ആ വൃദ്ധൻ നൽകിയ വലിയൊരു സഹായത്തിന് മുന്നിൽ, ഇത്രയും നേരം അയാളോട് കാണിച്ച ദേഷ്യമോർത്ത്
കൃതികയ്ക്ക് വല്ലാത്ത കുറ്റബോധം തോന്നി.
ആ പാവം മനുഷ്യന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവളുടെ കലിപ്പ് മാറി, ആ കണ്ണുകളിൽ സഹതാപം നിറഞ്ഞു.
“സോറി താത്താ… തെരിയാമ കത്തിട്ടെൻ… മന്നിപ്പിങ്കെ…”
(സോറി… അറിയാതെ ഒച്ചയിട്ടു പോയി… ക്ഷമിക്കണം…)
അവൾ അയാളുടെ കൈകളിൽ പിടിച്ച് ക്ഷമാപണം നടത്തി. ശേഷം പുറത്തേക്ക് കൈ ചൂണ്ടി ആ വൃദ്ധനെ ക്ഷണിച്ചു.
“വാങ്കെ… വെളിയ പോലാം…”
(വരൂ… പുറത്തേക്ക് പോകാം…)
അവൾ വിളിച്ചപ്പോൾ ഒരു മടിയോടെയാണെങ്കിലും, ഒരു കൊച്ചുകുട്ടിയുടെ അനുസരണയോടെ അയാൾ അവളുടെ കൂടെ നടന്നു. അവൾ എന്താണ് ചെയ്യാൻ പോകുന്നത് എന്നറിയാതെ ഞങ്ങളും അവളേ പിന്തുടർന്നു.
കൃതിക നേരെ പോയത് പോസ്റ്റ് ഓഫീസിന് തൊട്ടടുത്ത് തന്നെയുണ്ടായിരുന്ന ഒരു ചെറിയ ഹോട്ടലിലേക്കാണ്. ഉള്ളിൽ അധികം തിരക്കില്ല. അവൾ ആ വൃദ്ധനെ ഒരു കസേരയിൽ ഇരുത്തി.
“താത്താ… സാപ്പിട എന്ന വേണം…?”
(അപ്പൂപ്പാ… കഴിക്കാൻ എന്ത് വേണം…?)
അവൾ സ്നേഹത്തോടെ ചോദിച്ചു.
അയാൾ വേഗം കൈമലർത്തി.
“അയ്യോ… ഒണ്ണും വേണമ്മാ… ഇപ്പ താൻ ടീ കുടിച്ചേൻ…”
(അയ്യോ… ഒന്നും വേണ്ട മോളേ… ഇപ്പോൾ ചായ കുടിച്ചതേ ഉള്ളൂ…)
അയാൾ വേണ്ട എന്ന് പറഞ്ഞ് എഴുന്നേൽക്കാൻ തുനിഞ്ഞു. എന്നാൽ കൃതിക അയാളുടെ തോളിൽ പിടിച്ച് തിരികെ ഇരുത്തി.
“അപ്പടി ചൊല്ല കൂടാത്… ഇത് എൻ സന്തോഷത്തുക്ക്… പ്ലീസ് താത്താ… ഒരേ ഒരു ദോസൈ…”
(അങ്ങനെ പറയരുത്… ഇത് എന്റെ സന്തോഷത്തിന് വേണ്ടിയാണ്… പ്ലീസ്… ഒരേയൊരു ദോശ…)
അവൾ യാചിക്കുന്ന സ്വരത്തിൽ നിർബന്ധിച്ചു. അവളുടെ ആ സ്നേഹത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ ആ വൃദ്ധന് കഴിഞ്ഞില്ല. അയാൾ വലിയ താല്പര്യമില്ലാത്ത മട്ടിൽ, എന്നാൽ അവളുടെ നിർബന്ധത്തിന് വഴങ്ങി തല ചൊറിഞ്ഞുകൊണ്ട് ‘ശരി’ എന്ന് മൂളി.
