എന്റെ പൊന്നു സിസ്റ്ററെ നമ്മൾ മൂന്നും കേരളത്തിൽ നിന്നാ എന്നാ മാഡം ഉദ്ദേശിച്ചേ.
ആദിൽ ആമിനയോട് പറഞ്ഞു.
ഓ… അങ്ങനെ. ആമിന തലയാട്ടി.
അതെന്താ ഒരുമിച്ച് ഇടാത്തത്? ആമിന വീണ്ടും അർച്ചനയോട് ചോദിച്ചു.
ഇതുപോലെ ഇരുന്ന് കാര്യം പറഞ്ഞുകൊണ്ട് ഇരിക്കും, അതുകൊണ്ടായിരിക്കും. ആദിൽ
അതിന് മറുപടിയായി പറഞ്ഞു.
ഇജ്ജ് പോ ആദിലെ. ആമിന ചിണുങ്ങി.
ഡൈവേഴ്സിറ്റിക്ക് വേണ്ടിയാ, ആമിന സിസ്റ്ററെ. അർച്ചന മറുപടി പറഞ്ഞു.
ഓ… ആമിന മനസ്സിലായത് പോലെ തലയാട്ടി.
പിന്നെന്താ നമ്മളെ മൂന്നും ഒരിടത്ത് ഡ്യൂട്ടിക്ക് ഇട്ടത്? ആമിന അടുത്ത ചോദ്യം ചോദിച്ചു
അതല്ലേ മാഡം നോക്കുവാ എന്ന് പറഞ്ഞത് സിസ്റ്ററെ. ആദിൽ പറഞ്ഞു.
നോക്കി കണ്ടുപിടിച്ചോന്നാ ഞാൻ ഉദ്ദേശിച്ചേ. ആമിന ചമ്മൽ മറച്ചുപിടിച്ച് പറഞ്ഞു.
അത്, ഡ്യൂട്ടി ഇടാൻ പുതിയ സോഫ്റ്റ്‌വെയർ കൊണ്ടുവന്നായിരുന്നു അതിന്റെ എറർ വല്ലതും ആയിരിക്കും, അർച്ചന മറുപടി പറഞ്ഞു.
അപ്പോ അത് ശരിയാകുന്ന വരെ മലയാളികൾ ഒരുമിച്ച് ആയിരിക്കുമോ ഡ്യൂട്ടി? ആമിന ചോദിച്ചു
അറിയില്ല, നാളെ ഐ ടി ഡിപ്പാർട്ട്മെന്റിൽ പോയി നോക്കിയാലേ അറിയൂ എന്താ പ്രശ്നം എന്ന്. ഇവിടെ ഇപ്പോ നമ്മുടെ പേര് വെച്ചിട്ടാ ഡ്യൂട്ടി വന്നിരിക്കുന്നതെന്ന് തോന്നുന്നു, അങ്ങനെയും വരണ്ടതല്ല. അർച്ചന മറുപടി പറഞ്ഞു.
പേരോ?…
ആമിന അടുത്ത ചോദ്യം ചോദിക്കുന്നതിനു മുൻപ് ആദിൽ മറുപടി പറഞ്ഞു, എന്നുവെച്ചാൽ നമ്മടെ മൂന്ന് പേരുടെയും പേരിന്റെ ആദ്യ അക്ഷരം.
ഓ… എ
എ എ. അർച്ചന, ആമിന, ആദില്. ആമിന തലയാട്ടി എണ്ണിക്കൊണ്ട് പറഞ്ഞു.
അർച്ചന മാഡം ഇതിനു മുമ്പ് ഇവിടെ ഡ്യൂട്ടി ചെയ്തിട്ടുണ്ടോ ആമിന ചോദിച്ചു
ഉണ്ട്, അർച്ചന ഒറ്റവാക്കിൽ പറഞ്ഞ് നിർത്തി.
അന്നേരം ഒക്കെ ഈടെ ഇതുപോലെ കാലിയാ?
ഇവിടെ മിക്കവാറും വലിയ തിരക്കൊന്നും കാണില്ല. പേഷ്യൻ്റ്സ് എല്ലാം രാവിലെയാ വരുന്നത്, അഡ്മിറ്റ് ചെയ്യേണ്ടവരെ മെയിൻ ബിൽഡിങ്ങിലോട്ട് മാറ്റും.
ആമിനയുടെ ചോദ്യങ്ങൾ പ്രതീക്ഷിച്ച് അർച്ചന എല്ലാം വിശദമായിതന്നെ പറഞ്ഞു.
