പാർവണം – 2 Likeഅടിപൊളി  

“ശരി മുത്തശ്ശ,”

അവൾ വളരെ അനുസരണയുള്ള കുട്ടിയായി തലകുലുക്കി. എന്നിട്ട് എന്നോട് വരാൻ ആംഗ്യം കാണിച്ച് അകത്തേക്ക് നടന്നു. ഞാൻ എന്റെ ബാഗുമെടുത്ത് അവളുടെ പിന്നാലെ നടന്നു.

മരക്കോണി കയറി മുകളിലത്തെ നിലയിലെ വിശാലമായ ഒരു മുറി അവൾ എനിക്ക് തുറന്നുതന്നു. തടിയിൽ തീർത്ത ഭിത്തികളും, വലിയ ജനലുകളുമുള്ള മനോഹരമായ മുറി. ജനലുകൾ തള്ളിതുറന്നപ്പോൾ പുറത്തെ കരിമ്പനയിൽ നിന്ന് വീശിയെത്തിയ കാറ്റ് ആ മുറിയിലാകെ പരന്നു..

“കുളിച്ച് ഫ്രഷ് ആയി താഴേക്ക് വായോ, ഞാൻ വീടൊക്കെ കാണിച്ചു തരാം… ‘എഞ്ചിനീയർ സാറിന്’,”

കുസൃതിയോടെ എന്നെ ഒന്ന് നോക്കിയിട്ട് അവൾ താഴേക്ക് പോയി..

കുളി കഴിഞ്ഞ് ഉടുപ്പൊക്കെ മാറി ഞാൻ താഴേക്ക് ചെന്നപ്പോൾ അവൾ എനിക്കായി കാത്തുനിൽപ്പുണ്ടായിരുന്നു. ഞങ്ങൾ ആ വലിയ തറവാട് ചുറ്റിക്കാണാൻ തുടങ്ങി.

വലിയ അറകളും നിരയറകളും, മച്ചും, നടുമുറ്റവും എല്ലാം അവൾ എനിക്ക് പരിചയപ്പെടുത്തിത്തന്നു. ഞാൻ ഇതൊക്കെ ശ്രദ്ധിക്കുന്നതിനേക്കാൾ കൂടുതൽ അവളുടെ സംസാരവും ആ നീലക്കണ്ണുകളുമാണ് ശ്രദ്ധിച്ചിരുന്നത്.

നടുമുറ്റത്തെ മനോഹരമായ മരത്തൂണുകൾക്ക് സമീപം നിൽക്കുമ്പോൾ അവൾ പെട്ടെന്ന് നടത്തം നിർത്തി, തിരിഞ്ഞ് എന്റെ മുഖത്തേക്ക് നോക്കി. അവളുടെ കണ്ണുകളിൽ ആ പഴയ കുസൃതിച്ചിരിയുണ്ടായിരുന്നു.

“അല്ല എഞ്ചിനീയർ സാറേ… ഈ തറവാടിന്റെ തച്ചുശാസ്ത്രം പഠിക്കാനാ വന്നതെന്ന് പറഞ്ഞിട്ട്

സാറിന്റെ കയ്യില് ഇതിന്റെയൊക്കെ പടം വരച്ചെടുക്കാൻ ഒരു ബുക്കോ പേനയോ ഒന്നുമില്ലലോ? അളവെടുക്കാൻ ടേപ്പില്ല, ഫോട്ടോ എടുക്കാൻ ക്യാമറയുമില്ല… ഇങ്ങനെ പോക്കറ്റിലും കൈയിട്ട് നോക്കിനിൽക്കുകയാണോ””

അവളുടെ ആ ചോദ്യം കേട്ട് ഞാൻ ശരിക്കും ഞെട്ടിപ്പോയി! എന്റെ ബുദ്ധി അവിടെ വരെ എത്തിയിരുന്നില്ല. ഞാൻ ആകെ ചമ്മി പരുങ്ങാൻ തുടങ്ങി.

“അത്… പിന്നെ… ഞാൻ മെയിൻ ആയിട്ട് ഈ ഡിസൈൻ മനസ്സിൽ ഓർത്തു വെക്കുകയാ…”

ഞാൻ എന്തൊക്കെയോ ന്യായീകരിക്കാൻ ശ്രമിച്ചു.

“ഉവ്വ്, മനസ്സിലായി…”

അവൾ ചിരിയമർത്തിക്കൊണ്ട് ചോദിച്ചു.

