നിധിയുടെ കാവൽക്കാരൻ – 18 80അടിപൊളി 

ഞാൻ പെട്ടെന്ന് ആമിയെ ഒന്ന് നോക്കി.

 

അവളുടെ നിൽപ്പ്, ഭാവം… എല്ലാം മാറിയിരിക്കുന്നു. ഞാൻ അവളുടെ വലതു കയ്യിലേക്ക് ശ്രദ്ധിച്ചു. വാൾ പിടിച്ചിരിക്കുന്ന കൈയ്യിൽ ഒരു കറുത്ത ഗ്ലൗസ് അവൾ ഇട്ടിട്ടുണ്ട്.

 

‘മോതിരം…’

 

എന്തോ പന്തികേട് തോന്നിയ ഞാൻ, തൊട്ടടുത്ത് നിന്നിരുന്ന റോസിന്റെ കയ്യിൽ നിന്നും ആമിയുടെ ആ ചെറിയ സ്ലിംഗ് ബാഗ് പിടിച്ചുവാങ്ങി.

 

വെപ്രാളത്തോടെ അതിന്റെ സിബ്ബ് തുറന്ന് ഉള്ളിലേക്ക് കൈയിട്ടു.

അതാ കിടക്കുന്നു… ആ ചുവന്ന പെട്ടി.

 

എന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ഞാൻ ആ പെട്ടി തുറന്നു.

 

ശൂന്യം…!

 

അതിനുള്ളിൽ ആ മോതിരമില്ല.

 

എന്റെ തലയിൽ ഇടിവെട്ടിയതുപോലെയായി. അവൾ ആ മോതിരം ഇട്ടിട്ടുണ്ട്. ആ കറുത്ത ഗ്ലൗസിനുള്ളിൽ, അവളുടെ വിരലിൽ ആ മോതിരം സ്ഥാനം പിടിച്ചിട്ടുണ്ട്…

 

ഞാൻ ഭയത്തോടെ ആമിയെ നോക്കി.

അവൾ കണ്ണുകൾ അടച്ചുപിടിച്ച് എന്തോ പിറുപിറുക്കുകയാണ്. ചുണ്ടുകൾ മാത്രം അനങ്ങുന്നു. മന്ത്രം പോലെ…

അപ്പോഴേക്കും ആ രാക്ഷസി സ്റ്റേജിലേക്ക് കയറിക്കഴിഞ്ഞിരുന്നു.

 

സൂര്യപ്രകാശം അവളുടെ കയ്യിലെ വാളിൽ തട്ടി പ്രതിഫലിച്ചു. അത് കാണുമ്പോൾ തന്നെ കണ്ണ് മഞ്ഞളിച്ചു പോവുന്നു. അവൾ ആമിയുടെ നേരെ തിരിഞ്ഞുനിന്നു. വാൾ തറയിലേക്ക് കുത്തി, ഒരു രാജകീയ പ്രൗഡിയോടെ അവൾ പറഞ്ഞു:

 

“എന്റെ പേര്… നിഹാര.”

 

അവളുടെ ശബ്ദം ആ ഹാളിൽ മുഴങ്ങി.

 

അതിന് മറുപടിയായി ആമി സാവധാനം കണ്ണുകൾ തുറന്നു.

 

ആ കണ്ണുകളിൽ… അഗ്നിപർവ്വതം പോലെ എന്തോ ഒന്ന് തിളയ്ക്കുന്നുണ്ടായിരുന്നു.

 

അവൾ ആ വാൾ വായുവിൽ ഒന്ന് കറക്കി, നിഹാരയുടെ നേരെ പിടിച്ചു.

 

“സാഹിറ നൂറിൻ…”

 

അവളുടെ ശബ്ദത്തിന് വല്ലാത്തൊരു കനം വന്നിരുന്നു.

 

ഞാൻ ആമിയുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി. അതിൽ കാണുന്ന തീക്ഷ്ണത…

എനിക്ക് തെറ്റി. ഞാൻ കരുതിയത് അവളുടെ ശക്തി ഭാവി കാണാൻ കഴിയുന്നതാണെന്നായിരുന്നു. പക്ഷേ അല്ല… ഇത് അതല്ല. ഇത് വേറെന്തോ ആണ്.

