“ഞാൻ മാറ്റൂല. നല്ല ഭംഗിണ്ട് കണ്ണാടിയിൽ നോക്കിയപ്പോ കാണാൻ.” അവൾ നിന്ന് ചിണുങ്ങി. അതുകൂടി കണ്ടതോടെ അന്നമ്മയ്ക്ക് പെണ്ണിന്റെ ബുദ്ധിയുണർന്നു. തന്റെ സംരക്ഷണത്തിൽ വളർന്ന ഈ മകൾ അവളുടെ പയ്യനെ കണ്ടെത്തിയിക്കഴിഞ്ഞു എന്ന് അവർക്ക് മനസ്സിലായി. സന്തോഷം കൊണ്ട് ആ കണ്ണുകൾ തിളങ്ങി, ചുണ്ടിൽ ഒരു കുസൃതിചിരി മിന്നി.
“ഇതെന്തിനാ ഈ കളർ. യൂണിഫോം ആണോ.” അവൻ കളിയാക്കി. അന്നമ്മ കുസൃതിയോടെ കാതോർത്തു, എന്താകും അവൾക്ക് പറയാനുള്ളത്.
“ആ അങ്ങനെ കരുതിക്കോ. ഞാൻ മാച്ചിങ് നോക്കി ഇട്ടതാ.” അവനോട് മുഖം കൂർപ്പിച്ചാണ് സംസാരിക്കുന്നതെങ്കിലും അന്നമ്മയ്ക്ക് മുഖം കൊടുക്കാൻ അവൾക്ക് നാണം തോന്നി. അത് കണ്ട അന്നമ്മ അവളെ പിടിച്ച് തന്റെ നേരെ നിർത്തി. അവൾ ചമ്മലോടെ അവന്റെ മുതുകിലേക്ക് മുഖം മറച്ചു കളഞ്ഞു.
ആ സ്ത്രീ അവളുടെ മുഖം ബലമായി പിടിച്ച് തന്റെ നേരെയാക്കി കുസൃതിയോടെ അവളുടെ കണ്ണിലേക്കു നോക്കി. ആ നോട്ടത്തിൽ വലിയൊരു ചോദ്യമുണ്ടായിരുന്നു. പതുക്കെ മടിച്ചു മടിച്ചു അവരിലേക്ക് നോക്കിയ ശാരികയുടെ കണ്ണുകളിലും അതിനുള്ള വലിയ ഉത്തരം ഉണ്ടായിരുന്നു. അന്നമ്മച്ചിയുടെ ചുണ്ടിൽ ഒരു കള്ളച്ചിരി ഊറിവരുന്നത് അവൾ കണ്ടു.
“ഈ ഷോൾ കഴുത്തിലൂടെ ഇട്ടാൽ ന്താ കുഴപ്പം. തലയിൽ ഇട്ടോണ്ട് വരാൻ ആണെങ്കിൽ ഞാൻ കൊണ്ട് പോകില്ല.” അവൻ തീർത്തു പറഞ്ഞു.
അവൾ പുച്ഛത്തോടെ മുഖം വെട്ടിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. ഒരൽപ്പം ജാഡ കാട്ടി മുഖം തിരിച്ചു ദൂരേക്ക് നോക്കി നിന്നു. അന്നമ്മ ആ രണ്ട് കമിതാക്കളുടെയും പ്രണയം കണ്ട് കൊണ്ട് നിന്നു. അവർക്ക് വല്ലാത്ത സന്തോഷം തോന്നി. രണ്ട് പേരെയും പരസ്പരം പറഞ്ഞു സൃഷ്ടിച്ചത് പോലെയുണ്ടെന്ന് അവർ മനസ്സിലാക്കി.
മോൾക്ക് ഇന്നോളം ആരോടും അടുപ്പം തോന്നാഞ്ഞത് ഇവന് വേണ്ടിയായിരിക്കണം. ഇതിൽ കുറഞ്ഞ ഒരുത്തനും മോൾക്ക് ചേരില്ല. വാഹിദ് പെട്ടന്ന് ഒരുകൈ കൊണ്ട് നീട്ടി ശാരികയെ തന്നിലേക്ക് അടുപ്പിച്ചു നെഞ്ചിലേക്കിട്ടു. അന്നമ്മ ഉള്ളത് കൊണ്ട് അവളൊന്നു കൂതറാൻ നോക്കി, പക്ഷെ ആ കൈക്കരുതിൽ അവൾ അവന്റെ നെഞ്ചിൽ അമർന്നു.
