ഓൻ ഇത് മാത്രമാ കഴിക്കുന്നേ? അവൾ വ്യാകുലതയോടെ അവന്റെ പാത്രം അർച്ചനയെ കാണിച്ചുകൊണ്ട് പറഞ്ഞു.
ആമിന അവളുടെ ഭക്ഷണത്തിൽ നിന്ന് കുറെ കൂട്ടാൻ വാരി അവന്റെ പാത്രത്തിൽ ഇട്ടു.
ഇങ്ങൾക്ക് വേണ്ടിയത് എടുക്ക് കേട്ടോ, ഞാൻ ഒത്തിരി കൊണ്ടുവരും എല്ലാവർക്കും കൊടുക്കാല്ലോ എന്നോർത്ത്.
അർച്ചന ചിരിച്ചിട്ട് അവളുടെ പാത്രത്തിൽ നിന്ന് കുറച്ച് കൂട്ടാൻ എടുത്തു, ആമിനയും അവൾ പറയാൻ നിൽക്കാതെ അർച്ചനയുടെ പാത്രത്തിൽ നിന്ന് എടുത്തു.
ഓൻ നമ്മളോട് മാത്രമേ ഉള്ളൂ ഇങ്ങനെ ഫ്രീ ആയി മിണ്ടുന്നേ കേട്ടോ. ബാക്കി ഉള്ളോരോടൊക്കെ ഭയങ്കര ജാഡ ഇട്ടേ സംസാരിക്കുള്ളൂ. ആമിന പറഞ്ഞു.
ഇവിടെ നമ്മൾ മൂന്നും അല്ലാ ഉള്ളോ? അത് കൊണ്ട് ആയിരിക്കും. അർച്ചന പറഞ്ഞു.
ഏയ്, എന്നോട് അല്ലേലും നന്നായിട്ട് മിണ്ടും. ആമിന പറഞ്ഞു.
അത്, അവന് നിന്നെ ഒരു നോട്ടം ഉള്ളത് കൊണ്ടാ. അർച്ചന കഴിക്കുന്നതിന്റെ കൂട്ടത്തിൽ പറഞ്ഞു.
മാഡത്തിന് അങ്ങനെ തോന്നിയോ? ആമിന
ഒരു ഞെട്ടലോടെ അവളോട് ചോദിച്ചു.
ഡി ചുമ്മാതിരി, നീയെന്നെ മാഡം എന്നൊന്നും വിളിക്കണ്ട.
അർച്ചന പറഞ്ഞു.
ആമിനക്ക് അത് കേട്ടപ്പോൾ ഭയങ്കര സന്തോഷമായി.
ഞാൻ എല്ലാറ്ടേം മുമ്പിൽ, മാഡം എന്നെ വിളിക്കുള്ളു കേട്ടോ. അവൾ ശബ്ദം താഴ്ത്തി പറഞ്ഞു.
അർച്ചന ചിരിച്ചു.
നിക്ക് ഇങ്ങളെ കാണുമ്പോ എന്ത്
അഭിമാനമാ എന്ന് അറിയോ! ഇത്രേം വലിയ ഒരു പദവിയിൽ, ഒരു പെൺകുട്ടി ഇരിക്കുവാ എന്ന് വെച്ചാ ചില്ലറ കാര്യമല്ലല്ലോ.
അർച്ചന തലയാട്ടി, എന്നിട്ട് അവളെ നോക്കി ചോദിച്ചു.
നീ ഒന്നും പറഞ്ഞില്ല! അവന് നിന്നെ ഒരു നോട്ടം ഉണ്ടെന്ന് പറഞ്ഞിട്ട്.
ആമിനയുടെ മുഖം നാണം കൊണ്ട് ചുവന്ന് തുടുത്തു.
അത് ഓന്റെ പ്രായത്തിന്റെയാ. അവൾ വളച്ചൊടിച്ച ഒരു മറുപടി പറഞ്ഞു.
മം, മം, അർച്ചന മൂളിയിട്ട് ചിരിച്ചുകൊണ്ട് തലയാട്ടി.
എന്തായാലും നിന്നെ വിഷമിപ്പിച്ചതിന് അവന് രണ്ട് കൊട്ട് ഞാൻ കൊടുക്കുന്നുണ്ട്. അർച്ചന അവളോട് പറഞ്ഞു.
ഏയ് അതൊന്നും വേണ്ടടാ, ആമിന പറഞ്ഞു.
