പാർവണം – 2 29

അത്താഴമെല്ലാം കഴിഞ്ഞ് എല്ലാവരും ഉറങ്ങാൻ പോയി. അവൾക്ക് ഫോൺ ഇല്ലാത്തതുകൊണ്ട് ഒന്ന് വിളിച്ച് സംസാരിക്കാനും വഴിയില്ലല്ലോ എന്നോർത്ത് ഞാൻ തെക്കിനിയിലെ എന്റെ മുറിയിലെ ജനാലയിലൂടെ പുറത്തെ നിലാവും നോക്കി കിടക്കുകയായിരുന്നു.

പെട്ടെന്നാണ് മുറിയുടെ വാതിലിൽ ചെറിയൊരു മുട്ട് കേട്ടത്. ഇത്ര രാത്രി ആരായിരിക്കും എന്ന ചിന്തയോടെ ഞാൻ പതുക്കെ എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നു.

മുൻപിൽ പാർവണ! അവളുടെ കയ്യിൽ കുടിക്കാൻ വെള്ളമുള്ള ഒരു ചെറിയ മൺകൂജയും ഗ്ലാസ്സും ഉണ്ടായിരുന്നു. എന്നെ കണ്ടതും അവൾ ആരും കേൾക്കാതെ പതുക്കെ ചോദിച്ചു:

“ഉറങ്ങിയില്ലേ…?”

അവൾ ശബ്ദം താഴ്ത്തി ചോദിച്ചു.

“ഇല്ല…

ഉറക്കം വന്നില്ല,”

ഞാൻ പതുക്കെ പറഞ്ഞു.

“രാത്രി കുടിക്കാൻ വെള്ളം വേണോന്ന് വെച്ചിട്ടാ… മുത്തശ്ശൻ പറഞ്ഞിരുന്നു ആദിക്ക്യി കുടിക്കാൻ കൂജയിൽ വെള്ളം വെച്ചുകൊടുക്കാൻ,”

അവളുടെ ചുണ്ടിൽ ആ കുസൃതിച്ചിരി വീണ്ടും വിരിഞ്ഞു. മൺകൂജയും ഗ്ലാസ്സും അവൾ മുറിയിലെ ചെറിയ മേശപ്പുറത്ത് വെച്ചു.

“മുത്തശ്ശൻ പറഞ്ഞിട്ടാണോ… അതോ…”

ഞാൻ വാക്കുകൾ മുഴുമിപ്പിക്കാതെ ചിരിച്ചുകൊണ്ട് ചോദിച്ചു.

അവളൊന്ന് നാണിച്ചെങ്കിലും പെട്ടെന്ന് മുഖത്ത് ഗൗരവം വരുത്തി.

“അതൊക്കെ പോട്ടെ, ഇങ്ങ്ട് വന്ന് മുത്തശ്ശനോട് കള്ളം പറഞ്ഞതൊക്കെ ശരി… എന്നാലും എത്ര ദിവസാ ഇപ്പൊ ഇവിടെ നിക്കാൻ ഉദ്ദേശിക്ക്ണ്?”

തനി പാലക്കാടൻ ശൈലിയിലുള്ള ആ ചോദ്യം കേട്ടപ്പോൾ എനിക്ക് വല്ലാത്തൊരു സന്തോഷം തോന്നി.

“അത്… ഒരു രണ്ടാഴ്ചത്തെ ലീവ് എടുത്താ ഞാൻ തിരുവനന്തപുരത്തുന്ന് പോന്നത്. എന്നെ ഈ തറവാട്ടിൽ നിന്ന് അടിച്ചിറക്കുന്നത് വരെ ഞാൻ ഇവിടെ എന്തായാലും ഉണ്ടാവും,”

ഞാൻ അവളെ നോക്കി കണ്ണിറുക്കി.

“ഓഹോ… എന്നാപ്പിന്നെ സാറ് സൂക്ഷിച്ചോ. ഈ രാമനാഥൻ നമ്പൂതിരിക്ക് പഴയ തറവാട് മാത്രല്ല, മനുഷ്യന്മാരെയും നന്നായിട്ട് വായിക്കാനറിയാം. എന്തെങ്കിലും സംശയം തോന്നിയാ പിന്നെ ഈ പടിപ്പുര കേറ്റില്ലാട്ടോ,”

അവൾ വലിയൊരു മുന്നറിയിപ്പ് തരുന്നതുപോലെ പറഞ്ഞു.

