ഒരു ഇരുപത് മിനിറ്റ് നടന്നപ്പോഴേക്കും എനിക്ക് പ്രാന്ത് പിടിക്കുന്ന അവസ്ഥയായി.
കയ്യിലുള്ളത് ആകെ ഒരു ഫോട്ടോയും, കേട്ടാൽ കരണം പൊകക്കാൻ തോന്നുന്ന ഒരു കള്ളപ്പേരും മാത്രം….
ഇത് വെച്ച് എവിടെയെന്ന് പറഞ്ഞ ഒരാളെ കണ്ടുപിടിക്കുക? ഇനി അയാൾ മരിച്ചു പോയിട്ടുണ്ടാവുമോ? ഇല്ലെങ്കിൽ, കയ്യിൽ കിട്ടിയാൽ അയാളെ ഞാൻ തന്നേ കൊല്ലും. 😐
ചിന്തകൾ കാടുകയറിയപ്പോൾ ഞാൻ പെട്ടെന്ന് നടത്തം നിർത്തി.
എവിടെയാണെന്ന് വലിയ പിടിയില്ല, പക്ഷേ തിരക്കുള്ള ഒരു മെയിൻ റോഡിൽ എത്തിയിട്ടുണ്ട്.
ഞാൻ തിരിഞ്ഞ് കൃതികയെ നോക്കി. വെയിലുകൊണ്ട് എല്ലാവരും വിയർത്തിട്ടുണ്ട്.
“എടി… നിനക്ക് നിന്റെ അച്ഛനോട് ചോദിച്ച് നമുക്ക് ഒരു കാർ വല്ലതും ഒപ്പിച്ചു തരാൻ പറ്റുമോ? വെറുതെ നടന്ന് കാല് കഴയ്ക്കുന്നു…ഇനി പൈസ ഇല്ലെങ്കിൽ ഞാൻ കൊടുക്കാം എന്ന് പറ..”
ഒരു തമാശ രീതിയിൽ ഞാനത് പറഞ്ഞതും, നടന്നുകൊണ്ടിരുന്ന കൃതിക പെട്ടെന്ന് സഡൻ ബ്രേക്കിട്ടപോലെ നിന്നു. ശേഷം സാവധാനം തല വെട്ടിച്ച് അവൾ എന്നെയൊന്നു നോക്കി.
ആ നോട്ടം കണ്ടപ്പോൾ തന്നെ എനിക്ക് പന്തികേട് തോന്നി. തമാശക്ക് ചോദിച്ചതാണെങ്കിലും അവൾ അത് കാര്യമായി എടുത്തോ എന്നൊരു സംശയം.
“അയ്യോ… നീ ഇങ്ങനെ എന്നേ നോക്കൊന്നും വേണ്ട. ഞാൻ വെറുതേ ഒരു തമാശ പറഞ്ഞതാ… നമുക്ക് നടക്കാം… നടന്ന് നടന്ന് കാലിലെ മസിലൊക്കെ ഒന്ന് സെറ്റാവട്ടെ…”
ഞാൻ അതും പറഞ്ഞ് ഇളിഞ്ഞ ചിരിയോടെ വീണ്ടും നടക്കാൻ തുനിഞ്ഞതേയുള്ളൂ…
“ദേവാ…”
പിന്നിൽ നിന്നും അവളുടെ വിളി വന്നു.
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവൾ റോഡിന്റെ സൈഡിലേക്ക് വിരൽ ചൂണ്ടി നിൽക്കുകയാണ്.
“എന്താ…?”
അവൾ ചൂണ്ടിയ ഭാഗത്തേക്ക് ഞാൻ നോക്കി. അവിടെ കുറച്ച് കാറുകൾ നിരത്തിയിട്ടിരിക്കുന്ന ഒരു സ്ഥാപനം. ‘ശ്രീ മുരുകാ കാർസ്’ എന്ന ബോർഡ് കണ്ടപ്പോൾ ഞാൻ അന്തിച്ചുപോയി.
ഞാൻ ഞെട്ടലോടെ കൃതികയെ നോക്കി.
