“എന്റെ… എന്റെ ഒരു ഫ്രണ്ട് പറഞ്ഞിട്ടാണ് ഇങ്ങനെയൊരു സ്ഥലത്തെപ്പറ്റി അറിഞ്ഞത്. ഇവിടെ എല്ലാത്തരം അയോധന കലകളും പഠിപ്പിക്കുമെന്ന് കേട്ടു. ഞങ്ങൾക്കും കുറച്ചൊക്കെ… കുറച്ചൊക്കെ അടിയും തടയുമൊക്കെ അറിയാം. പക്ഷേ അതൊന്നും പോരല്ലോ… അതുകൊണ്ട് ആ അറിവ് ഒന്ന് മറക്കാതിരിക്കാനും, ഉള്ള കഴിവ് ഒന്ന് മൂർച്ച കൂട്ടാനും വേണ്ടിയാണ് ഞങ്ങൾ ഇങ്ങോട്ട് വന്നത്…”
പറഞ്ഞു നിർത്തിയപ്പോൾ എനിക്ക് തന്നെ കിതപ്പ് വന്നു. ഇത്രയും വലിയൊരു നുണ, ഇത്രയും ആത്മവിശ്വാസത്തോടെ ഞാൻ ഇതിനുമുമ്പ് പറഞ്ഞിട്ടില്ല.
എന്റെ വാക്കുകൾ കേട്ട് അവൾ നെറ്റി ചുളിച്ചു. അവളുടെ നോട്ടം എന്റെ മുഖത്തുനിന്നും മാറ്റി, പുറകിൽ നിൽക്കുന്ന ബാക്കിയുള്ളവരിലേക്ക് നീണ്ടു.
റോസ് പറഞ്ഞത് പ്രകാരം എന്നെയും ആമിയെയും നിധിയെയും മാത്രമാണ് അഡ്മിഷന് വേണ്ടി ചൂണ്ടിക്കാണിച്ചത്. ബാക്കി നാലുപേർ വെറുതെ നിൽക്കുകയാണ്.
അവൾ രാഹുലിനെയും സച്ചിനെയും കൃതികയെയും റോസിനെയും മാറി മാറി നോക്കി.
“അപ്പോ ഇവർക്കോ…? ഇവർക്ക് ചേരണ്ടേ…?”
അവൾ കൈ ചൂണ്ടി ചോദിച്ചു.
ആ ചോദ്യം കേട്ടതും നിധിക്ക് ദേഷ്യം ഇരച്ചു കയറി. അവൾ പല്ലിറുമ്മിക്കൊണ്ട് റോസിനെ ഒന്ന് കൂർപ്പിച്ചു നോക്കി. ‘ഇതൊക്കെ നീ വരുത്തിവെച്ച വിനയല്ലേടി’ എന്ന അർത്ഥത്തിൽ.
റോസ് ആ നോട്ടം കണ്ട് ഭയന്ന്, പതുക്കെ കൃതികയുടെ പുറകിലേക്ക് ഒളിക്കാൻ ശ്രമിച്ചു.
നിധി ഒരു കള്ളച്ചിരിയോടെ, എന്നാൽ കണ്ണുകളിൽ തീക്ഷ്ണത നിറച്ചുകൊണ്ട് ആ പെണ്ണിനോട് പറഞ്ഞു:
“പിന്നേ… ചേരാതെ… ഇവർക്കും ചേരണം. അതിയായ ആഗ്രഹമാണ്. പ്രത്യേകിച്ച് ഇവർക്ക്…”
നിധി റോസിനെയും കൃതികയേയും പിടിച്ചു മുന്നിലേക്ക് നിർത്തിക്കൊണ്ട് പറഞ്ഞു.
അതുകേട്ട് ആ പെൺകുട്ടി സംശയത്തോടെ രാഹുലിനെയും സച്ചിനെയും കൃതികയെയും നോക്കി.
“വേണോ…? നിങ്ങൾക്കും ഇവിടെ ചേരണോ…?”
അവൾ ഗൗരവത്തോടെ ചോദിച്ചു.