പിന്നെ എന്തിനാ ഇത് രാത്രിയിൽ തുറന്നു വെച്ചിരിക്കുന്നത് അടച്ചിട്ടാൽ പോരെ ആമിന ചോദിച്ചു.
അടച്ചിടാൻ പറ്റില്ല, പിന്നെ അത്യാവശ്യത്തിന് വേണമെങ്കിൽ ഇങ്ങോട്ട് പേഷ്യൻ്റ്സിനെ ഷിഫ്റ്റ് ചെയ്തെന്നും വരാം.
അങ്ങനെ പേഷ്യൻസിനെ കൊണ്ടുവരാറുണ്ടോ? ആമിന ചോദിച്ചു.
ഞാൻ ഇരിക്കുമ്പോൾ ഇതുവരെ വന്നിട്ടില്ല. അർച്ചന പറഞ്ഞു.
ഈടെ നൈറ്റ് കിട്ടിയാൽ സുഖമാ അല്ലെ, മെയിനിൽ ആണേൽ ഓടി പണി തീരും. ആമിന പറഞ്ഞു.
അർച്ചന എപ്പോഴും ഇവിടെയാണ് നൈറ്റ് ഡ്യൂട്ടി എടുക്കുന്നത് എന്ന് ആദിലിന് മനസ്സിലായി, അവളുടെ പദവി ദുരുപയോഗം ചെയ്തു എന്ന് ബാക്കിയുള്ളവർ അറിയുന്നത് അർച്ചനയ്ക്ക് കുറച്ചില്‍ ആയാലോ!
ആമിന വീണ്ടും ചികഞ്ഞാൽ അർച്ചനയുടെ സ്വഭാവം മാറുമോ എന്ന് അവന് പേടി തോന്നി. അവൻ വേഗം വിഷയം മാറ്റാനായി ആമിനയോട് ചോദിച്ചു.
സിസ്റ്റർ അടുത്ത് വല്ലതും നാട്ടിൽ പോകുന്നുണ്ടോ?
ഇല്ല, അനക്ക് എന്തേലും വാങ്ങീട്ട് വരണോ?
എന്റെ പരിചയത്തിലുള്ളവർ അടുത്ത് തന്നെ വരാനിണ്ട് അവൾ പറഞ്ഞു.
എനിക്കൊന്നും വേണ്ട സിസ്റ്ററെ ഞാൻ വെറുതെ ചോദിച്ചതാ. അവൻ പറഞ്ഞു.
ഇങ്ങൾക്ക് എന്തേലും വേണോ അർച്ചന മാഡം? ആദിൽ പറഞ്ഞവസാനിപ്പിക്കുന്നതിന് മുൻപ്
ആമിന അർച്ചനയോട് ചോദിച്ചു.
ഒന്നും വേണ്ട സിസ്റ്ററെ, താങ്ക്സ്.
നാട്ടീന്ന് എന്തേലും വേണമെങ്കിൽ പറഞ്ഞാൽ മതി നമ്മടെ ആരെങ്കിലും ഒക്കെ എപ്പോഴും പോയി ബന്നു ഇരിക്കും ആമിന പറഞ്ഞു.
ഉടനെ തന്നെ ആമിന അർച്ചനയോട് ചോദിച്ചു.
ഇങ്ങൾക്കും നൈറ്റ് ചെയ്യണോ? അഡ്മിനിസ്ട്രേഷനിൽ ഉള്ളൊര്?
ചെയ്യണം, രണ്ട് മാസത്തിൽ ഒരിക്കൽ എങ്കിലും ചെയ്യണം. അവൾ മറുപടി പറഞ്ഞു.
നിങ്ങളെ ഒക്കെ എന്തിനാ നെറ്റിന് ഇടുന്നെ? ഞങ്ങൾ അനുഭവിക്കുന്ന പോരെ? ഇതൊക്കെ ആരുണ്ടാക്കിയ നിയമം ആണോ.
ആദിൽ അർച്ചനയുടെ പ്രീതി പിടിച്ച് പറ്റാനായി പറഞ്ഞു.
ഞാൻ ഉണ്ടാക്കിയ നിയമമാ.
നിങ്ങൾ എന്തൊക്കെ ബുദ്ധിമുട്ടും, പ്രശ്നങ്ങളും അനുഭവിക്കുന്നുണ്ടെന്ന് ഞങ്ങളും അറിയണ്ടേ? എങ്കിൽ അല്ലെ അതിനൊക്കെ പരിഹാരം കാണാൻ പറ്റു? അർച്ചന പറഞ്ഞു.