“എടി… ഞാൻ സത്യായിട്ടും വെറുതേ പറഞ്ഞതാ… നീ ആ ഷോപ്പിലെ കാറും നോക്കി നിൽക്കണ്ട. ഇപ്പോൾ വണ്ടി വാങ്ങാൻ മാത്രം കാശൊന്നും എന്റെ കയ്യിലില്ല. നീ അത് വാങ്ങാൻ നിക്കണ്ട…”
എന്റെ വെപ്രാളം കണ്ട് അവൾ പുച്ഛത്തോടെ എന്നെയൊന്നു നോക്കി.
“ഒന്ന് പോടാ ചെക്കാ… അത് കാർ വിൽക്കുന്ന സ്ഥലമല്ല, റെന്റിന് കൊടുക്കുന്ന സ്ഥലമാണ്. ബോർഡ് മര്യാദക്ക് വായിച്ച് നോക്ക്…”
അവൾ പറഞ്ഞപ്പോഴാണ് ഞാൻ ബോർഡിലെ ചെറിയ അക്ഷരങ്ങൾ ശ്രദ്ധിച്ചത്. ‘റെന്റ് എ കാർ’ എന്ന് എഴുതിയിട്ടുണ്ട്.
ഹാവൂ… വണ്ടി വാങ്ങണ്ടല്ലോ… ഭാഗ്യം. 😌
ഞങ്ങൾ എല്ലാവരും ഒരുമിച്ച് അങ്ങോട്ട് നോക്കി. റോഡിന് അപ്പുറത്താണ് കട. എന്ത് ചെയ്യണം എന്ന രീതിയിൽ ഞാൻ എല്ലാവരെയും നോക്കി.
“എന്നാ പിന്നെ അങ്ങോട്ട് പോവാം… നടന്ന് മടുത്തു…”
രാഹുൽ പറഞ്ഞതോടെ ഞങ്ങൾ റോഡ് മുറിച്ച് കടയുടെ മുന്നിലെത്തി.
കടയുടെ പുറത്ത് ലുങ്കിയുടുത്ത് കുറിയൊക്കെ തൊട്ട് തനി തമിഴനായ ഒരാൾ ഇരിക്കുന്നുണ്ട്.
എനിക്ക് തമിഴ് അറിയാമെങ്കിലും തിരിച്ചു പറഞ്ഞാൽ അവർക്ക് മനസ്സിലാവില്ലാത്തതുകൊണ്ട് ഞാൻ ആ ദൗത്യം കൃതികയെ ഏൽപ്പിച്ചു.
“നീ തന്നെ പോയി കാര്യം പറ…”
അവൾ തലയാട്ടിയിട്ട്, ആ കടയുടെ ഓണറുടെ അടുത്തേക്ക് നടന്നു. ഞങ്ങൾ കുറച്ചു മാറിനിന്ന് നോക്കി.
അവൾ എന്തൊക്കെയോ അയാളോട് ചോദിക്കുന്നുണ്ട്. കൈകൊണ്ട് ആക്ഷൻ കാണിക്കുന്നു, ഇടയ്ക്ക് ഞങ്ങളുടെ അടുത്തേക്ക് നോക്കുന്നു… ഗൗരവത്തിലുള്ള ചർച്ചയാണ്.
കുറച്ചു സമയത്തെ സംസാരത്തിന് ശേഷം അവൾ തിരികെ ഞങ്ങളുടെ അടുത്തേക്ക് വന്നു.
“നമുക്ക് ഒരു കാർ എടുത്താലോ? ഇവിടെ നല്ല വണ്ടികൾ ഉണ്ട്…”
വളരെ കൂളായി, ഏതോ സൂപ്പർമാർക്കറ്റിൽ നിന്നും കളിപ്പാട്ടം സെലക്ട് ചെയ്യാൻ നിൽക്കുന്ന ലാഘവത്തോടെ അവൾ ചോദിച്ചു
“കാർ എടുക്കുന്നതൊക്കെ കൊള്ളാം… പക്ഷേ എത്രയാവും?”
