ആ വയോധികൻ ആകെ ഭയന്നുപോയി. കൈയിലുണ്ടായിരുന്ന ഒരു പഴയ സഞ്ചി നെഞ്ചോട് ചേർത്തുകൊണ്ട് അയാൾ വിറയലോടെ തൊഴുതു.
“അയ്യോ… മന്നിപ്പിങ്കമ്മാ… തെരിയാമ ഇടിച്ചിട്ടേൻ… വയസായിടുച്ചില്ലെ… കണ്ണ് ശരിയാ തെരിയാത് മാ… മന്നിപ്പിങ്കെ…”
(അയ്യോ… ക്ഷമിക്കണം മോളേ… അറിയാതെ ഇടിച്ചതാണ്… വയസ്സായില്ലേ… കണ്ണ് ശരിക്ക് കാണില്ല മോളേ… ക്ഷമിക്കണം…)
അയാൾ തമിഴിൽ ക്ഷമാപണം നടത്തിക്കൊണ്ട് വിറയ്ക്കുന്ന കൈകളോടെ താഴേക്ക് കുനിഞ്ഞു.
“ഇപ്പ എടുത്തു തരേമ്മാ…”
(ഇപ്പൊ എടുത്തു തരാം മോളേ…)
അയാൾ സാവധാനം ആ ഫോൺ നിലത്തു നിന്നും എടുത്തു. ലോക്ക് വീഴാത്തതുകൊണ്ട്, നേരത്തെ ഞങ്ങൾ ആ ഓഫീസർക്ക് കാണിച്ചുകൊടുത്ത പ്രൊഫസറുടെ ഫോട്ടോ അപ്പോഴും സ്ക്രീനിൽ തെളിഞ്ഞുനിൽപ്പുണ്ടായിരുന്നു.
അയാൾ ഫോൺ കൃതികയ്ക്ക് നേരെ നീട്ടി.
എന്നാൽ ദേഷ്യം അടങ്ങാത്ത കൃതിക അയാളുടെ മുഖത്തുപോലും നോക്കാതെ, ഒരു മയവുമില്ലാതെ ആ ഫോൺ അയാളുടെ കയ്യിൽ നിന്നും പിടിച്ചുവാങ്ങി.
“മാറി നിക്കങ്ങോട്ട്…”
അവൾ ഫോൺ വാങ്ങി ബാഗിലേക്ക് ഇടാൻ തുനിഞ്ഞു.
എന്നാൽ ആ വയോധികൻ അപ്പോഴും അവിടെത്തന്നെ നിൽക്കുകയായിരുന്നു.
അയാളുടെ കണ്ണുകൾ കൃതികയുടെ
കയ്യിലുള്ള ഫോണിൽ തന്നെ ഉടക്കിനിന്നു. നെറ്റി ചുളിച്ചുകൊണ്ട് അയാൾ എന്തോ ഓർത്തെടുക്കാൻ ശ്രമിക്കുന്നത് പോലെ തോന്നി.
“ഒരു നിമിഷം മാ…”
(ഒരു നിമിഷം മോളേ…)
അയാൾ കൃതികയെ തടഞ്ഞു. എന്നിട്ട് ആ ഫോണിലേക്ക് വിരൽ ചൂണ്ടി ചോദിച്ചു.
“അതുല ഇറുക്കറതു… ഇത് ലൂക്കസ് അയ്യ താനേ…?”
(അതിൽ ഇരിക്കുന്നത്… ഇത് ലൂക്കസ് സാറല്ലേ…?)അയാൾ ആലോചിച്ചുറക്കെ ചോദിച്ച ആ പേര് എന്റെ കാതിൽ മുഴങ്ങി.
ഞാൻ ഞെട്ടിത്തരിച്ചുപോയി. കൃതിക ബാഗ് അടയ്ക്കാൻ പോയ കൈ പാതിവഴിയിൽ നിർത്തി. ഞങ്ങളെല്ലാവരും ഒരേപോലെ ആ വയോധികനെ ഉറ്റുനോക്കി.
“എന്താ…? എന്താ അണ്ണാ ഇപ്പോ പറഞ്ഞേ…?”