രാഹുലും സച്ചിനും പരസ്പരം നോക്കി. ‘വേണ്ട’ എന്ന് പറഞ്ഞാൽ ചിലപ്പോൾ ഇവിടെ നിന്നും പുറത്താക്കും. ‘വേണം’ എന്ന് പറഞ്ഞാൽ പെടും. വേറെ വഴിയില്ലാത്തതുകൊണ്ട് അവർ വിയർത്തു തുടങ്ങി.
സച്ചിൻ പരുങ്ങി പരുങ്ങി എന്നെ നോക്കി. ഞാൻ കണ്ണ് കൊണ്ട് ‘തലയാട്ടെടാ’ എന്ന് ആംഗ്യം കാണിച്ചു.
ഗത്യന്തരമില്ലാതെ, ഒരു ഭാവവുമില്ലാത്ത മുഖത്തോടെ അവർ നാലുപേരും, അനുസരണയുള്ള കുട്ടികളെപ്പോലെ പതുക്കെ തലയാട്ടി.
“വേണം…”
അവളുടെ ആ ചോദ്യത്തിന് മറുപടിയായി ഞങ്ങൾ സമ്മതം മൂളിയെങ്കിലും, അവൾ പെട്ടെന്നൊന്നും പ്രതികരിച്ചില്ല.
പകരം, കുറച്ചു നേരത്തേക്ക് അവൾ മൗനമായി നിന്നു. അവളുടെ ആ നിശബ്ദതയ്ക്ക് വല്ലാത്തൊരു ഭാരമുണ്ടായിരുന്നു. ആ കണ്ണുകൾ ഞങ്ങളെ ഓരോരുത്തരെയും അടിമുടി പരിശോധിച്ചുകൊണ്ടിരുന്നു… ഒരു സ്കാനർ എന്ന പോലെ.
പെട്ടെന്ന് അവളുടെ നോട്ടം നിധിയുടെ കൈവിരലുകളിൽ തടഞ്ഞുനിന്നു.
അവളുടെ വലതു കൈയിലെ മോതിരത്തിൽ…
സാധാരണയിൽ കവിഞ്ഞ സമയം അവൾ ആ മോതിരത്തിലേക്ക് തന്നെ നോക്കിനിൽക്കുന്നത് കണ്ടപ്പോൾ എന്റെ ഉള്ളൊന്നു കാളി.
ഊമ്പിയോ…?’
എന്റെ നെഞ്ചിടിപ്പ് കൂടി. ഇവൾ ആ മോതിരം തിരിച്ചറിഞ്ഞോ? ഇവിടെ നിന്നും ഇപ്പോൾ തന്നെ ഓടി രക്ഷപ്പെട്ടാലോ എന്ന് വരെ ഞാൻ ചിന്തിച്ചുപോയി.
എന്നാൽ ആ നിമിഷം തന്നെ അവൾ ആ മൗനം വെടിഞ്ഞു.
“ഇവിടെ ഇപ്പോൾ തന്നെ ആളെണ്ണത്തിൽ കൂടുതലാണ്…”
അവൾ ഗൗരവത്തോടെ പറഞ്ഞുതുടങ്ങി.
“എന്നാലും… നിങ്ങൾ മൂന്നുപേരും ഇതിനു മുൻപും അയോധന കലകൾ അഭ്യസിച്ചിട്ടുണ്ട് എന്നല്ലേ പറഞ്ഞത്…?”
അവൾ എന്നെ നോക്കി പുരികമുയർത്തി ചോദിച്ചു.
ഞാൻ ഒന്നു പരുങ്ങിയെങ്കിലും, ആത്മവിശ്വാസം അഭിനയിച്ചുകൊണ്ട് “അതെ” എന്ന രീതിയിൽ തലയാട്ടി.
“എന്താണ് പഠിച്ചത്…?”
അടുത്ത ചോദ്യം അമ്പുപോലെ വന്നു.
“ബോക്സിങ്…”
ഞാൻ പെട്ടെന്ന് പറഞ്ഞു. അതെനിക്ക് അത്യാവശ്യം വശമുള്ള കാര്യമായതുകൊണ്ട് കള്ളം പറയേണ്ടി വന്നില്ല.
