അവൾ ഒന്ന് തലയാട്ടി. ശേഷം അവളുടെ നോട്ടം ആമിയിലേക്ക് നീണ്ടു.
“നീയാണെങ്കിലോ…?”
അവളുടെ ചോദ്യം കേട്ടതും ആമി ഒന്ന് പതറി. അവൾ എന്ത് പറയണമെന്നറിയാതെ ചുറ്റും നോക്കി. പെട്ടെന്ന്, നേരത്തെ ഞങ്ങൾ കണ്ട ആ സ്റ്റേജിൽ വാൾ പയറ്റ് നടത്തിക്കൊണ്ടിരുന്ന രണ്ടുപേരെ അവൾ വിരൽ ചൂണ്ടിക്കാണിച്ചു.
“അതുപോലെ…”
അവൾ വിറയലോടെ പറഞ്ഞു.
അതുകേട്ട് ആ പെണ്ണ് നിധിയെ നോക്കി.
“ഞാനും… ഞാനും അത് തന്നെയാണ് പഠിച്ചത്…”
ആമിയുടെ അതേ പാത പിന്തുടർന്ന് നിധിയും വിക്കി വിക്കി പറഞ്ഞു.
അവരുടെ മറുപടി കേട്ടതും അവളുടെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി തെളിഞ്ഞു.
“ഓക്കേ… നിങ്ങൾക്ക് ഇവിടെ അഡ്മിഷൻ തരാം…”
അവൾ കൈകെട്ടിക്കൊണ്ട് പറഞ്ഞു.
“പക്ഷേ… വെറുതേ തരാൻ പറ്റില്ല. നിങ്ങളുടെ കഴിവ് എനിക്ക് ബോധ്യപ്പെടണം. അതിന്, ഇവിടെയുള്ള ആരെങ്കിലുമായി നിങ്ങൾ ഒന്ന് ഫൈറ്റ് ചെയ്യണം. അതിൽ നിങ്ങൾ ജയിക്കുകയോ അല്ലെങ്കിൽ പിടിച്ചുനിൽക്കുകയോ ചെയ്താൽ… അഡ്മിഷൻ ഞാൻ ശരിയാക്കി തരാം.”
അവളുടെ വാക്കുകളിൽ ശാന്തത ഉണ്ടായിരുന്നെങ്കിലും, ആ കണ്ണുകളിൽ തിളങ്ങിയിരുന്നത് വേറെന്തോ ആയിരുന്നു. ഒരു ഇരയെ കിട്ടിയ വേട്ടക്കാരന്റെ തിളക്കം.
എനിക്കെന്തോ വലിയൊരു പന്തികേട് തോന്നി. ഇവൾ ഞങ്ങളെ ഇരയാക്കാൻ നോക്കുകയാണോ?
ഒരു മൈരും വേണ്ട… ഇവിടുന്ന് ജീവനും കൊണ്ട് പോവുന്നതാണ് നല്ലത്.
ഞാൻ വായ തുറന്നു.
“വേ…”
വേണ്ട എന്ന് പറയാൻ തുടങ്ങിയതും, എന്റെ കയ്യിൽ ആരോ അമർത്തിപ്പിടിച്ചു.
“സമ്മതം…”
നിധിയായിരുന്നു അത് പറഞ്ഞത്. ഉറച്ച ശബ്ദത്തിൽ.
ഞാൻ ഞെട്ടി അവളെ നോക്കി. അവൾ എന്താണ് ഈ കാണിക്കുന്നത്?
നിധിയുടെ മറുപടി കേട്ടതും ആ പെൺകുട്ടി കൈകൊട്ടി ചിരിച്ചു.
“പെർഫെക്ട്…”
അവൾ സൈഡിലേക്ക് കൈ ചൂണ്ടി.
“ആ കാണുന്ന വഴിയേ പോയാൽ ചെയ്ഞ്ചിങ് റൂമിലേക്ക് എത്താം. അവിടെ പോയി വേഷം മാറിക്കോളൂ… നിങ്ങൾക്കുള്ള ഡ്രസ്സ് അവിടെത്തന്നെ ഉണ്ടാവും…”
അവൾ പറഞ്ഞതും, ഒരു യന്ത്രത്തെപ്പോലെ നിധിയും ആമിയും അങ്ങോട്ട് നടന്നു. വേറെ വഴിയില്ലാതെ ഞാനും അവരുടെ കൂടെ കൂടി.
ആ പെണ്ണിന്റെയും മറ്റുള്ളവരുടെയും കാഴ്ചയിൽ നിന്നും മാറിയതും, ഒരു തൂണിന്റെ മറവിലേക്ക് എത്തിയപ്പോൾ ഞാൻ നിധിയുടെ കൈ ബലമായി പിടിച്ചു വലിച്ചു.
“നീ എന്തിനാടി അങ്ങനെ പറഞ്ഞേ…? നിനക്ക് വട്ടുണ്ടോ…? നമ്മൾ വിചാരിക്കുന്ന പോലെയല്ല കാര്യങ്ങൾ…”
നിധി എന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.
“ദേവാ… ഞാൻ അവളെ കണ്ട മുതൽ അവളുടെ മനസ്സ് വായിക്കാൻ ശ്രമിക്കുകയാണ്…”
അവൾ ശബ്ദം താഴ്ത്തി പറഞ്ഞു.
“പക്ഷേ… അവളുടെ മനസ്സ്… അത് ശൂന്യമാണ്. ഒന്നും കാണാൻ കഴിയുന്നില്ല. ഒരു ഇരുണ്ട ഗർത്തം പോലെ. അത് എന്താണെന്ന് അറിയണം. അതിന് കുറച്ചു നേരം കൂടി നമ്മൾ ഇവിടെ നിന്നേ പറ്റൂ. അതിന് വേണ്ടിയാണ് ഞാൻ സമ്മതിച്ചത്…”
“എടി… എന്നാലും അത് വേണ്ടായിരുന്നു… അവൾ നമ്മൾ കരുതുന്ന പോലെയല്ല. എന്തെങ്കിലും ചെറിയ മിസ്റ്റേക്ക് പറ്റിയാൽ… പിന്നെ നമുക്ക് ഇവിടെ നിന്നും ജീവനോടെ പോവാൻ കഴിയില്ല…”
എന്റെ വാക്കുകളിൽ ഭയം നിറഞ്ഞുനിന്നു. ഞാനും നിധിയും പരസ്പരം നോക്കി, എന്ത് ചെയ്യണമെന്നറിയാതെ നിന്നു.
“പേടിക്കണ്ട…”
പെട്ടെന്ന് ആമിയുടെ ശബ്ദം കേട്ട് ഞങ്ങൾ രണ്ടുപേരും ഞെട്ടിത്തിരിഞ്ഞു.
ഇത്രയും നേരം പേടിച്ചുവിറച്ചു നിന്നിരുന്ന ആമിയല്ല ഇപ്പോൾ മുന്നിൽ. അവളുടെ മുഖത്ത് യാതൊരു ടെൻഷനുമില്ല. വല്ലാത്തൊരു ശാന്തത. കണ്ണുകളിൽ ഒരു പ്രത്യേക തിളക്കം.
അവൾ ഞങ്ങളെ നോക്കി പുഞ്ചിരിച്ചു.
“ഞാൻ കൂടെയുണ്ടല്ലോ… പിന്നെ എന്തിനാ പേടിക്കുന്നത്…?”
അവൾ വീണ്ടും പറഞ്ഞുതുടങ്ങി:
“പക്ഷേ ഒരു കാര്യം… ഞാൻ ചെയ്യുന്നത് അധികമായാൽ… എന്നെ നിങ്ങൾ അതിൽ നിന്നും പിന്തിരിപ്പിക്കണം… അത് മാത്രം മതി…”