 

ആമി എന്നെയൊന്ന് നോക്കി….

 

ആ നോട്ടം എന്റെ നേരെ വന്നതും, എവിടെ നിന്നോ ഒരു തണുത്ത കാറ്റ് ആ ഹാളിലേക്ക് വീശിയടിച്ചു. വാതിലുകളും ജനലുകളും ഒന്ന് ആടിയുലഞ്ഞു.

ആ കാറ്റ് എന്റെ മുഖത്ത് തട്ടിയപ്പോൾ, എന്റെ രോമങ്ങൾ എഴുന്നേറ്റു നിന്നു.

 

ഞാൻ നിധിയെ നോക്കി. അവൾ ഇപ്പോഴും ഒരു ഞെട്ടലോടെ, ശ്വാസം വിടാൻ പോലും മറന്ന് ആമിയെത്തന്നെ നോക്കി നിൽക്കുകയാണ്.

 

ഫൈറ്റ് തുടങ്ങാൻ പോവുകയാണ്….

 

ഹാളിലാകെ പരന്ന ആ തണുത്ത കാറ്റ് ഒരു നിമിഷം കൊണ്ട് നിശ്ചലമായി.

 

ഹാളിലാകെ വീശിയടിച്ച ആ തണുത്ത കാറ്റ് പെട്ടെന്ന് നിലച്ചു. ഒരു ഉണങ്ങിയ ഇല താഴെ വീണാൽ കേൾക്കാവുന്നത്ര ഭീകരമായ നിശബ്ദത അവിടെ തളംകെട്ടി നിന്നു.

 

നിഹാരയുടെ ചുണ്ടിലെ പുച്ഛം കലർന്ന ചിരി മാഞ്ഞിരുന്നില്ല. അവൾ വാൾ വായുവിൽ ഒന്ന് കറക്കി, ഒരു വന്യമൃഗത്തെപ്പോലെ കുനിഞ്ഞു നിന്നു. അടുത്ത നിമിഷം, കണ്ണ് ചിമ്മുന്ന വേഗതയിൽ അവൾ കുതിച്ചു ചാടി.

 

അവളുടെ അലർച്ചയ്ക്കൊപ്പം, വെള്ളിനിറത്തിലുള്ള വാൾ വായുവിനെ കീറിമുറിച്ചുകൊണ്ട് ആമിയുടെ കഴുത്ത് ലക്ഷ്യമാക്കി പാഞ്ഞു.

 

ഒരു നിമിഷം ജീവൻപോലും എന്നേ വിട്ട് പോയി…

 

എന്നാൽ, ആമി ഒരടി പോലും അനങ്ങിയില്ല. വാൾ കഴുത്തിൽ തൊട്ടു തൊട്ടില്ല എന്ന അവസ്ഥയിൽ എത്തിയപ്പോൾ, അവൾ തന്റെ കയ്യിലുള്ള വാൾ വെറുതെയൊന്നു പൊക്കി.

 

കാതടപ്പിക്കുന്ന ശബ്ദം.

 

നിഹാരയുടെ സർവ്വശക്തിയും ആവാഹിച്ച വെട്ട്, ആമി ഒരൊറ്റ കൈ കൊണ്ട് നിസ്സാരമായി തടുത്തു നിർത്തി. വാളുകൾ തമ്മിൽ പരസ്പരം ഉരസിയപ്പോൾ തീപ്പൊരികൾ ചിതറി.

 

നിഹാരയുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു. അവൾ വാൾ തിരിച്ചെടുത്ത് പിന്മാറാൻ ശ്രമിച്ചു, പക്ഷേ ആമി സമ്മതിച്ചില്ല. തടുത്ത അതേ വാൾ കൊണ്ട് ആമി തിരിച്ചടിച്ചു.

 

അതൊരു വെറും വെട്ടായിരുന്നില്ല. ഒരു കൊടുങ്കാറ്റ് പോലെയുള്ള ഒന്ന്‌…

Leave a Reply

Your email address will not be published. Required fields are marked *