എന്തേ? വിഷമം ആയി പോയോ? അർച്ചന ചോദിച്ചു.
അങ്ങനൊന്നും ഇല്ല. ആമിന നാണത്തോടെ പറഞ്ഞു.
അതെനിക്ക് മനസ്സിലായി, അർച്ചന ചിരിച്ചുകൊണ്ട് പറഞ്ഞു.
അനക്ക് നല്ല കൈപ്പുണ്യം ആണല്ലോ അർച്ചനെ. ആമിന അർച്ചന ഉണ്ടാക്കിയ ഭക്ഷണം രുചിച്ചുകൊണ്ട് പറഞ്ഞു.
ആ, ഡി, വിഷയം മാറ്റ്. അർച്ചന ചിരിച്ചുകൊണ്ട് പറഞ്ഞു.
ആമിന ചിരിച്ച് കൊണ്ട് അർച്ചനയെ കയ്യുടെ പുറക് വശം കൊണ്ട് തള്ളി.
ആമിനയും അർച്ചനയും ഭക്ഷണം കഴിച്ചിട്ട് റിസെപ്‌ഷനിലേക്ക് തിരിച്ച് വന്നപ്പോൾ, രണ്ടുപേരിലും വല്ലാത്തൊരു മാറ്റം ആദിലിന് തോന്നി.
അന്റെ 4 ഒണക്ക ചപ്പാത്തിടെ കൂടെ കൊറച്ച് കൂട്ടാൻ വെച്ചിട്ടുണ്ട് കേട്ടോ, മുഴുവൻ കഴിച്ചോണം.
ആമിന ആദിലിനെ നോക്കി താക്കീത് പോലെ
പറഞ്ഞു.
അവൻ ചിരിച്ച് കൊണ്ട് തലയാട്ടി.
ആദിലെ, പോയി കഴിച്ചിട്ട് വാ, അർച്ചന പറഞ്ഞു.
അവൻ ഉടനെ എഴുന്നേറ്റ് പുറത്തേക്ക് ഇറങ്ങി, ആമിനയും അർച്ചനയും റിസപ്ഷന്റെ ഉള്ളിലേക്ക് കയറി കസേരയിൽ ഇരുന്നു. അർച്ചന അവളുടെ ബാഗ് തിരികെ കൗണ്ടറിന്റെ അടിയിൽ കയറ്റി വച്ചു.
അവൻ പോയി എന്ന് ഉറപ്പുവരുത്തിയപ്പോൾ ആമിന അർച്ചനയോട് ചോദിച്ചു.
ഓന് എന്നോട് അങ്ങനെ ഒരു നോട്ടം ഉണ്ടെന്ന് നെനക്ക് തോന്നിയോ?
എങ്ങനെ? അർച്ചന ഒന്നുമറിയാത്ത പോലെ ചോദിച്ചു.
ഇജ്ജ് പോ പെണ്ണെ ചുമ്മാ പറ്റിക്കാതെ, പറ… ആമിന ചിണുങ്ങി.
അർച്ചന ചിരിച്ചിട്ട് ശബ്ദം താഴ്ത്തി പറഞ്ഞു.
അവന്റെ നോട്ടം കണ്ടാൽ അറിയില്ലേ?
ഞാൻ അത്രയ്ക്ക് ശ്രദ്ധിച്ചില്ല, ആമിന പറഞ്ഞു.
നീ ചുമ്മാതെ ഒന്ന് മുട്ടി നോക്ക്, അറിയാമല്ലോ, അർച്ചന പറഞ്ഞു.
ഏയ്, അവന് അങ്ങനൊന്നും ഇല്ലേൽ നാണക്കേടാവും, പിന്നെ അങ്ങനെ വല്ലോം ഒണ്ടെൽ, ഇവിടെ വെച്ച് എന്തേലും ആയാൽ അത് നിനക്ക് കൂടി പ്രേശ്നമാ. ആമിന പറഞ്ഞു.
ആഹാ, എന്ത് ആകുന്ന കാര്യമാ? നീ അപ്പോഴത്തേക്ക് എന്തൊക്കെയാ ആലോചിച്ച് കൂട്ടിയെ? അർച്ചന ആമിനയെ ആശ്ചര്യത്തോടെ നോക്കി ചോദിച്ചു.
ആമിന നാണത്തോടെ ചിരിച്ചു.
