നിധിയുടെ കാവൽക്കാരൻ – 18 80അടിപൊളി 

 

“അടുത്തത് നീ…”

 

അവൾ ആമിയെ വിരൽ ചൂണ്ടി വിളിച്ചു.

 

ആമി പേടിയോടെ ഒന്ന് നോക്കിയെങ്കിലും, പതുക്കെ മുന്നോട്ട് വന്നു. രാക്ഷസി അരികിലുണ്ടായിരുന്ന ഒരു സ്റ്റാൻഡിൽ നിന്നും ഒരു ‘കാറ്റാന’ (Katana) എടുത്തു.

 

അതിന്റെ ഉറയിൽ നിന്നും അതൂരിയെടുത്തപ്പോൾ ഉണ്ടായ ശബ്ദം… അതെന്റെ നെഞ്ചിന്നേയാണ് കീറി മുറിച്ചത്…

 

തൊട്ടാൽ മുറിഞ്ഞു പോവുന്ന അത്രയും മൂർച്ചയുള്ള, വെള്ളിനിറത്തിൽ തിളങ്ങുന്ന ഒരു വാൾ. അവൾ അത് ആമിയുടെ നേർക്ക് നീട്ടി.

 

“പിടിച്ചോ…”

 

ആമി വിറയ്ക്കുന്ന കൈകളോടെ അത് വാങ്ങി. ആ വലിയ വാൾ അവളുടെ കൈയ്യിൽ കണ്ടപ്പോൾ എന്റെ ഉള്ളിൽ അകാരണമായ ഒരു ഭയം വന്നുനിറഞ്ഞു.

 

അവൾക്കത് താങ്ങാൻ പറ്റുമോ?

 

ഞാൻ തടയാനായി മുന്നോട്ടാഞ്ഞു.

 

“ആമീ…”

 

എന്റെ വിളി കേട്ടതും അവൾ തിരിഞ്ഞു നോക്കി. ആമി അവളുടെ രണ്ട് കണ്ണുകളും അമർത്തി അടച്ചു. ‘പേടിക്കണ്ട, ധൈര്യമായി നിൽക്ക്’ എന്ന് ആംഗ്യം കാണിക്കുന്നതുപോലെ അവളൊരു ദീർഘശ്വാസമെടുത്തു….

 

ശേഷം അവൾ ആ മരത്തട്ടിലേക്ക് പതുക്കെ കയറി. അവളുടെ ഓരോ ചുവടുവെയ്പ്പിലും ആ തടിപ്പലകകൾ നേർത്ത ശബ്ദത്തിൽ ഞരങ്ങി.

 

രാക്ഷസി സ്റ്റേജിന് താഴെ കൈകെട്ടി നിന്നു. ശേഷം ചുറ്റും കൂടിനിൽക്കുന്ന കറുത്ത വസ്ത്രം ധരിച്ച അയോധന പോരാളികളെ നോക്കി….

 

“നിനക്ക് ഇഷ്ടമുള്ള എതിരാളിയെ തിരഞ്ഞെടുക്കാം… ആരെ വേണമെങ്കിലും…”

 

അവൾ ആമിയോട് പറഞ്ഞു.

 

ആമി മരത്തട്ടിന്റെ ഒത്ത നടുവിൽ നിന്നു. അവൾ കണ്ണുകൾ ഇറുക്കി അടച്ചു, വീണ്ടും ഒരു വലിയ ശ്വാസം ഉള്ളിലേക്ക് വലിച്ചു.

 

അവളുടെ നെഞ്ചിടിപ്പ് എനിക്ക് ഇവിടെ നിൽക്കുമ്പോൾ പോലും കേൾക്കാമായിരുന്നു.

 

പെട്ടെന്നവൾ കണ്ണ് തുറന്നു.

 

അവൾ തന്റെ കയ്യിലുള്ള വാൾ സാവധാനം ഉയർത്തി. വായുവിൽ ഒരു നേർത്ത വര വരച്ചുകൊണ്ട് ആ വാളിന്റെ മുന ഒരാൾക്ക് നേരെ നീണ്ടു.