“അമ്മച്ചീ, ഇത്രേം നാൾ അമ്മച്ചി ഇവൾക്ക് അമ്മയായി. ഇനി ഇവൾ എന്റെ കൊച്ചുങ്ങടെ അമ്മയാവട്ടെ ന്ന് ഞാനങ്ങു വച്ചു. ന്താ വേണ്ടേ, അമ്മച്ചി പറ.” ശാരിക നാണിച്ചു കൂമ്പി അവനെ ഉന്തി തള്ളാൻ നോക്കി. ഇടിച്ചും കടിച്ചും പ്രതിഷേധിച്ചു.
“മോൾക്ക് ഇഷ്ടാണെങ്കിൽ എന്റെ ഭാഗ്യം കുഞ്ഞേ. നിങ്ങളെ പോലെ ചേർച്ചയുള്ള ഒരാളേം ഈ അമ്മച്ചി കണ്ടിട്ടില്ല മക്കളെ. ചാവുന്നതിനു മുമ്പ് ഇവൾക്കൊരു കൈ കൂട്ട് ണ്ടാകുമോ ന്ന് പ്രാർത്ഥിക്കാത്ത ദിവസം ഇല്ല.” അവർ കണ്ണുകൾ ഒപ്പി. വാഹിദ് അവരെയും തന്നോട് ചേർത്തു.
“അമ്മച്ചിയുടെ സമ്മതമേ എനിക്ക് വേണ്ടൂ. അമ്മച്ചിയുടെ മോളെ എനിക്ക് അത്രക്ക് ഇഷ്ടമാ. ഇഷ്ടം ന്ന് പറഞ്ഞാ ഓരോ ശ്വാസവും അവൾക്ക് വേണ്ടിയാണിപ്പോ. അത്രയ്ക്ക് ജീവനായിപ്പോയി. അതോണ്ട് അമ്മച്ചി വേഗം സമ്മതിച്ചോ, അല്ലെങ്കിൽ സമ്മതം ഇല്ലാതെ തന്നെ ഞാനങ്ങു തൂക്കിയെടുത്തു കൊണ്ടോവും ട്ടാ.”
അന്നമ്മ അവരെ രണ്ട് പേരെയും ചേർത്തു പിടിച്ചു. അവരുടെ കണ്ണ് നിറഞ്ഞു, ശാരികയുടെയും.
“മോൾക്കും അങ്ങനാണോ മോളെ.” അവർ ഒരു വിശ്വാസത്തിനെന്ന പോലെ അവളോട് ചോദിച്ചു. അവൾ ഒന്നും പറഞ്ഞില്ല, പകരം തന്റെ പ്രണയം തന്റെ പ്രിയപ്പെട്ടവൻ ഔദ്യോഗികമായി വിളംബരം ചെയ്ത സന്തോഷം കൊണ്ട് അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കെട്ടിപ്പിടിച്ചു കണ്ണും മുഖവും ആ നെഞ്ചിൽ ഉരച്ചു. ഇടയ്ക്ക് അവൾ അന്നമ്മയോട് പറഞ്ഞു.
” എന്നെയെങ്ങാനും പറ്റിച്ചാൽ ഞാൻ ചത്തുകളയും ന്ന് പറ അമ്മച്ചീ. ഞാൻ പറഞ്ഞാ പറഞ്ഞതാ ന്ന് അങ്ങ് പറയ് അമ്മച്ചീ. സത്യമാ പറയുന്നേ. എന്നെ കൊലയ്ക്ക് കൊടുക്കല്ലേ ന്ന് പറയ് അമ്മച്ചീ.. ” അവൾ അവനെ ബലമായി കെട്ടിപ്പിടിച്ചു. അന്നമ്മയ്ക്ക് സന്തോഷമായി, അവർ അവളെ വാത്സല്യതോടെ പുറത്തു തഴുകി.
