ആമിനയും ആദിലും അതിശയത്തോടെ നോക്കി. അർച്ചന റിസപ്ഷനിലെ ക്യാമറ സെലക്ട് ചെയ്തപ്പോൾ അത് സ്‌ക്രീനിൽ നിറഞ്ഞു.
ഇത് ഇപ്പൊ നടക്കുന്നതാ? ആമിന ചോദിച്ചു.
അതെ ലൈവാ, അർച്ചന പറഞ്ഞു.
ഡാ, ഒന്ന് കൈ വീശി കാണിച്ചേ. ആമിന പറഞ്ഞു.
പെട്ടെന്ന് അർച്ചന തിരിഞ്ഞ് പറഞ്ഞു. വീശരുത്. വീശരുത്. നമ്മൾ ക്യാമറ നോക്കുവാ എന്ന് മനസ്സിലാവില്ലേ
പിന്നെ ആരെങ്കിലും ഇതെടുത്ത് നോക്കിയാ?
ശോ, ഞാൻ അത് ഓർത്തില്ല. ആമിന തലയിൽ കൈ വെച്ചു.
ഞാനും അത് ഓർത്തില്ല. അർച്ചന പറഞ്ഞത് കാര്യമായി. അല്ലേൽ ഞാൻ കൈ വീശിയേനെ. ആദിൽ പറഞ്ഞു.
ഓൾക്ക് അപാര ബുദ്ധിയാടാ. ആമിന പറഞ്ഞു.
നീ കൈ ഒന്ന് സ്‌ട്രെച് ചെയ്യുന്ന പോലെ ഉയർത്തിക്കോ, എത്രേം കാണാം എന്ന് നോക്കാനാ. അർച്ചന പറഞ്ഞു.
ആദിൽ രണ്ട് കൈകളുടെയും വിരലുകൾ കോർത്ത് തല മുകളിലേക്ക് ഉയർത്തി സ്‌ട്രെച്ച് ചെയ്തു. ആമിനയും അർച്ചനയും സ്ക്രീനിൽ തന്നെ നോക്കി ഇരുന്നു. ഒരു സെക്കന്റിന്റെ താമസത്തിൽ ആദിലിന്റെ കൈ സ്ക്രീനിൽ തെളിഞ്ഞു.
കാണാമോ? ആദിൽ കൈ താഴ്ത്തി സ്ക്രീനിൽ നോക്കി ചോദിച്ചു.
അന്റെ കയ്യുടെ മുട്ട് മുതൽ മോളിലോട്ട് കാണാം, ആമിന പറഞ്ഞു.
ഫേസ് കാണത്തില്ലലോ, അപ്പൊ കുഴപ്പമില്ല. അവൻ പറഞ്ഞു.
അല്ല നമ്മൾ കാര്യം പറയുന്നത് കിട്ടുമോ അതിൽ? ആമിന ചോദിച്ചു.
അത് അറിയില്ല, സേവ് ചെയ്ത് പ്ലേ ആക്കിയാലെ അറിയൂ. അർച്ചന ഒന്ന് ആലോചിച്ച് ഇരുന്നു. എന്നിട്ട് അവൾ പെട്ടെന്ന് പറഞ്ഞു. ഒരു വഴി ഉണ്ട്.
നിനക്ക് ആ ക്യാമറയുടെ അടിയിൽ പോയാൽ അതിൽ തൊടാൻ കയ്യെത്തുമോ? അർച്ചന ആദിലിനോട് ചോദിച്ചു.
പിന്നെ സുഖമായിട്ട് എത്തും, അവൻ പറഞ്ഞു.
എന്നാ, നീ അതിന്റെ അടുത്ത് പോയിട്ട് അടിയിൽ മൈക്കിന്റെ ഹോൾ ഉണ്ടോ എന്ന് നോക്ക്.
ഓക്കേ, നോക്കാം. അവൻ പറഞ്ഞിട്ട് എഴുന്നേൽക്കാൻ തുടങ്ങി.
നിക്ക്, ഞാൻ പറയട്ടെ. അർച്ചന തുടർന്നു. നിന്റെ കയ്യിൽ ഇയർ പോഡ് ഉണ്ടോ?
ഉണ്ട്, അവൻ പറഞ്ഞു.
എടുത്ത് കണക്ട്
ചെയ്, എന്നിട്ട് എന്റെ നമ്പറിലോട്ട് വിളിക്ക്. അർച്ചന പറഞ്ഞു.
അവൻ പാന്റിന്റെ പോക്കറ്റിൽ നിന്ന് ഇയർ പോഡ് കേസ് എടുത്തിട്ട്, അതിൽ നിന്ന് ഇയർ പോഡ് എടുത്ത് ചെവിയിൽ വെച്ചുകൊണ്ട് ഫോണിൽ കണക്ട് ചെയ്തു.
നമ്പർ? അവൻ ഫോൺ അർച്ചനക്ക് നേരെ നീട്ടി. അവൾ അത് വാങ്ങി അവളുടെ നമ്പർ ഡയൽ ചെയ്തിട്ട് ഫോൺ റിങ് ചെയ്തപ്പോൾ അവൾ എടുത്തിട്ട് ചോദിച്ചു.
കേൾക്കാമോ?
കേൾക്കാം അവൻ പറഞ്ഞിട്ട് തലയാട്ടി.
ഇങ്ങോട്ട് ഒന്നും സംസാരിക്കരുത്, പ്രത്യേകിച്ച് ക്യാമറയുടെ അടുത്ത് ചെന്നിട്ട്. ദാ ഈ പെൻ വെച്ചോ, അവൾ അവിടെ ഇരുന്ന ഒരു പേന എടുത്ത് അതിൽ മഷി ഉണ്ടോ എന്ന് എഴുതി നോക്കിയിട്ട് അവന് കൊടുത്തു.
ആമിന ഇതൊക്കെ അതിശയത്തോടെ നോക്കി ഇരുന്നു. സാധാരണയായി അവൾക്ക് നൂറ് ചോദ്യങ്ങൾ കാണും, പക്ഷെ അവൾ ജിജ്ഞാസയോടെ നോക്കി ഇരിക്കുന്ന കാരണം ഒന്നും ചോദിക്കാൻ നിന്നില്ല.
പറഞ്ഞത് ഒക്കെ മനസ്സിലായല്ലോ? അർച്ചന അവനോട് ചോദിച്ചു.
ക്യാമറയുടെ അടിയിൽ ചെന്നിട്ട് മൈക് ഹോൾ കണ്ടുപിടിക്കണം, ഫോണിൽ ഒന്നും മിണ്ടരുത്. ആദിൽ പറഞ്ഞു.
കറക്റ്റ്, ഞാൻ ഫോണിൽ കൂടെ പറയുന്നത് പോലെ ചെയ്യണം, ക്യാമെറയിൽ നോക്കരുത് കേട്ടോ? അർച്ചന പറഞ്ഞു.
അവൻ തലയാട്ടി.
ചെല്ല്, ഒന്നും അറിയാത്ത പോലെ വേണം നടക്കാൻ. അർച്ചന പറഞ്ഞു
അവൻ തലയാട്ടിയിട്ട് എഴുനേറ്റ് സ്‌ട്രെച്ച് ചെയ്തിട്ട് പതിയെ റിസപ്ഷന്റെ പുറത്തിറങ്ങി ക്യാമറയുടെ അടുത്തേക്ക് നടന്നു.
അർച്ചന കമ്പ്യൂട്ടറിൽ നോക്കിക്കൊണ്ട് ഫോണിൽ പറഞ്ഞു. നടന്നോ, നിക്കരുത് ഞാൻ പറഞ്ഞിട്ടെ നിൽക്കാവു.
അവൻ കഴുത്ത് സ്‌ട്രെച്ച് ചെയ്യുന്നത് പോലെ തല അങ്ങോട്ടും
ഇങ്ങോട്ടും ആട്ടികൊണ്ട് ക്യാമറയുടെ അടുത്തേക്ക് നടന്നു.
അവിടെ നിന്നോ. അവൻ സ്‌ക്രീനിൽ നിന്ന് മറഞ്ഞപ്പോൾ അവൾ ഫോണിൽ കൂടി പറഞ്ഞു.
ഇനി നീ നിക്കുന്നിടത് ആ പെൻ കൊണ്ട് ഒരു മാർക്ക് ഇട്, ചെറിയ മാർക്ക് മതി, പക്ഷെ കാണാൻ പറ്റണം. എന്നിട്ട് ഇങ്ങ് പോര്.
അവൻ തിരിച്ച് വന്ന് ഇരുന്നപ്പോൾ, ആമിന രണ്ട് പേരെയും, അതിശയത്തോടെ നോക്കി ഇരുന്നു. അവൾ ഒരക്ഷരം മിണ്ടിയില്ല.