 

ഞാൻ നോക്കി. ആർക്ക് നേരെയാണ് അവൾ വാൾ ചൂണ്ടിയിരിക്കുന്നത്?

 

ആളെ കണ്ടപ്പോൾ എന്റെ ശ്വാസം തൊണ്ടയിൽ കുരുങ്ങി.

 

അത് വേറാരുമല്ല… ആ രാക്ഷസി തന്നെയായിരുന്നു.

 

ഞാൻ മാത്രമല്ല, അവിടെ കൂടിയിരുന്ന എല്ലാവരും ഞെട്ടിത്തരിച്ചുപോയി. ആ വലിയ കോമ്പൗണ്ടിൽ മരണതുല്യമായ നിശബ്ദത.

 

രക്ഷസിയുടെ മുഖത്ത് ഒരു നിമിഷം അവിശ്വസനീയമായ ഒരു അത്ഭുതം വിരിഞ്ഞു. ഒരു തുടക്കക്കാരി തന്നോട് തന്നെ യുദ്ധം ചെയ്യാൻ വിളിക്കുന്നുവോ?

 

പക്ഷേ അടുത്ത നിമിഷം, ആ അത്ഭുതം മാറി… അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.

ഒരു കൊലയാളിയുടെ ചിരി. ചോര കണ്ട് കൊതിതീരാത്ത ഒരു വേട്ടമൃഗത്തിന്റെ ചിരി.

 

“ഇട്രസ്റ്റിംഗ്…”

 

അവൾ പിറുപിറുത്തു.

ആമി ഇതൊന്നും ശ്രദ്ധിക്കാതെ, ഒരു പ്രതിമ പോലെ ശാന്തമായി നിൽക്കുകയാണ്.

 

ഇത് അപകടമാണ്. ആ പെണ്ണ് വെറുമൊരു ഫൈറ്റർ അല്ലെന്ന് എനിക്കറിയാം. ആമിക്ക് അവളെ ജയിക്കാൻ കഴിയില്ല. ചിലപ്പോൾ ജീവൻ തന്നെ അപകടത്തിലാവും.

 

“വേണ്ട… നിർത്ത്…!!”

 

ഞാൻ ഈ ഫൈറ്റ് സ്റ്റോപ്പ്‌ ചെയ്യാൻ വേണ്ടി സ്റ്റേജിലേക്ക് ഓടിക്കയറാൻ തുനിഞ്ഞു.

പക്ഷേ പെട്ടെന്നെന്റെ കൈയ്യിൽ ആരോ ബലമായി പിടിച്ചു.

 

തിരിഞ്ഞു നോക്കിയപ്പോൾ നിധിയാണ്.

 

അവളുടെ മുഖം വിളറി വെളുത്തിരുന്നു. അവൾ വിറയ്ക്കുന്ന കണ്ണുകളോടെ സ്റ്റേജിൽ നിൽക്കുന്ന ആമിയെത്തന്നെ ഉറ്റുനോക്കുകയാണ്.

 

“ദേവാ… വേണ്ടാ…”

 

നിധിയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

 

“എന്താടി…? വിട്… അവൾ ആമിയെ കൊന്നുകളയും…” ഞാൻ കൈ കുടഞ്ഞെറിയാൻ ശ്രമിച്ചു.

 

“അല്ല… അത് നമ്മുടെ ആമിയല്ല…”

 

നിധി പറഞ്ഞത് കേട്ട് ഞാൻ സ്തംഭിച്ചുപോയി.

 

“എനിക്ക്… എനിക്ക് കാണാൻ പറ്റുന്നുണ്ട്… അവളുടെ ശരീരത്തിൽ നിന്നും ഒരു പ്രത്യേക തരം കറുത്ത പുക വരുന്നത് പോലെ… പേടിപ്പെടുത്തുന്ന എന്തോ ഒന്ന്…”

 

നിധിയുടെ വാക്കുകളിൽ വല്ലാത്തൊരു ഭയമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *