതേ രൂപത്തിൽ ഉള്ളിലേക്ക് ശക്തമായ കാലടികളോടെ കയറിച്ചെന്നു. വലത്കാലാണോ വീട്ടിലേക്ക് കയറുമ്പോൾ ആദ്യം വച്ചതെന്ന് ഓർമ്മയില്ല, പക്ഷെ രാഘവമാമൻ്റെ കഴുത്തിന് കുത്തിപിടിക്കാൻ ആദ്യം വച്ചത് വലത്കൈ തന്നെയായിരുന്നു.

 

അയാളെ ഇട്ട ബനിയനടക്കം ചുമരിൽ ചേർത്ത് പിടിച്ച് പൊക്കിയാണ് ചോദിച്ചത്.

“പറയടോ, എൻ്റെ മീനാക്ഷിക്ക് എന്താ. എന്നോട് പറയാത്ത എന്ത് പ്രശ്നാ അവൾക്കുള്ളത്” പിന്നാലെ വന്ന അമ്മയും, മുറിയിൽ നിന്നും ഇറങ്ങി വന്ന അവളുടെ അനിയനും എന്റെ പ്രകടനം കണ്ട് പകച്ച്പോയി.രാഘവ മാമൻ്റെ മുഖത്തും ഞെട്ടലുമാറിയിട്ടില്ല. മരുമോനുമായുള്ള ആദ്യത്തെ പരിചയപ്പെടൽ.

 

“തനിക്കറിയാം എന്താ അവൾക്കെന്ന്.  അത് ഞാൻ തന്നെ കൊണ്ട് പറയിക്കും. ഇല്ലെങ്കി, തന്നെ…. തന്നെ ഞാൻ കൊല്ലും, അവളല്ലാതെ എനിക്ക് ആരുമില്ല, പറയടോ…ഞാൻ അവൾക്കു വേണ്ടി എന്തും ചെയ്യും.” ഞാൻ അലറി.

 

അമ്മ കരഞ്ഞ് കൊണ്ട് കൈ പിടിച്ചു എങ്ങലടിച്ചു.

“മേനേ ഞാൻ പറയാം, എല്ലാം ഞാൻ പറയാം, മോനറിയണ്ടത് തന്നെയാണ്. അച്ഛന് തീരെ വയ്യാത്തതാണ്. ഒന്ന് വിടണെ.” ഞാൻ പിടിയൊന്ന് അയച്ചു രാഘവമാമൻ കാൽനിലത്ത്കുത്തി, തലകുമ്പിട്ടു.

 

“മോനെ അവള്…., അവള് സുഖമില്ലാത്ത കുട്ടിയാണ്, ചെറുപ്പം തൊട്ടേ അങ്ങനാണ്.” അമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു. ഞാൻ പെട്ടന്നുണ്ടായ ഞെട്ടലിൽ കൈയ്യെടുത്തു. വിളറികൊണ്ട് എല്ലാവരുടെയും മുഖത്തേക്ക് മാറിമാറി നോക്കി ചോദിച്ചു.

 

“ എന്തസുഖം, എന്തസുഖാ എൻ്റെ മീനാക്ഷിക്ക്.”

 

“എല്ലാം എന്റെ തെറ്റാണ്, എന്റെ തെറ്റാണ്… എല്ലാത്തിനും കാരണം ഞാനാണ്. ഇവർ ഒരു ജീവിതകാലം മുഴുവൻ ഈ വിധി അനുഭവിക്കണ്ടി വരുന്നതിനും  കാരണം ഞാനൊറ്റൊരുത്തനാണ്. ഇതിൽ നിന്നൊരു തിരിച്ച് പോക്കില്ല ഞങ്ങളാർക്കും.” അയാൾ ഒരു കുബസാരമെന്നോണം എല്ലാം ഏറ്റെടുത്തു. അത് അമ്മക്കും ഞെട്ടലായിരുന്നിരിക്കാം, അതാ മുഖത്ത് തെളിഞ്ഞ് കാണുന്നുണ്ട്. ഒരുപക്ഷെ ആദ്യമായിട്ടായിരിക്കാം അയാൾ തെറ്റ് സമ്മതിക്കുന്നത്. ഏറ്റെടുക്കുന്നത്.

 

“എന്നെ പ്രാന്ത്പിടിപ്പിക്കാതെ ആരെങ്കിലുമൊന്ന് പറയു അവൾക്കെന്താണെന്ന്. അവളെ കാണാനില്ല. എനിക്കവളെ കണ്ടുപിടിക്കണം. അവളില്ലാതെ എനിക്ക് പറ്റില്ല”

 

അയാൾ അത്ഭുതത്തിൽ എന്നെ നോക്കി. അമ്മയാണ് പറഞ്ഞ് തുടങ്ങിയത്…..

 

******

മുന്നിലേക്കുള്ള കാഴ്ചപോലും മറക്കുന്ന എടുത്തൊഴിക്കുന്നതു പോലെ മഴ , ഞാൻ സംഭ്രമത്തിൽ കടവിലേക്കോടി. അവിടെയെവിടെയെങ്കിലും അവൾ ഉണ്ടാകണേയെന്ന് അറിയാതെ മനസ്സാൽ പ്രാർത്ഥിച്ചു കൊണ്ടിരുന്നു.

 

********

Leave a Reply

Your email address will not be published. Required fields are marked *