നിധിയുടെ കാവൽക്കാരൻ – 18 80അടിപൊളി 

 

അതൊരു സാധാരണ വീടോ ഹോട്ടലോ മറ്റോ ആയിരുന്നില്ല. ലോകത്തുള്ള സകല അയോധന കലകളും പരിശീലിപ്പിക്കുന്ന ഒരു വലിയ ഇൻസ്റ്റിറ്റ്യൂട്ട് ആയിരുന്നു അത്.

 

ചൈനീസ്, ജാപ്പനീസ് വാസ്തുവിദ്യയിൽ പണിത പരിശീലന കേന്ദ്രങ്ങൾ ആ വളപ്പിലെ പലയിടങ്ങളിലായി തലയുയർത്തി നിൽക്കുന്നു. ഓരോന്നിനും ഓരോ പ്രത്യേകതകളുണ്ട്. ചിലത് തുറസ്സായ സ്ഥലത്താണെങ്കിൽ, ചിലത് മരത്തടികൾ കൊണ്ട് നിർമ്മിച്ച മനോഹരമായ കെട്ടിടങ്ങളാണ്.

 

ഓരോ കെട്ടിടത്തിനും ഓരോ അയോധന കലകൾക്കായുള്ള പ്രത്യേക ഇടങ്ങൾ വേർതിരിച്ചിട്ടുണ്ട്.

അവിടെ പരിശീലനം നടത്തുന്നവരെ കണ്ടപ്പോൾ ഞങ്ങൾ വാ പൊളിച്ചു പോയി.

 

കറുത്ത വസ്ത്രം ധരിച്ച നൂറുകണക്കിന് ആളുകൾ. ചിലർ മരത്തിന്റെ ചുവട്ടിൽ ഒറ്റയ്ക്ക് നിന്ന് വായുവിൽ കൈകാലുകൾ വീശി പരിശീലിക്കുന്നു. മറ്റു ചിലർ കൂട്ടമായി നിന്ന് ഒരേ താളത്തിൽ അഭ്യാസങ്ങൾ കാണിക്കുന്നു. അവരുടെ ഓരോ ചലനത്തിലും വല്ലാത്തൊരു അച്ചടക്കവും കരുത്തും പ്രകടമായിരുന്നു.

കുട്ടികൾ മുതൽ മുതിർന്നവർ വരെ ആ കൂട്ടത്തിലുണ്ട്.

 

കുറച്ചു മാറി നോക്കിയപ്പോൾ കണ്ട കാഴ്ച അതിലും മനോഹരമായിരുന്നു.

ഒരു വലിയ ജലാശയം. അതിൽ നിറയെ വിരിഞ്ഞു നിൽക്കുന്ന വലിയ താമരകൾ. തെളിഞ്ഞ വെള്ളത്തിൽ നീന്തിത്തുടിക്കുന്ന സ്വർണ്ണ നിറമുള്ള അലങ്കാര മത്സ്യങ്ങൾ. ആ ജലാശയത്തിന്റെ നടുവിലായി, വെള്ളത്തിന് മുകളിൽ പണിത ഒരു മണ്ഡപം. അവിടെ കുറേപ്പേർ വെള്ള വസ്ത്രം ധരിച്ച് കണ്ണടച്ച്, പദ്മാസനത്തിൽ തപസ്സ് ഇരിക്കുന്നത് പോലെ ധ്യാനത്തിലിരിക്കുന്നു. ചുറ്റുമുള്ള ബഹളങ്ങളൊന്നും അവരെ ബാധിക്കുന്നില്ല.

ആ പരിസരത്താവട്ടെ, പലതരം പക്ഷികൾ… വർണ്ണപ്പകിട്ടുള്ള തത്തകളും, പ്രാവുകളും, അപൂർവ്വയിനം പറവകളും ഒക്കെ ആരെയും ഭയക്കാതെ സ്വതന്ത്രമായി പറന്നു നടക്കുന്നു.

 

ശരിക്കും ഒരു പറുദീസ എന്ന് വിശേഷിപ്പിക്കാം ഈ സ്ഥലത്തെ….

 

“എടാ… ഇത് തമിഴ്നാട് തന്നെയാണോ…?”

