”ടീച്ചറോ?”
ഞാൻ കളിയാക്കുന്ന രൂപത്തിൽ അവളെ നോക്കി.
“ഈ കുസൃതിക്കാരി ടീച്ചറായാൽ കുട്ടികളെ എങ്ങനെയാ അടക്കി നിർത്തുക? വഴക്ക് പറയാൻ ഈ മുഖത്തിന് തീരെ ഗൗരവം പോരല്ലോ.”
”അതെന്താപ്പൊ അങ്ങനെ പറഞ്ഞേ? എനിക്ക് നല്ല ഗൗരവത്തിലൊക്കെ നിൽക്കാൻ അറിയാം ട്ടോ,”
അവൾ കണ്ണുരുട്ടി കാണിച്ചുകൊണ്ട് ചോദിച്ചു.
”ഉവ്വ്… ഭയങ്കര ഗൗരവം തന്നെ. ഏത് കുരുത്തംകെട്ട കുട്ടിയായാലും നിന്റെ ഈ നീലക്കണ്ണുകളിലേക്ക് നോക്കിയാൽ അവരുടെ പേടിയൊക്കെ അപ്പൊത്തന്നെ തീരും. പിന്നെ അവരും നിന്റെ കൂടെ കളിക്കാൻ കൂടും,”
ഞാൻ അവളെ നോക്കി കണ്ണെടുക്കാതെ പറഞ്ഞു.
ആ വാക്ക് കേട്ടതും അവളുടെ കള്ളഗൗരവം അലിഞ്ഞില്ലാതായി. മുഖത്ത് വീണ്ടും നാണത്തിന്റെ ചുവപ്പ് പടർന്നു. അവൾ പെട്ടെന്ന് നോട്ടം മാറ്റി വീണ്ടും കുളത്തിലേക്ക് തന്നെ നോക്കിയിരുന്നു.
”അല്ല… ഈ എഞ്ചിനീയർ സാറിന് വേറെ പണിയൊന്നുമില്ലേ? വീട് മുഴുവൻ നോക്കിപ്പഠിക്കാനുണ്ടെന്ന് പറഞ്ഞിട്ട് ഇപ്പൊ കുളപ്പുരയിലെ പടവണ്ണാനാണോ ഉദ്ദേശം?”
അവൾ വിഷയം മാറ്റാനായി ചോദിച്ചു.
”അതിന് ഞാൻ പഠിക്കാൻ വന്ന വീടിനേക്കാൾ ഭംഗി ആ വീട്ടിലെ ഈ കുട്ടിക്കല്ലേ…”
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
അവൾ അത്ഭുതത്തോടെ എന്നെ നോക്കിയപ്പോൾ ഞാൻ കുറച്ചുകൂടി ഗൗരവത്തിൽ തുടർന്നു:
”സത്യമാ പാർവണേ… സച്ചുച്ചേട്ടന്റെ കല്യാണത്തിന് പോകുന്നതിന് കുറച്ചുനാൾ മുൻപ് ഞാൻ ഒരു സ്വപ്നം കണ്ടിരുന്നു. ചുറ്റും കാടുകൾ കൊണ്ട് നിറഞ്ഞ ഏതോ ഒരു മനോഹരമായ സ്ഥലം… ആ പച്ചപ്പിന് നടുവിൽ, കാറ്റിൽ പാറുന്ന മുടിയിഴകളും ഈ നീലക്കണ്ണുകളുമായി നിൽക്കുന്ന ഒരു പെൺകുട്ടി…പട്ട് നിറമുള്ള ധവണിയായിരുന്നു വേഷം.പിന്നീട് സച്ചുച്ചേട്ടന്റെ കല്യാണപ്പന്തലിൽ വെച്ച് ആദ്യമായി നിന്നെ കണ്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി! എന്റെ സ്വപ്നത്തിൽ കണ്ട അതേ പെൺകുട്ടിയാണ് എന്റെ മുന്നിൽ നിൽക്കുന്നത്! എപ്പോഴെങ്കിലും നിന്നെ ഞാൻ നേരിൽ കാണുമെന്നും, നിന്റെ കൂടെ ഇങ്ങനെ വന്നിരിക്കുമെന്നും കാലം എനിക്ക് മുൻപേ നൽകിയ
സൂചനയായിരുന്നോ ആ സ്വപ്നം എന്ന് തോന്നിപ്പോകുന്നു.”
