അവൾ വന്നിരുന്നിട്ട് രണ്ട് പേരെയും നോക്കി ചമ്മിയ ഒരു ചിരി ചിരിച്ചു.
നാണക്കേട് ആയിനി, അന്റെ കാര്യം കേട്ടപ്പോ ഇന്റെ പഴയ കാര്യം ഓർമ വന്നു. ആമിന ഒരു ആത്മഗതം പോലെ പറഞ്ഞു.
സാരമില്ല സിസ്റ്ററെ. ഒത്തിരി നാൾ നീണ്ട റിലേഷൻ ആയിരുന്നോ? ആദിൽ ആകാംഷയോടെ ചോദിച്ചു. പറഞ്ഞ് കഴിഞ്ഞപ്പോഴാണ് അർച്ചനയെ ഓർത്തത്. അവൻ പെട്ടെന്ന് അവളെ നോക്കി, അർച്ചന അവനെ കണ്ണുരുട്ടി നോക്കി ഇരിക്കുന്നു.
അല്ല, ഞാൻ ചുമ്മാ ചോദിച്ചാ, സിസ്റ്റർ ഒന്നും പറയണ്ട കേട്ടോ? വെറുതെ പഴയത് ഒന്നും ഓർത്ത് വിഷമിക്കേണ്ട. ആദിൽ പെട്ടെന്ന് പ്ലേറ്റ് മാറ്റി.
ഏയ്, നിക്ക് കുഴപ്പം ഒന്നും ഇല്ലാ, അവൾ ഉന്മേഷത്തോടെ പറഞ്ഞു.
എനിക്ക് വീട്ടിൽ പറയാൻ ധൈര്യം ഇല്ലാരുന്നു, അവസാനം പിരിയേണ്ടി വന്നു. അല്ലേലും അവസാനം ആയപ്പോ ഞങ്ങൾ പിരിയണ്ട സ്ഥിതിയായിരുന്നു.
ഓര് ഇപ്പൊ അമേരിക്കയിലാ, കെട്ടി കുട്ടിയോളുമായി സുഖായി കഴിയുന്നു. അവൾ നെടുവീർപ്പെട്ടു
സിസ്റ്ററിന് എപ്പോഴും ഈ സംസാര ശൈലി ആണോ? അർച്ചന വിഷയം മാറ്റാനായി അവളോട് ചോദിച്ചു.
എപ്പോഴും ഒന്നും ഇല്ല. ഞാൻ അധികം ആലോചിക്കാതെ
സംസാരിക്കുമ്പോൾ മാത്രമേ ഉള്ളൂ. നേരെ ചൊവ്വേ സംസാരിക്കാൻ കുറച്ച് ചിന്തിച്ചാലെ പറ്റു. അതുകൊണ്ട് സംസാരത്തിന് ഒരു ഫ്ലോ കിട്ടത്തില്ല. ചിലപ്പൊ സാധാരണ പോലെ സംസാരിക്കാൻ എളുപ്പമാ. എന്നാലും ഇടയ്ക്ക് എന്തെങ്കിലും കേറി വരും.
അവൾ സംസാരത്തിന്റെ വേഗത കുറച്ച് വ്യക്തമായി, സ്പുടതയോടെ പറഞ്ഞു.
ആദിലും അർച്ചനയും അതിശയത്തോടെ അങ്ങോട്ടുമിങ്ങോട്ടും നോക്കി. അവൾ കൊള്ളാമെല്ലോ എന്നുള്ള ഭാവത്തിൽ.
ചിലർക്ക് അത് ഇഷ്ടപ്പെടില്ല, എന്റെ സംസാരം. ആമിന പറഞ്ഞു.
ഏയ്യ് എനിക്ക് നല്ല ക്യൂട്ട് ആയിട്ടാ തോന്നിയെ. ആദിൽ പറഞ്ഞു.
അർച്ചനയും അത് ശരിവെക്കുന്ന പോലെ തലയാട്ടി. ആമിനക്ക് അത് ഇഷ്ടപ്പെട്ടു. അവളുടെ മുഖത്ത് ഒരു നാണം മിന്നി മറഞ്ഞു.
എനിക്ക് ഇവിടം നല്ലോണം ഇഷ്ടപ്പെട്ടു. കുറെ നാളായി നല്ല ഒരു നൈറ്റ് ചെയ്തിട്ട്. നിങ്ങളോട് രണ്ടും കാര്യം പറഞ്ഞിരിക്കാൻ നല്ല രസാ. ആമിന പറഞ്ഞു.
ഒത്തിരി കാര്യം പറയേണ്ട, എല്ലാം ക്യാമറയിൽ കിട്ടും, അവൻ പറഞ്ഞു.
ഇവിടെ ക്യാമറ ഇല്ല, അർച്ചന പറഞ്ഞു.
ആമിനയും ആദിലും ഉടനെ ഞെട്ടി മുകളിലേക്ക് വട്ടം തിരിഞ്ഞ് നോക്കി.
ക്യാമറ ഇല്ലെന്ന് വെച്ചാൽ, റിസപ്ഷന്റെ അകത്തില്ലെന്ന്. ആ കോറിഡോറിൽ ഒരെണ്ണം ഉണ്ട്. അർച്ചന പറഞ്ഞു.
അതെന്താ ഇവിടെ ക്യാമറ ഇല്ലാത്തത്? ആമിന ചോദിച്ചു.
ഇത് പഴയ ബിൽഡിംങ്ങാ. പുതുക്കി പണിയാൻ ഇരിക്കുവാ, അർച്ചന പറഞ്ഞു.
അപ്പോ ആ ക്യാമറയും ഓൺ അല്ലെ? ആദിൽ കോറിഡോറിൽ ഉള്ള ക്യാമറ എത്തി നോക്കി ചോദിച്ചു.
അത് ഓണാ. പക്ഷേ റിസപ്ഷന്റെ ഉള്ളിലോട്ട് കാണില്ല, അങ്ങനാ വെച്ചിരിക്കുന്നത്. അർച്ചന പറഞ്ഞു.
അതെന്താ ഇവിടെ മാത്രം അങ്ങനെ? ആമിന
ചോദിച്ചു.
ഇവിടെ പണ്ടൊക്കെ ലോക്കൽസാ റിസപ്ഷനിൽ വർക്ക് ചെയ്തുകൊണ്ടിരുന്നത്, അതുകൊണ്ട് ആയിരിക്കും. അർച്ചന പറഞ്ഞു.
ഓ… ആദിൽ അതിശയപ്പെട്ടു.
ആപ്പോ ഇവിടെ ഇരുന്ന് ഫോണിൽ നോക്കിയാലും ആരും കാണില്ലല്ലോ. ആമിന പറഞ്ഞു.
അവളുടെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലാക്കിയ ആദിൽ പറഞ്ഞു.
ഒന്ന് ചുമ്മാതിരി സിസ്റ്ററെ, നമ്മൾ എന്തേലും ചെയ്താ അർച്ചന മാഡത്തിനാ പണി.
അർച്ചനക്ക് അത് ഇഷ്ടപ്പെട്ടു. അവൾ ചിരിച്ചിട്ട് പറഞ്ഞു.
ഫോൺ നോക്കാൻ അല്ലേലും ഇവിടെ എങ്ങും റെസ്ട്രിക്ഷൻ വെച്ചിട്ടില്ല. ജോലിക്കിടയിൽ, അല്ലെങ്കിൽ ജോലിയെ ബാധിക്കുന്നതുപോലെ ഫോണിൽ നോക്കി ഇരുന്നാലേ പ്രശ്നം ഉള്ളു.
ശോ, ഇത് നേരത്തെ അറിഞ്ഞില്ലലോ അവൻ പറഞ്ഞു.
സർക്കുലർ മേയിലിൽ അയച്ചിട്ടുണ്ടായിരുന്നു. അർച്ചന ചെറിയൊരു കളിയാക്കൽ എന്നപോലെ പറഞ്ഞു.
ഞങ്ങൾ ചുമ്മാതെ ഇരിക്കുമ്പോ പോലും ഫോൺ എടുത്താ അപ്പൊ ചീത്തവിളിയാ. ആമിന പറഞ്ഞു?
ആര്?
അർച്ചന തിരിഞ്ഞ് കുറച്ച് ഗൗരവത്തിൽ ചോദിച്ചു.
അതൊന്നും പറഞ്ഞ് ഇനി പ്രശ്നമാകുന്നില്ല. വെറുതെ എന്തിനാ നമ്മളായിട്ട്! ആമിന പറഞ്ഞു.
