അതിന് മറുപടിയായി റോസ് എന്നെയും കൃതികയെയും മാറി മാറി നോക്കി. ശ്വാസം നേരെയാക്കാൻ പോലും അവൾക്ക് സാധിക്കുന്നുണ്ടായിരുന്നില്ല.
“നി… നിധി മലയിലേക്കുള്ള… ആ വഴിയിൽ വെച്ച്… നമ്മൾ കണ്ട… ആ പെണ്ണ്…”
അവളുടെ ആ വാക്കുകൾ കേട്ടതും എന്റെ നെഞ്ചിൽ വലിയൊരു ആന്തൽ ഉണ്ടായി. ഒരു നിമിഷം ഹൃദയം നിലച്ചുപോയതുപോലെ. ആ രാത്രിയിലെ പേടിപ്പിക്കുന്ന ഓർമ്മകൾ എന്റെ മനസ്സിലേക്ക് ഇരച്ചുകയറി.
“നീ എന്തൊക്കെയാ ഈ പറയുന്നേ…? എവിടെ…?”
കൃതിക അവളെ തട്ടി വിളിച്ചു ചോദിച്ചു.
റോസ് പതിയെ തല വെട്ടിച്ച്, ഞങ്ങളുടെ വണ്ടിയുടെ തൊട്ടു സൈഡിൽ നിർത്തിയിട്ടിരുന്ന ഒരു കറുത്ത കാറിലേക്ക് നോക്കി.
ഞാനും അങ്ങോട്ട് നോക്കി.
നോക്കിയ നിമിഷം ഞാൻ തറഞ്ഞുപോയി.
ആ കാറിന്റെ പിൻസീറ്റിലെ വിൻഡോ ഗ്ലാസ് താഴ്ത്തിയിട്ടിരിക്കുകയാണ്. അതിലൂടെ പുറത്തേക്ക് തലയിട്ട് കിടക്കുന്ന, അഴിച്ചിട്ട മുടിയും വശീകരിക്കുന്ന സൗന്ദര്യവുമുള്ള ആ രൂപം…
അതെ… സംശയമില്ല. അത് അവൾ തന്നെ.
ആ സുന്ദരിയായ രാക്ഷസി.
അവളുടെ കണ്ണുകൾ അടഞ്ഞിരിക്കുകയായിരുന്നു, കാറ്റിൽ മുടിയിഴകൾ പാറിപ്പറക്കുന്നു. കണ്ടാൽ ആരും ഒന്ന് നോക്കിപ്പോകുന്ന സൗന്ദര്യം. പക്ഷേ ആ സൗന്ദര്യത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടം എനിക്കറിയാമായിരുന്നു.
ഞാൻ അത്ഭുതത്തോടെയും അൽപ്പം ഭയത്തോടെയും നോക്കിനിൽക്കെ, സിഗ്നൽ പച്ചയായി.
പെട്ടെന്ന് ആ കറുത്ത കാർ മുന്നോട്ടെടുത്ത്, ഞങ്ങൾക്ക് പോകേണ്ടിയിരുന്ന വഴിക്ക് നേരെ എതിർവശത്തുള്ള റോഡിലേക്ക് തിരിഞ്ഞു പോയി.
എന്ത് ചെയ്യണമെന്നറിയാതെ സ്തബ്ധനായി ഇരിക്കാനേ എനിക്ക് സാധിച്ചുള്ളൂ….
പുറകിൽ നിന്നും ഹോൺ അടികൾ നിർത്താതെ മുഴങ്ങാൻ തുടങ്ങി.
കുറെയേറെ വണ്ടികളുടെ ഹോൺ ശബ്ദം. എന്റെ ചെവിയിൽ അത് ഇരച്ചു കയറി.
എങ്ങോട്ട് പോവണം? പ്രൊഫസറെ കാണാൻ പോവണോ? അതോ ഇവളെ പിന്തുടരണോ?
തല പുകയുന്ന ചിന്തകൾ. പുറകിലെ വണ്ടിക്കാരുടെ ചീത്തവിളിയും ഹോൺ അടിയും കൂടിയപ്പോൾ എനിക്ക് വേറെ ഒന്നും ആലോചിക്കാൻ സമയം കിട്ടിയില്ല.
ഇവളെ ഇപ്പോൾ വിട്ടാൽ, ഇനി ഒരിക്കലും കണ്ടുപിടിക്കാൻ പറ്റില്ലെന്ന് എന്റെ മനസ്സ് പറഞ്ഞു.
“മൈര്……”
ഞാൻ രണ്ടും കൽപ്പിച്ചു.
സ്റ്റിയറിംഗ് വെട്ടിച്ച്, ആ ജംഗ്ഷനിൽ നിന്നും യു-ടേൺ എടുത്ത് ഞാൻ ആ കറുത്ത കാറിന്റെ പിന്നാലെ കുതിച്ചു.
“എടാ… നീ എങ്ങോട്ടാ ഈ പോവുന്നേ…?”
സച്ചിൻ വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു.
പക്ഷേ അതൊന്നും കേൾക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ. എന്റെ കണ്ണ് ആ കറുത്ത കാറിൽ മാത്രമായിരുന്നു.
ഇതിനിടയിൽ കൃതികയും റോസും അവരുടെ ചോദ്യത്തിന് മറുപടി പറഞ്ഞിരുന്നു…
കാറിനെ പിന്തുടർന്ന് ഞങ്ങൾ നഗരത്തിരക്കുകളിൽ നിന്നും മാറി, കുറച്ച് വിജനമായ ഒരു വഴിയിലേക്ക് കയറി.
കുറച്ച് ദൂരം മുന്നോട്ട് പോയതും, റോഡിന്റെ ഒരു വശത്തായി ഉയർന്നു നിൽക്കുന്ന വലിയ മതിലുകൾ ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു.
പുറത്തുനിന്നും നോക്കിയാൽ അതിനുള്ളിൽ എന്താണെന്ന് ഒരു തരി പോലും കാണാൻ സാധിക്കാത്ത അത്രയും വലിപ്പമുണ്ടായിരുന്നു ആ മതിലുകൾക്ക്.
ഞങ്ങൾ നോക്കി നിൽക്കെ ആ കാർ നേരെ ചെന്ന് നിന്നത് ആ മതിലുകൾക്ക് നടുവിലുള്ള ഒരു വലിയ ഗേറ്റിന് മുന്നിലായിരുന്നു. കാർ എത്തിയതും ശബ്ദമില്ലാതെ ആ ഗേറ്റ് തുറക്കപ്പെട്ടു. കാർ അതിനുള്ളിലേക്ക് മറഞ്ഞു. ഒട്ടും വൈകാതെ തന്നെ ആ വാതിൽ അടയുകയും ചെയ്തു.
ഞങ്ങൾ വണ്ടി കുറച്ചു മാറി, ആർക്കും സംശയം തോന്നാത്ത രീതിയിൽ ഒതുക്കി നിർത്തി.
“വാ… പോയി നോക്കാം…”
നട്ടുച്ച വെയിലായതുകൊണ്ട് തന്നെ, റോഡിൽ കാര്യമായി ആരുമില്ലായിരുന്നു. ഞങ്ങൾ ഒരു സാധാരണ കാഴ്ചക്കാർ എന്ന രീതിയിൽ, ഒരു പതർച്ചയും കൂടാതെ ആ ഗേറ്റിന് അടുത്തേക്ക് നടന്നു.
എന്നാൽ അടുത്തെത്തിയതും ഞങ്ങൾ അത്ഭുതത്തോടെ പരസ്പരം നോക്കിപ്പോയി.