എന്റെ ആ വാക്കുകൾ കേട്ട് അവൾ ശരിക്കും അമ്പരന്നുപോയി.
ആ വലിയ നീലക്കണ്ണുകളിൽ വിസ്മയവും ഒപ്പം പറഞ്ഞറിയിക്കാൻ കഴിയാത്ത നാണവും നിറഞ്ഞുനിന്നു. സ്വപ്നത്തിലെ പെൺകുട്ടി താനാണെന്നറിഞ്ഞതിന്റെ ഒരത്ഭുതം ആ മുഖത്തുണ്ടായിരുന്നു.
എങ്കിലും അതൊന്നും പുറത്തുകാണിക്കാതെ അവൾ പെട്ടെന്ന് മുഖത്ത് കള്ളഗൗരവം വരുത്തി.
”ഓ… മതി മതി… ഈ എഞ്ചിനീയർ സാറിന്റെ ഒരു തള്ള്! എന്നെ വീഴ്ത്താൻ വേണ്ടി ചുമ്മാ ഓരോ കഥകൾ ഉണ്ടാക്കി പറയുകയാ അല്ലെ?.””
ചുണ്ടിലെ ചിരി മറച്ചുപിടിച്ച് ഇത്രയും പറഞ്ഞിട്ട് അവൾ വേഗം പാവാടത്തുമ്പ് പിടിച്ചുയർത്തി പടവുകൾ കയറി തറവാട്ടിലേക്ക് നടന്നു.
’ചുമ്മാ പറയുകയാ’ എന്ന് പറയുമ്പോഴും ആ മുഖത്തുണ്ടായിരുന്ന നാണവും, തിരിഞ്ഞുനടക്കുമ്പോഴുള്ള അവളുടെ ആ കുസൃതിയും കണ്ട് ഞാൻ അവിടെത്തന്നെ ഇരുന്നു. എന്റെ ചുണ്ടിലും വല്ലാത്തൊരു ചിരിയുണ്ടായിരുന്നു. അവൾക്കും എന്നെ ഇഷ്ടമായിത്തുടങ്ങി എന്ന് എനിക്ക് പൂർണ്ണമായും ഉറപ്പായ നിമിഷം…..
ഉച്ചഭക്ഷണവും കഴിഞ്ഞ് വിശ്രമിച്ചതിനു ശേഷം, വെയിൽ താഴ്ന്ന് പകൽ പതുക്കെ സന്ധ്യയ്ക്ക് വഴിമാറാൻ തുടങ്ങിയിരുന്നു..
തറവാട്ടിന്റെ പടിഞ്ഞാറേ മൂലയിലുള്ള സർപ്പക്കാവിലേക്ക് സന്ധ്യാദീപം തെളിയിക്കാൻ പോവുകയായിരുന്നു പാർവണ. കുളിച്ചു വേഷം മാറി,ഒരു പച്ചകളർ ദവാണിയും അണിഞ്ഞു കയ്യിലൊരു ചെറിയ ഓട്ടുവിളക്കും തിരിയുമായി പോകുന്ന അവളെ കണ്ടപ്പോൾ വെറുതെ തറവാട്ടിലെ കാഴ്ചകൾ കണ്ടുനടക്കുകയായിരുന്ന ഞാനും അവളുടെ പിന്നാലെ കൂടി.
കരിയിലകൾ വീണുകിടക്കുന്ന ചെറിയ ഇടവഴി ചെന്നവസാനിക്കുന്നത് വലിയൊരു സർപ്പക്കാവിലേക്കാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള കൂറ്റൻ മരങ്ങളും, അവയിൽ ചുറ്റിപ്പടർന്നു കിടക്കുന്ന വള്ളിച്ചെടികളും ആ സ്ഥലത്തിന് വല്ലാത്തൊരു വന്യത നൽകിയിരുന്നു..