 

റോസ് ചുറ്റും നോക്കി അത്ഭുതത്തോടെ ചോദിച്ചു. അവളുടെ ചോദ്യം ന്യായമായിരുന്നു. ജപ്പാനിലോ ചൈനയിലോ എത്തിയ ഒരു പ്രതീതി.

 

കല്ലുകൾ പാകിയ മനോഹരമായ നടപ്പാതയിലൂടെ ഞങ്ങൾ ഓരോന്നും നോക്കി മുന്നോട്ട് നടന്നു. ആ അന്തരീക്ഷത്തിലെ ശാന്തതയും, ഇടയ്ക്കിടെ കേൾക്കുന്ന പരിശീലനത്തിന്റെ ശബ്ദങ്ങളും വല്ലാത്തൊരു അനുഭൂതിയാണ് നൽകിയത്.

 

പെട്ടെന്നാണ് ഞങ്ങൾ ഒരു വലിയ കെട്ടിടത്തിന് മുന്നിലെത്തിയത്.

മരം കൊണ്ട് നിർമ്മിച്ച, അരികുകൾ വളഞ്ഞ മേൽക്കൂരയോട് കൂടിയ പഴയൊരു ജാപ്പനീസ് ക്ഷേത്രത്തെ ഓർമ്മിപ്പിക്കുന്ന വലിയൊരു ഹാൾ.

 

ഞങ്ങൾ അതിനടുത്തേക്ക് എത്തിയതും ഉള്ളിൽ നിന്നും ലോഹങ്ങൾ തമ്മിൽ ഉരസുന്ന ശബ്ദം കേട്ടു.

 

അതും വാളുകൾ തമ്മിൽ കൂട്ടിമുട്ടുന്ന, രക്തം മരവിപ്പിക്കുന്ന ശബ്ദം.

 

ആ ശബ്ദം കേട്ടതും ഞങ്ങൾ നടത്തം നിർത്തി. എന്തോ ഒരു ആകാംഷ ഞങ്ങളെ അങ്ങോട്ട് വലിച്ചടുപ്പിച്ചു.

 

“വാ… നോക്കാം…”

 

ഞാൻ മെല്ലെ ആ ഹാളിന്റെ തുറന്ന വാതിലിലേക്ക് നടന്നു. പിന്നാലെ ബാക്കിയുള്ളവരും. അവിടെ എന്താണ് നടക്കുന്നതെന്ന് കാണാനുള്ള ആകാംക്ഷയോടെ ഞങ്ങൾ അതിനുള്ളിലേക്ക് കയറി….

 

പുറത്തെ ശാന്തമായ അന്തരീക്ഷത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ, വീര്യം തുളുമ്പുന്ന ഒരു ലോകമായിരുന്നു അതിനുള്ളിൽ.

 

മിനുസപ്പെടുത്തിയ തടിപ്പാകിയ തറ.

 

വായുവിൽ വിയർപ്പിന്റെയും, പഴക്കമുള്ള മരത്തിന്റെയും, എന്തോ ഒരുതരം എണ്ണയുടെയും സമ്മിശ്ര ഗന്ധം തളംകെട്ടി നിൽക്കുന്നു.

 

ഹാളിന്റെ അരികുകളിലായി കറുത്ത കിമോണോ (Kimono) വസ്ത്രം ധരിച്ച, ഞങ്ങളുടെ അതേ പ്രായം തോന്നിക്കുന്ന വിരലിലെണ്ണാവുന്ന കുറച്ചുപേർ നിൽക്കുന്നുണ്ടായിരുന്നു.

അവരുടെയെല്ലാം കൈകളിൽ ‘കാറ്റാന’ (Katana) എന്ന് വിളിക്കുന്ന ജാപ്പനീസ് വാളുകൾ തിളങ്ങിനിൽക്കുന്നത് കാണാം.

 

അവരുടെയെല്ലാം ശ്രദ്ധ ഹാളിന്റെ ഒത്ത നടുവിലായി, തറയിൽ നിന്നും അല്പം ഉയർത്തിക്കെട്ടിയ ഒരു ചതുരശ്ര മരത്തട്ടിൽ തറച്ചുനിൽക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *