മന്നാടിയാർ കോട്ട – 7 7അടിപൊളി  

ചെറിയമ്മ എന്റെ തലയിൽ കൈ വെച്ചു, ആ കണ്ണ് നിറയുന്നതും കണ്ടു.

ഞാൻ കെട്ടിപ്പിടിച്ചു: “കരയല്ലേ…” എന്ന് പറഞ്ഞു.

ചെറിയമ്മ ചിരിച്ചു, എന്നോട് പോയി വരാൻ പറഞ്ഞു.

ഞാൻ പുറത്തിറങ്ങി കാർ കിടക്കുന്നടത്തേക്ക് നടന്നു.

കുട്ടേട്ടനും വേലുചേട്ടനും അവിടെയുണ്ട്. എന്നെ കണ്ടപ്പോൾ രണ്ടാളും ഒന്നു വണങ്ങി.

കുട്ടേട്ടൻ: “പോകാം എന്നാൽ…”

ഞാൻ: “ഉം…” ഞാൻ പുറകിൽ കയറി.

ഞാൻ അവിടെ നിന്നും അകത്തേക്ക് നോക്കി, രണ്ടാളും കതകിന്റെ അവിടെ ഞാൻ പോകുന്നതും നോക്കി നിൽക്കുന്നു.

കാർ കവാടവും വിട്ടു പുറത്തേക്ക് നീങ്ങി.

കുറച്ചു ദൂരം മുന്നോട്ട് പോയപ്പോൾ വേലു ചേട്ടനോടായി ഞാൻ പറഞ്ഞു: “ചേട്ടാ… എനിക്കും ഇത് ഓടിക്കാൻ ആഗ്രഹമുണ്ട്.

എന്നെക്കൂടി ഇതൊന്നു പഠിപ്പിക്കുമോ?”

വേലു ചിരിച്ചുകൊണ്ട് പറഞ്ഞു:

“കുഞ്ഞുതമ്പുരാൻ പറഞ്ഞാൽ പോരെ? എന്നാൽ പിന്നെ ഇപ്പോൾത്തന്നെ തുടങ്ങിയേക്കാം… കുഞ്ഞ് ഇങ്ങോട്ട് മുന്നിലേക്ക് വന്നിരുന്നോ.

എന്തായാലും അവിടെ വരെ എത്താൻ നല്ല ദൂരമുണ്ട്.

പിന്നെ കുഞ്ഞുതമ്പുരാൻ എന്നെ വേലു എന്നു വിളിച്ചാൽ മതി.”

ഞാൻ: “ഞാൻ വേലു ചേട്ടാ എന്നെ വിളിക്കും… അതിൽ ആർക്കും കുഴപ്പം ഒന്നും ഇല്ലാ… ശരിയല്ലേ കുട്ടേട്ടാ…?” കുട്ടേട്ടനും ഒന്നു ചിരിച്ചു.

ഞാൻ മുൻപിലെ സീറ്റിലേക്ക് മാറി ഇരുന്നു.

വണ്ടി ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളൊക്കെ വേലു ചേട്ടൻ

എനിക്ക് പറഞ്ഞുതന്നു. തുടർന്ന് എന്റെ കൈകൾ സ്റ്റിയറിംഗ് വളയത്തിൽ പിടിപ്പിച്ച്, പതുക്കെ തിരിക്കാൻ പഠിപ്പിച്ചു.

പേടി തോന്നുമായിരുന്നെങ്കിലും എനിക്ക് വലിയ രസം തോന്നി.

കുറെ ദൂരം അങ്ങനെ ഓടിച്ചപ്പോൾ ഞങ്ങൾ കളത്തിലേക്ക് പോകുന്ന വലിയ കവാടത്തിനു മുൻപിൽ എത്തി.

കുട്ടേട്ടൻ: “ഇവിടെ നിന്നാണ് ഇനി കളത്തിലേക്കും മാളികയിലേക്കുമുള്ള വഴി തുടങ്ങുന്നത്…”

ആ വഴി എവിടെയോ കണ്ടു പരിചയമുള്ളതുപോലെ എനിക്ക് ഓർമ്മ തോന്നി.

ഞാൻ ചോദിച്ചു: “നമ്മൾ അന്ന് ഇങ്ങോട്ട് വന്നപ്പോൾ ഇതിലേയാണോ വന്നത്?”