ഞാൻ വേഗം അയാളുടെ അടുത്തേക്ക് ചെന്നു. അയാൾ പറഞ്ഞത് എനിക്ക് വെറുതെ തോന്നിയതാണോ എന്നൊരു സംശയം.
“അണ്ണാ… ഉങ്കൾക്ക്… ഉങ്കൾക്ക് ഇവരെയെ തെരിയുമോ…? ഇന്ത ഫോട്ടോയില് ഇരിക്കറവരെ…?”
എനിക്കറിയാവുന്ന തമിഴും മലയാളവും കൂട്ടിക്കുഴച്ച് ഞാൻ വെപ്രാളത്തോടെ ചോദിച്ചു.
എന്റെ ചോദ്യം കേട്ടതും ആ വയോധികന്റെ ചുളിവ് വീണ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.
“പിന്ന തെരിയാമ… ഇന്ത ഊരുക്കുള്ളെ ലൂക്കസ് അയ്യയെ തെരിയാതവങ്കെ യാരും ഇറുക്കമാട്ടാങ്കെ… റൊമ്പ നല്ല മനുഷ്യൻ… ആനാ ഇപ്പ കൊഞ്ചം വർഷമാ വെളിയ വരമാട്ടാരു…”(പിന്നെ അറിയാതെ… ഈ നാട്ടിൽ ലൂക്കസ് സാറിനെ അറിയാത്തവരായി ആരും കാണില്ല… വളരെ നല്ല മനുഷ്യനാ… പക്ഷേ ഇപ്പോൾ കുറച്ചു വർഷമായി പുറത്തൊന്നും വരാറില്ല…)
അയാൾ പറഞ്ഞ ഓരോ വാക്കും ഞങ്ങൾക്ക് അമൃത് പോലെയാണ് തോന്നിയത്. ദൈവം നേരിട്ട് വന്ന് വഴി കാണിച്ചുതന്നതുപോലെ.
“അണ്ണാ… വീട്… ഇദ്ദേഹത്തിന്റെ വീട് എവിടെയാ…? അഡ്രസ് ഒന്ന് പറയുമോ അണ്ണാ… പ്ലീസ്…”
ഞാൻ അയാളുടെ കൈയിൽ കടന്നുപിടിച്ചു.
അയാൾ ഒന്ന് ആലോചിച്ചു. ശേഷം പോസ്റ്റ് ഓഫീസിന് വെളിയിലേക്ക് വിരൽ ചൂണ്ടി.
“ഇങ്ക ഇരുന്ത് നേരാ പോയി… പഴയ റെയിൽവേ സ്റ്റേഷൻ റോഡ്-ന്ന് കേട്ടാൽ യാരും ചൊല്ലുവങ്കെ… അങ്ക പോയിട്ട് ‘മരതക വില്ല’ എങ്കെന്ന് കേൾക്കണം… കാളിയമ്മൻ കോവിലുക്ക് എതിരേ താൻ അന്ത വീട്… പെരിയ വീട് പാ…”
(ഇവിടെ നിന്ന് നേരെ പോയി… പഴയ റെയിൽവേ സ്റ്റേഷൻ റോഡ് എന്ന് ചോദിച്ചാൽ ആരും പറഞ്ഞുതരും… അവിടെ പോയിട്ട് ‘മരതക വില്ല’ എവിടെയാണെന്ന് ചോദിക്കണം… കാളിയമ്മൻ കോവിലിന് എതിർവശത്താണ് ആ വീട്… വലിയ വീടാ…)
“മരതക വില്ല… പഴയ റെയിൽവേ സ്റ്റേഷൻ റോഡ്…”
ഞാൻ ആ അഡ്രസ് മനസ്സിൽ പലവട്ടം ഉരുവിട്ടു.
“നന്ദി അണ്ണാ… ഒരുപാട് നന്ദി…”
സന്തോഷം കൊണ്ട് എനിക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. കൃതിക പോലും തന്റെ ദേഷ്യം മറന്ന്, താൻ ചീത്തവിളിച്ച ആ വയസ്സനേ അത്ഭുതത്തോടെ നോക്കിനിന്നു. ഞങ്ങൾ തേടി നടന്ന നിധി കൺമുന്നിൽ എത്തിയ സന്തോഷത്തിലായിരുന്നു എല്ലാവരും.