“അണ്ണാ… ഒരു സ്പെഷ്യൽ ദോസൈ…”
കൃതിക ഹോട്ടലിന്റെ ഉള്ളിലേക്ക് നോക്കി തമിഴിൽ വിളിച്ചുപറഞ്ഞു. ശേഷം അവൾ അയാൾക്ക് എതിർവശത്തുള്ള കസേരയിൽ ഇരുന്നു. ഞങ്ങളും അവർക്ക് ചുറ്റുമായി, തൊട്ടടുത്ത ടേബിളുകളിൽ സ്ഥാനം പിടിച്ചു.
ഭക്ഷണം വരാൻ കാത്തിരിക്കുന്നതിനിടയിൽ രാഹുൽ പതിയെ ചോദിച്ചു:
“അല്ലടാ… വെറുതെ ഇരിക്കുകയല്ലേ… നല്ല മണം വരുന്നുണ്ട്… നമുക്കും കൂടെ എന്തെങ്കിലും കഴിച്ചാലോ?”
രാഹുലിന്റെ ആ ചോദ്യം കേട്ടപ്പോൾ എല്ലാവർക്കും അതൊരു നല്ല കാര്യമായി തോന്നി. വിശപ്പ് എല്ലാവർക്കും ഉണ്ടായിരുന്നു.
“അതൊരുനല്ല പോയിന്റാ… എങ്കിൽ നമുക്കും രണ്ട് ദോശ പറഞ്ഞേക്കാം…”
സച്ചിനും സപ്പോർട്ട് ചെയ്തു. അതുകൊണ്ട് ഞങ്ങൾ എല്ലാവരും കഴിക്കാനായി ദോശ ഓർഡർ ചെയ്തു.
ദോശ വരാൻ കാത്തിരിക്കുന്ന സമയത്ത്, കൃതിക ആ അവസരം മുതലെടുത്ത് പ്രൊഫസറെ പറ്റി കൂടുതൽ കാര്യങ്ങൾ ചോദിക്കാൻ ആ വൃദ്ധനോട് തുടങ്ങി…
അപ്പോൾ ഇതായിരുന്നു അവളുടെ മാസ്റ്റർ പ്ലാൻ… അമ്പടി…. 😌
“താത്താ… അന്ത ലൂക്കസ് അയ്യയെ പത്തി ചൊല്ലുങ്കെ… അവര് എപ്പടിപ്പട്ട ആളു…?”
(ആ ലൂക്കസ് സാറിനെ പറ്റി പറയൂ… അദ്ദേഹം എങ്ങനെയുള്ള ആളാണ്…?)
അവളുടെ ചോദ്യം കേട്ടതും ആ വയോധികന്റെ മുഖത്ത് ഒരു ബഹുമാനം തെളിഞ്ഞു.
“അടങ്കപ്പാ… ലൂക്കസ് അയ്യ പെരിയ ആളുമ്മാ… റൊമ്പ ബുദ്ധിശാലി… എപ്പോ പാർത്താലും പടിപ്പുടാ…”
(അമ്പോ… ലൂക്കസ് സാർ വലിയ ആളാ മോളേ… ഭയങ്കര ബുദ്ധിശാലിയാ… എപ്പോ നോക്കിയാലും പഠിപ്പാണ്…)
അയാൾ വാതോരാതെ പ്രൊഫസറെ പറ്റി പൊക്കി പറയാൻ തുടങ്ങി.
“അവർക്ക് തെരിയാത്ത വിഷയമേ ഇല്ലൈ… സയൻസ്, ചരിത്രം, വാനശാസ്ത്രം… എല്ലാം അത്തുപടി… ആനാ യാരു കിട്ടയും അധികം പേസമാട്ടാർ…”
(അദ്ദേഹത്തിന് അറിയാത്ത വിഷയമേ ഇല്ല… സയൻസ്, ചരിത്രം, വാനശാസ്ത്രം… എല്ലാം വശമാണ്… പക്ഷേ ആരോടും അധികം സംസാരിക്കില്ല…)
