ചാമി സർക്കാർ വക പ്രാഥമിക സ്കൂളിൽ പിഠിച്ചിട്ടുണ്ട്. ദൂരെയുള്ള സ്കൂളിൽ പോയി പഠിക്കാൻ ബുദ്ധിമുട്ട് ആയത് കൊണ്ട് ഹൈസ്‌കൂളിൽ പോയില്ല. കഞ്ചാവ് തോട്ടത്തിൽ ജോലിക്ക് പോയി തുടങ്ങി. ഈ മുതലാളിമാരുടെ തോട്ടമാണ് അത്. അത് കൊണ്ട് എന്ത് തോന്ന്യാസം കണ്ടാലും മിണ്ടാതെ നിന്നില്ലെങ്കിലും താൻ ജീവനോടെ ഉണ്ടാവില്ല ന്ന് ചാമിക്ക് അറിയാം.
അവൻ പതുക്കെ ഏറുമാടതിന്റെ കീഴിൽ വന്നു. അകത്തെ സംസാരം പതുക്കെ കേൾക്കാം. വ്യക്തമായി കേൾക്കാൻ വേണ്ടി അവൻ ഗോവണി വഴി കേറാതെ ആ മരത്തിൽ പൊത്തിപ്പിടിച്ചു കുറച്ച് മുകളിലേക്ക് കയറി. അകത്തെ സംസാരം കുറച്ച് വ്യക്തമായി കേൾക്കാം.
“എന്തായെടോ, അവളെ അഴിച്ചു വിട്ടോ.”? ജോർജ് മുതലാളിയുടെ ശബ്ദം.
“ഇല്ല സാർ. അവൾ തീർന്നു. അനക്കമില്ല.” ഏതോ ഒരാളുടെ ശബ്ദം. അവസാനം കേറിപ്പോയ ആളുടെയാവണം. അവനാകണം അവസാന അങ്കം കുറിച്ചത്.
“ചത്തോ.. ആ കാട്ടാളൻ ചെക്കൻ ഇപ്പൊ വന്നു ചോദിച്ചേയുള്ളൂ. ഇനി അവന്റെ ചേച്ചി ഇവളാകുമോ.” വേറെ ഒരാളുടെ ശബ്ദം.ചാമി നടുങ്ങി. ചേച്ചിയാകുമോ. അവന്റെ കൈകൾ ഒന്നയഞ്ഞു. താഴേക്ക് ശരീരം അൽപ്പം ഊർന്നു. അവനെ വീണ്ടും മുകളിലേക്ക് വലിഞ്ഞു കയറി. അവരുടെ സംസാരം തുടരുന്നു.
“ചത്തെങ്കിൽ ആ ഇല്ലിക്കുഴിയിൽ ഇട്ടേക്കു. വല്ല കുറുക്കനോ കുറുനരിയോ തിന്നോളും. ഇതിപ്പോ പുതിയ കാര്യം ഒന്നുമല്ലലോ. അത് കളഞ്ഞു വിഷയത്തിലേക്ക് വാ.” ജോർജ് മുതലാളിയുടെ ശബ്ദമാണ്.
“തുഷാർ എഴുന്നേറ്റ് നടന്നു തുടങ്ങിയിട്ടുണ്ട്. രണ്ട് കാലും ഒടിഞ്ഞതിന്റെ വയ്യായ്ക നേരെയാവാൻ കുറച്ച് time എടുത്തു. ഇന്നലത്തെ ആക്രമണം കൊണ്ട് കാര്യങ്ങൾ കൈവിട്ട് പോയി. വൻ പരാജയം എന്ന് മാത്രമല്ല, അവർക്ക് തയ്യാറെടുക്കാനുള്ള അവസരം കൂടി കിട്ടി എന്ന് പറയാം.” മറ്റൊരാളുടെ ശബ്ദം. അൽപ്പം പതിഞ്ഞ ശബ്ദത്തിലുള്ള ആ സംസാരം താൻ മുമ്പും കേട്ടിട്ടുണ്ട്. പക്ഷേ ആളെ ഓർമ്മക്കിട്ടുന്നില്ലല്ലോ എന്ന് ചാമി ചിന്തിച്ചു.
“എടോ റോബിനെ, തന്റെ ടീം മുറ്റാണ് എന്ന് പറഞ്ഞിട്ടല്ലേ ഞാൻ അവരുടെ കാര്യം തനിക്ക് വിട്ടു തന്നത്. എന്നിട്ടിപ്പോ ആകെ കൈവിട്ട് പോയല്ലോ.” ജോർജ് മുതലാളി അൽപ്പം നീരസം പ്രകടിപ്പിച്ചു. അപ്പൊ ആ കറുത്ത കോട്ടും ബൂട്ടും ധരിച്ച ആളാവും റോബിൻ. കൂട്ടത്തിൽ ഒരു ഗുണ്ടയുടെ കോലമുള്ളത് അയാൾക്ക് ആണ്. ആരെയോ കൊല്ലാനുള്ള കാര്യങ്ങളാണ് സംസാരിക്കുന്നത്. ചാമി കുറച്ച് കൂടി മേൽപ്പോട്ട് നുഴഞ്ഞു കയറി.
“എന്തുവാ അവന്റെ പേരെന്ന് പറഞ്ഞത്.” ജോർജ് മുതലാളിയുടെ ചോദ്യം ഇപ്പോൾ കുറേകൂടി അടുത്തു കേട്ടു ചാമി.
“വാഹിദ്. അവൻ നമ്മൾ കരുതിയ പോലെ ഒരു സാദാരണ ഡ്രൈവർ ആയിരുന്നില്ല. Well prepared fighter എന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു അവന്റെ ആക്രമണം. സത്യത്തിൽ അവൻ പ്രതിരോധിച്ചു എന്നല്ല പറയേണ്ടത്, ആക്രമിച്ചത് തന്നെ അവനായിരുന്നു. നമ്മുടെ ടീം ജീവനും കൊണ്ട് ഓടുവായിരുന്നു.” റോബിൻ നിരാശയോടെ പറയുന്നു. അവന്റെ നിൽപ്പ് ചാമിയുടെ മനസ്സിൽ ഒരു ചലച്ചിത്രത്തിൽ എന്ന പോലെ തെളിഞ്ഞു. ഭൂലോക തോൽവിയായി ജോർജ് മുതലാളിയുടെ മുന്നിൽ തലകുനിച്ചു നിൽപ്പാവും.
“ഏതാണവൻ. ആ രാജൻ ഏർപ്പാട് ചെയ്തു കൊടുത്തു എന്നല്ലേ നിങ്ങൾ ആരോ മുമ്പ് പറഞ്ഞത്. ആ ലോറിയെ അവൻ ശ്രദ്ധിച്ചു തുടങ്ങി എന്ന് പറഞ്ഞിട്ടാ ആ പരിപാടി ഞാൻ ഉപേക്ഷിച്ചത്. ഇതിപ്പോ ഏത് നരകത്തിൽ നിന്ന് കേറി വന്നതാ ആ സാത്താൻ.?” ജോർജ് മുതലാളി കലിതുള്ളുന്നു. കുപ്പിയുടെ ശബ്ദം കേൾക്കാം. താൻ കൊണ്ട് വന്ന വാറ്റ് കുടിച്ചു തുടങ്ങിയതാവും.
“ഞാൻ അന്വേഷിച്ചു. അപ്പോഴാ ആളെ മനസ്സിലായത്. പറഞ്ഞാൽ കുറേക്കാലം മുന്നോട്ട് പോകേണ്ടി വരും ജോർജെ. തനിക്ക് ഓർക്കാൻ നല്ല രസമുള്ള ഒരു ചരിത്രമാണ്.” കൂട്ടത്തിൽ അൽപ്പം മുഴങ്ങുന്ന ശബ്ദം ഉള്ള ഒരാളുടെ സംസാരം ഉയർന്നു. ആരാണീ വാഹിദ് എന്നോ എന്താണ് ഇവർ പറയുന്നത് എന്നോ ചാമിക്ക് മനസ്സിലായില്ല. തണുത്ത് വിറച്ചു മരത്തിൽ അള്ളിപ്പിടിച്ചിരുന്ന കൈകൾ മരവിച്ചു തുടങ്ങിയപ്പോൾ ചാമി പതുക്കെ ഒന്ന് രണ്ട് തവണ താഴോട്ടും മേലോട്ടും ഇറങ്ങിക്കയറി ശരീരം ഒന്ന് ചൂടാക്കി. മുകളിൽ സംസാരം തുടരുന്നു.