“സത്യം പറയ്, ആദി എന്തിനാ ഇങ്ങ്ട് വന്നേ? ഈ തറവാട് കാണാനല്ലെന്ന് എനിക്ക് മനസ്സിലായി.”

ഞാൻ ഒന്ന് നെടുവീർപ്പിട്ടു. ഇനി കള്ളം പറഞ്ഞിട്ട് കാര്യമില്ല. എന്നെക്കാൾ ബുദ്ധിമതിയാണ് അവൾ.

“നിന്നെ കാണാൻ…”

ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.

“സച്ചുച്ചേട്ടന്റെ കല്യാണത്തിന് കണ്ടതിന് ശേഷം എനിക്ക് നിന്നെ മറക്കാൻ പറ്റിയില്ല. നിന്നെ ഒന്നുകൂടി കാണണം, നിന്നോട് സംസാരിക്കണം എന്ന് തോന്നി. അതുകൊണ്ടാ ആ ഫോട്ടോസ് ഒക്കെ പ്രിന്റ് എടുത്ത് ഇവിടെ വരെ വന്നത്. ഇങ്ങനെയൊരു കള്ളം പറഞ്ഞില്ലെങ്കിൽ ഒരുപക്ഷെ നിന്റെ മുത്തശ്ശൻ എന്നെ അപ്പോൾ തന്നെ പറഞ്ഞയച്ചേനെ.”

അത് കേട്ടപ്പോൾ അവളുടെ മുഖത്തെ ആ കുസൃതിച്ചിരി മാറി, പകരം ചെറിയൊരു നാണം മിന്നിമറയുന്നത് ഞാൻ കണ്ടു. അവൾ പെട്ടെന്ന് നോട്ടം മാറ്റി നടുമുറ്റത്തെ തുളസിത്തറയിലേക്ക് നോക്കി നിന്നു. കുറച്ചുനേരം ആരും ഒന്നും മിണ്ടിയില്ല.

“സത്യം പറഞ്ഞത് നന്നായി. എന്തായാലും മുത്തശ്ശനോട് ഈ കള്ളം പൊളിക്കാൻ നിക്കണ്ട. അദ്ദേഹത്തിന് ഈ തറവാടിനോടും ഇത് പഠിക്കാൻ വരുന്നവരോടും വലിയ ഇഷ്ടമാ. അതുകൊണ്ടാ ആദിക്ക് ഇവിടെ നിൽക്കാൻ സമ്മതം തന്നത്,”

അവൾ പതുക്കെ പറഞ്ഞു.

സന്ധ്യ മയങ്ങിയപ്പോൾ ഞങ്ങൾ തിരികെ ഉമ്മറത്തേക്ക് നടന്നു.

രാത്രി അത്താഴത്തിന് വലിയൊരു പന്തിഭോജനം തന്നെ ഉണ്ടായിരുന്നു തറവാട്ടിൽ. അപ്പോഴാണ് ഞാൻ ബാക്കിയുള്ളവരെ പരിചയപ്പെടുന്നത്. പകൽ സമയത്ത് വീട്ടിലില്ലാതിരുന്ന പുരുഷന്മാരെല്ലാം അപ്പോഴാണ് ജോലി കഴിഞ്ഞെത്തിയത്. പാർവണയുടെ വലിയമ്മാവൻ ഹരിനാരായണൻ.

കുറച്ചു ഗൗരവക്കാരനായ ഒരു സ്കൂൾ മാഷ്. സാവിത്രി അമ്മായിയുടെ ഭർത്താവാണ് അദ്ദേഹം. പിന്നെ ചെറിയമ്മാവൻ ശ്രീനാരായണൻ. അദ്ദേഹത്തിന് ടൗണിൽ ഒരു തുണിക്കടയാണ്. വളരെ രസികനായ പ്രകൃതം. അദ്ദേഹത്തിന്റെ ഭാര്യയാണ് രമ അമ്മായി. വളരെ ശാന്തപ്രകൃതയായ ഒരമ്മ. വലിയമ്മാവന്റെ ഗൗരവവും ചെറിയമ്മാവന്റെ തമാശകളും കേട്ട് ആ വലിയ ഡൈനിങ്ങ് ടേബിളിലിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ, ഞാനും ആ വലിയ കുടുംബത്തിലെ ഒരംഗത്തെപ്പോലെയായി മാറിയിരുന്നു…

Updated: July 7, 2026 — 6:50 pm

Leave a Reply

Your email address will not be published. Required fields are marked *