നിധിയുടെ കാവൽക്കാരൻ – 18 80അടിപൊളി 

 

അവൾ ആകാംഷയോടെ ചോദിച്ചു. ബാക്കിയുള്ളവരും ശ്വാസം അടക്കിപ്പിടിച്ച് അയാളുടെ മുഖത്തേക്ക് തന്നെ നോക്കിനിൽക്കുകയാണ്…

 

ഇയാൾക്കെങ്കിലും സഹായിക്കാൻ പറ്റണേ എന്ന വലിയൊരു പ്രതീക്ഷ എല്ലാവരുടെയും കണ്ണുകളിൽ ഉണ്ടായിരുന്നു.

 

അയാൾ ഫോൺ വാങ്ങി ആ ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കി. കണ്ണുകൾ ചുരുക്കി, നെറ്റി ചുളിച്ചുകൊണ്ട് അയാൾ ആ മുഖം ഓർത്തെടുക്കാൻ ശ്രമിക്കുന്നതുപോലെ തോന്നി.

 

ഒരു സെക്കന്റ്‌… രണ്ട് സെക്കന്റ്‌….

 

ആ നിമിഷങ്ങളത്രയും യുഗങ്ങൾ പോലെയാണ് എനിക്ക് തോന്നിയത്.

 

പെട്ടെന്ന് അയാൾ തല ഉയർത്തി ഞങ്ങളെ നോക്കി.

 

“ഇവര് യാര്…? പേര് എന്നാ…?”

 

“ജോൺ ലൂക്കസ് അഞ്ജനക്കണ്ടി…”

 

ഞാൻ വേഗം പേര് പറഞ്ഞു.

 

ആ പേര് കേട്ടതും അയാളുടെ മുഖത്ത് ഒരു മടുപ്പ് പ്രകടമായി. അങ്ങനെയൊരാളെ അയാൾക്ക് അറിയില്ലെന്ന് ആ മുഖഭാവത്തിൽ നിന്നും വ്യക്തമായിരുന്നു. എങ്കിലും അവസാനത്തെ പിടിവള്ളി എന്ന നിലയിൽ അയാൾ ചോദിച്ചു:

 

“അഡ്രസ് ഇറുക്കാ…?”

 

ആ ചോദ്യത്തിന് മുന്നിൽ ഞങ്ങൾ പതറിപ്പോയി. ഉള്ളിലുണ്ടായിരുന്ന ചെറിയൊരു പ്രതീക്ഷയും അതോടെ അണഞ്ഞു.

ഞങ്ങൾ പരസ്പരം നോക്കി. ഇല്ല എന്ന് പറയാൻ പോലും നാവു പൊങ്ങാത്ത അവസ്ഥ. ഒടുവിൽ നിസ്സഹായതയോടെ ഞാൻ തലയാട്ടി.

 

“ഇല്ല സർ… അഡ്രസ് കയ്യിലില്ല. ഈ ഫോട്ടോ മാത്രമേ ഉള്ളൂ…”

 

എന്റെ മറുപടി കേട്ടതും അയാൾക്ക് ദേഷ്യം വന്നതുപോലെ തോന്നി. അയാൾ ഫോൺ തിരികെ എന്റെ നേർക്ക് നീട്ടി. ഒരു വല്ലാത്ത പുച്ഛം ആ മുഖത്ത് നിഴലിച്ചു.

 

“തമ്പി… ഇന്ത ഊര് റൊമ്പ പെരിയത്… അഡ്രസ് ഇല്ലാമ എപ്പടി കണ്ടുപിടിപ്പേ…? അത് മുടിയാത്…”

(അനിയാ… ഈ നാട് വളരെ വലുതാണ്… അഡ്രസ്സില്ലാതെ ഒരാളെ എങ്ങനെ കണ്ടുപിടിക്കും…? അത് നടക്കില്ല…)

 

അയാൾ തമിഴിൽ പറഞ്ഞതിന്റെ അർത്ഥം മനസ്സിലായതോടെ ഞങ്ങൾ ആകെ തളർന്നുപോയി.