കുട്ടേട്ടൻ: “അല്ല, അത് വേറൊരു വഴിയായിരുന്നു. കുഞ്ഞ് ആദ്യമായാണ് ഇവിടെ വരുന്നത്.”

ഞാൻ തലയാട്ടി. എനിക്ക് തന്നെ കാർ ഓടിക്കാൻ കഴിയുന്നുണ്ട്! നോക്കിയപ്പോൾ വേലു ചേട്ടൻ കൈവിട്ടിരിക്കുകയാണ്!

എന്റെ പരിഭ്രമം കണ്ട് വേലു ചേട്ടൻ ചിരിച്ചു:

“കുഞ്ഞ് വെറുതെ പേടിച്ചതാണ്… ആ കവാടം മുതൽ കുഞ്ഞ് തന്നെയാണ് വണ്ടി ഓടിച്ചത്!”

“ഞാനോ…? എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല!” ഞാൻ ആശ്ചര്യപ്പെട്ടു.

കുറച്ചുകൂടി മുന്നോട്ട് പോയപ്പോൾ വഴി രണ്ടായി പിരിയുന്നത് കണ്ടു.

ഞാൻ എന്റെ മനസ്സ് വണ്ടി വലത്തോട്ട് തിരിക്കാൻ പറഞ്ഞു.

കുട്ടേട്ടൻ: “കുഞ്ഞ് ഇപ്പോൾ പോകുന്നത് മാളികയിലേക്കാണ്.

കുഞ്ഞ് കുറച്ചുനേരം അവിടെ വിശ്രമിച്ചിട്ട് വന്നാൽ മതി.”

പറഞ്ഞുതീരുന്നതിനു മുൻപ് തന്നെ കാർ മാളികമുറ്റത്ത് എത്തിയിരുന്നു.

വേലു ചേട്ടൻ വണ്ടി നിർത്തേണ്ട വിധം പറയാൻ തുടങ്ങിയപ്പോഴേക്കും ഞാൻ കാർ കൃത്യമായി നിർത്തിക്കഴിഞ്ഞിരുന്നു.

അവരുടെ രണ്ടുപേരുടെയും മുഖത്ത് വലിയൊരു അത്ഭുതം നിഴലിച്ചു. രണ്ടുപേരും വേഗം കാറിൽ നിന്നിറങ്ങി.

ഞാൻ കാറിന്റെ കതക് തുറന്ന് വലതുകാൽ നിലത്തേക്ക് വച്ചതും,

ഭൂമി പിളരുന്നപോലെ ആകാശത്ത് വലിയൊരു ഇടിമിന്നൽ!

അത് പതിച്ച്

ദൂരെ നിന്നൊരു പനയ്ക്ക് തീ പിടിച്ച് അത് കത്താൻ തുടങ്ങി.

“ഇതെന്താ പതിവില്ലാത്ത സമയത്തൊരു ഇങ്ങനെ ഒരു ഇടിമിന്നൽ…?” കുട്ടേട്ടൻ അത്ഭുതത്തോടെ പിറുപിറുത്തു.

ഞാൻ അവിടെ നിന്നും ചുറ്റും ഒന്നു നോക്കി… അതിവിശാലമായ ഒരു മാളിക! രണ്ടു നിലയിൽ ആയി വളരെ മനോഹരം.

വിശ്രമിക്കാനുള്ള മുറിയുടെ വഴി കുട്ടേട്ടൻ പറഞ്ഞു തന്നു.

എന്നാൽ അത് മുഴുവൻ കേൾക്കാൻ നിൽക്കാതെ ഞാൻ തന്നെ മുന്നോട്ട് നടന്നു. മാളികയുടെ പടികൾ കേറുമ്പോൾ കണ്ണിൽ ഇരുട്ട് കയറുന്നപോലെ…

ഞാൻ എങ്ങനെയോ നടന്ന് മാളികയുടെ മുകളിലത്തെ ഒരു മുറി ഞാൻ തുറന്നു. അവിടെനിന്ന് താഴേക്ക് നോക്കിയപ്പോൾ, താഴെ നിന്ന രണ്ടുപേരും എന്നെത്തന്നെ അമ്പരപ്പോടെ നോക്കിനിൽക്കുന്നത് കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *