നെനക്ക് അറിയാമോ ഓളെ എനിക്ക് എന്ത് കാര്യമാ എന്ന്? ഓൾക്ക് കൊയപ്പം ഒള്ള ഒരു കാര്യോം ഞാൻ ചെയ്യില്ല. ആമിന ഒരു
വിങ്ങലിന്റെ വക്കിൽ അവനോട് പറഞ്ഞു.
സോറി, ഞാൻ പെട്ടെന്ന് ഓർക്കാതെ പറഞ്ഞ് പോയതാ, സിസ്റ്റർ ക്ഷമിക്ക്. ഫുഡ് ഷെയർ ചെയ്യാൻ ഒരുമിച്ച് ഇരിക്കണം എന്നില്ലല്ലോ, അവിടെ കുറച്ച് മാറ്റിവെച്ചാൽ മതി. അവൻ പറഞ്ഞു.
അനക്ക് ഞാൻ കുന്തമാ തരണേ, ഇജ്ജ് പോ. ആമിന ദേഷ്യത്തോടെ പറഞ്ഞു.
അർച്ചനയ്ക്ക് ചിരി പൊട്ടി. സാരമില്ല വഴക്ക് ആക്കണ്ട. ഞങ്ങൾ പോയി കഴിച്ചിട്ട് വരാം, ആദിൽ ഇവിടെ ഇരിക്ക്. അർച്ചന പറഞ്ഞിട്ട്, കൗണ്ടറിന്റെ അടിയിൽ വെച്ചിരുന്ന അവളുടെ ബാഗ് എടുത്തുകൊണ്ട് എഴുന്നേറ്റു. ആമിനയും ഉടനെ എഴുന്നേറ്റു.
ആദിൽ അവർക്ക് ഇറങ്ങാൻ, ഇരുന്നുകൊണ്ടുതന്നെ കസേര ഉരുട്ടി മാറ്റി വഴി കൊടുത്തു. ആമിന പോകുന്ന വഴി അവനെ നോക്കി കൊഞ്ഞനം കുത്തി. അർച്ചന അത് കണ്ട് ചിരിച്ചിട്ട് അവളുടെ കയ്യിൽ പിടിച്ച് വലിച്ചു. ചുമ്മാ വഴക്ക് ഇടാതെ, അവൾ ആമിനയോട് പറഞ്ഞു.
അവർ രണ്ടുപേരും അകത്തേക്ക് പോയപ്പോൾ ആദിൽ നടന്നത് ആലോചിച്ച് ഇരുന്നു. വെറുതെ വായിൽ വന്നത് വിളിച്ചു പറഞ്ഞ് നാണക്കേടായി. അർച്ചനയെ ഇംപ്രസ് ചെയ്യാൻ നോക്കി ഉള്ള വില കൂടി പോയി. ചിന്തകളിൽ നിന്ന് വിട്ടുമാറാനായി അവൻ ഫോണെടുത്ത് അതിൽ തോണ്ടി.
ആമിന, ചേഞ്ചിഗ് റൂമിൽ പോയി ബാഗ് എടുത്തുകൊണ്ട് ബ്രേക്ക് റൂമിലേക്ക് പോയി. അർച്ചന അപ്പോഴേക്കും ബാഗിൽ നിന്ന് ഫുഡ് എടുത്ത് ടേബിളിൽ വെച്ചു.
ഞാനൊന്ന് വാഷ് റൂമിൽ പോയിട്ട്, കൈ കഴുകി വരാം, അർച്ചന പറഞ്ഞിട്ട് പുറത്തേക്ക് നടന്നു. അവൾ പോയ ഉടനെ ആമിന പുറത്തിറങ്ങി റിസപ്ഷന്റെ അടുത്തേക്ക് ചെന്നു.
അന്റെ ഫുഡ് എവിടാ വെച്ചേക്കുന്നേ ആദിലെ? അവൾ റിസപ്ഷന്റെ
ഉള്ളിൽ ഇരിക്കുന്ന അവനോട് ചോദിച്ചു.
അവന് അത് കേട്ടപ്പോൾ സന്തോഷമായി, അവിടെ ഇരുന്ന് എത്തി നോക്കിക്കൊണ്ട് അവളോട് പറഞ്ഞു. എന്റെ ബാഗിൽ ഇരിപ്പുണ്ട് സിസ്റ്ററെ. ലോക്കറിൽ അല്ല, പുറത്താ വെച്ചേക്കുന്നത്.
ഇജ്ജ് വന്ന് എടുത്ത് താ. ആമിന പറഞ്ഞു.
സിസ്റ്റർ എടുത്തോ, കുഴപ്പമൊന്നുമില്ല. അവൻ അവളോട് പറഞ്ഞു.
അവൾ ഒന്നും മിണ്ടാതെ ചെഞ്ചിങ്ങ് റൂമിലേക്ക് പോയി അവന്റെ ബാഗ് എടുത്ത് അതിനുള്ളിൽ മൊത്തം ഒന്ന് പരതി, ഫുഡ് കണ്ടുപിടിച്ച്, അതുമായി ബ്രേക്ക് റൂമിലേക്ക് പോയി.
അർച്ചന തിരിച്ചുവന്നപ്പോൾ ആമിന അവളോട് പറഞ്ഞു.
ഞാനും കൈ കഴുകിയിട്ട് വരാം. എന്നിട്ടവൾ ബാത്റൂമിലേക്ക് പോയി. അപ്പോഴാണ് അവിടെ ഇരിക്കുന്ന മൂന്നാമത്തെ പൊതി അർച്ചന ശ്രദ്ധിച്ചത്.
ആമിന പോയിട്ട് വന്നപ്പോൾ തന്നെ അർച്ചന അവളോട് ചോദിച്ചു.
ഇതേതാ സിസ്റ്ററെ മൂന്നാമത് ഒരു പൊതി?
അത് ഓന്റെയാ, ആദിലിന്റെ. അവൾ പറഞ്ഞു.
അയ്യോ സിസ്റ്ററെ വെറുതെ പണിയാക്കല്ലേ! അർച്ചന കുറച്ച് നീരസത്തോടെ പറഞ്ഞു.
ഓനോട് ചോയ്ച്ചിട്ടാ ഞാൻ എടുത്തേ. ആമിന പറഞ്ഞു.
ആഹാ, അപ്പൊ കഴിഞ്ഞോ നിങ്ങടെ പിണക്കം ഒക്കെ? അർച്ചന കളിയാക്കി ചോദിച്ചു.
നിക്ക് ഓനോട് പിണക്കം ഒന്നുമില്ല. ഓൻ ഇങ്ങടെ നല്ലത് നോക്കി പറഞ്ഞതല്ലേ, ഞാനാണേൽ ഒന്നും ചിന്തിക്കാതെ എന്തെങ്കിലും ഒക്കെ പറയും, ഓൻ പറഞ്ഞതിലും കാര്യം ഒണ്ട്.
അത് വിട്, പോട്ടെ. എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ തന്നെ തുറന്ന് പറയും, അതിന് അവന്റെ സപ്പോർട്ട് ഒന്നും വേണ്ട.
ഓൻ പാവമാ, ഇങ്ങളെ നല്ല കാര്യമാ.
ഞാൻ ഒന്ന് രണ്ട് തവണയേ ഓന്റെ കൂടെ ഡ്യൂട്ടി ചെയ്തിട്ടുള്ളൂ, പക്ഷേ ആരോടും
അധികം സംസാരിക്കുന്നതും, ആരുടേം മുമ്പിൽ ഷൈൻ ചെയ്യാൻ നിൽക്കുന്നതും ഞാൻ കണ്ടിട്ടില്ല.
ഇങ്ങളൊഴികെ.
അർച്ചനയ്ക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു. ആമിന കാണുന്നപോലെ അത്ര മണ്ടി അല്ലെന്ന് അവൾക്ക് ബോധ്യമായി. അവൾ അതിന് മറുപടി പറയാതെ ഭക്ഷണം എടുത്ത് തുറന്നു.
ആമിന കൂടുതലൊന്നും പിന്നെ പറഞ്ഞില്ല, അവൾ അവളുടെയും അവന്റെയും ഭക്ഷണം തുറന്നു. അവന്റെ പാത്രത്തിനുള്ളിൽ ആകെ നാല് ചപ്പാത്തിയും ഉരുളക്കിഴങ്ങ് പുഴുങ്ങിയ എന്തോ ഒരു കറിയും മാത്രമാണ് ഉണ്ടായിരുന്നത്. ഇത് കണ്ട് ആമിനയ്ക്ക് വിഷമമായി.