 

“സർ… ഇയാൾ ഇവിടുത്തെ പഴയൊരു പ്രൊഫസറാണ്… ഒന്ന് ശ്രദ്ധിച്ചു നോക്കിയേ… ചിലപ്പോൾ അറിയാമായിരിക്കും…”

 

രാഹുൽ വിടാൻ ഭാവമില്ലാതെ വീണ്ടും ചോദിച്ചു.

പക്ഷേ അയാൾ അതൊന്നും കേൾക്കാൻ നിൽക്കാതെ, തന്റെ മുന്നിലിരുന്ന ഫയലിലേക്ക് വീണ്ടും ശ്രദ്ധ തിരിച്ചു.

 

“അഡ്രസ് ഇല്ലാമ ഒണ്ണും പണ്ണ മുടിയാത്… പോങ്ക പാ…”

(അഡ്രസ് ഇല്ലാതെ ഒന്നും ചെയ്യാൻ പറ്റില്ല… പോയിട്ട് വാ…)

 

അയാൾ കൈകൊണ്ട് പുറത്തേക്ക് പോകാൻ ആംഗ്യം കാണിച്ചു. ഇനി അവിടെ നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലായതോടെ, നിരാശയോടെ ഞങ്ങൾ പുറത്തേക്ക് നടന്നു.

വന്നതിനേക്കാൾ വേഗത്തിൽ പ്രതീക്ഷകൾ തകർന്നു വീണതിന്റെ ആഘാതത്തിലായിരുന്നു എല്ലാവരും….

 

ഏറ്റവും മുന്നിലായി നടന്നിരുന്നത് കൃതികയായിരുന്നു. അവളുടെ മുഖം കണ്ടാൽ തന്നെയറിയാം കലി കയറി നിൽക്കുകയാണെന്ന്.

 

വേഗത്തിൽ നടന്നുപോയ അവൾ പെട്ടെന്ന് വാതിലിന്റെ സൈഡിൽ നിന്നും തിരിഞ്ഞുവന്ന ഒരാളുടെ ദേഹത്ത് ശക്തിയായി കൂട്ടിയിടിച്ചു.

 

“അയ്യോ…!!”

 

ആ ഇടിയുടെ ആഘാതത്തിൽ അവളുടെ കയ്യിലിരുന്ന ഐഫോൺ പിടിവിട്ടുപോയി.

 

തറയിൽ വീണ ഫോൺ കമിഴ്ന്നടിച്ചാണ് കിടന്നത്. വീഴ്ചയുടെ ആ ശബ്ദം കേട്ടപ്പോൾ തന്നെ അതിന്റെ സ്ക്രീനിന്റെ കാര്യത്തിൽ ഏകദേശം തീരുമാനമായി എന്നെനിക്ക് ഉറപ്പായിരുന്നു….

 

അത് കണ്ടതും കൃതികയുടെ നിയന്ത്രണം വിട്ടു. ഇത്രയും നേരത്തെ ദേഷ്യവും വിഷമവും എല്ലാം കൂടി അവൾ ആ പാവത്തിന്റെ മെക്കിട്ട് കയറി തീർക്കാൻ തുടങ്ങി.

 

മുന്നിൽ നിൽക്കുന്നത് മുടിയൊക്കെ നരച്ച ഒരു വയസ്സായ മനുഷ്യനാണെന്ന് പോലും അവൾ നോക്കിയില്ല…

 

“തനിക്ക് കണ്ണ് കണ്ടൂടെടോ…? മനുഷ്യൻ ഇവിടെ പ്രാന്ത് പിടിച്ചു നിൽക്കുമ്പോഴാ… നോക്കി നടന്നൂടെ…?”

 

അവൾ ഉറക്കെ ഒച്ചയെടുത്തു. പോസ്റ്റ്‌ ഓഫീസിലെ നിശബ്ദത കീറിമുറിച്ചുകൊണ്ടുള്ള അവളുടെ ശബ്ദം കേട്ട് അവിടെയുണ്ടായിരുന്നവരെല്ലാം ഞങ്ങളെത്തന്നെ നോക്കി.

 

Leave a Reply

Your email address will not be published. Required fields are marked *