“അത് സാരമില്ല. ഇത്രയും വലിയൊരു തറവാട്ടിൽ എന്റെ കള്ളം പിടിക്കപ്പെടാതിരിക്കാൻ കൂട്ടുനിൽക്കാൻ നീ ഉണ്ടല്ലോ, പിന്നെ എനിക്കെന്താ പേടി?”

ഞാൻ വളരെ ആത്മവിശ്വാസത്തോടെ പറഞ്ഞു.

അതുകേട്ട് അവൾ മുഖം കുനിച്ച് ശബ്ദമുണ്ടാക്കാതെ ഒന്നു ചിരിച്ചു. ആ ചിരിയിൽ എനിക്കുള്ള മറുപടിയുണ്ടായിരുന്നു. എന്റെ ഈ വരവിലും കള്ളത്തിലും അവൾക്കും ഒരിഷ്ടമുണ്ടെന്ന് എനിക്ക് പൂർണ്ണമായും ഉറപ്പായി. കുറച്ചുനേരം ഞങ്ങൾക്കിടയിൽ വല്ലാത്തൊരു നിശബ്ദത നിറഞ്ഞുനിന്നു.

പുറത്ത് വീശുന്ന കാറ്റിൽ മുറ്റത്തെ മാവിലകൾ അനങ്ങുന്ന ശബ്ദം മാത്രം കേൾക്കാം

“ന്നാ ശരി… കിടന്നുറങ്ങിക്കോ. രാവിലെ

എഴുന്നേറ്റ് ഈ നാലുകെട്ടൊക്കെ ഒന്ന് അളന്ന് തിട്ടപ്പെടുത്തണ്ടേ എഞ്ചിനീയർ സാറിന്,”

അവൾ വീണ്ടും എന്നെ കളിയാക്കിക്കൊണ്ട്

വാതിൽക്കലേക്ക് നടന്നു.

“good night”

ഞാൻ പറഞ്ഞു

“മ്മ്…”

എന്ന് മാത്രം മൂളിക്കൊണ്ട് അവൾ എന്നെയൊന്ന് തിരിഞ്ഞുനോക്കി പുറത്തേക്ക് നടന്നു.

ഇരുണ്ട ഇടനാഴിയിലൂടെ പോകുമ്പോൾ അവളുടെ കാൽപ്പാദങ്ങളിലെ പാദസരം പതുക്കെ കിലുങ്ങുന്നത് ഞാൻ കേട്ടു. ആ ശബ്ദം അകന്നുപോയെങ്കിലും, എന്റെ കാതുകളിൽ അതൊരു സംഗീതം പോലെ തങ്ങിനിന്നു. ഞാൻ വാതിലടച്ച് തിരികെ വന്ന് കട്ടിലിലേക്ക് കിടന്നു. ജനലിലൂടെ വരുന്ന ഇളംകാറ്റിന് ഇപ്പോൾ കരിമ്പനകളുടെ മാത്രമല്ല, അവളുടെ ആ ചിരിയുടെ കുളിർമ കൂടിയുണ്ടായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ രാത്രികളിലൊന്ന്..

പിറ്റേന്ന് രാവിലെ ഉണരുമ്പോൾ തന്നെ വീടിന്റെ പല ഭാഗത്തുനിന്നും പലവിധ ശബ്ദങ്ങൾ കേൾക്കാമായിരുന്നു. പശുവിനെ കറക്കുന്ന ശബ്ദം, അടുക്കളയിൽ പാത്രങ്ങൾ കൂട്ടിമുട്ടുന്ന ശബ്ദം, തറവാട്ടിലെ സ്ത്രീകളുടെ സംസാരം. ഞാൻ വേഗം എഴുന്നേറ്റ് കുളിച്ച് റെഡിയായി താഴേക്ക് ചെന്നു.

ഉമ്മറത്തേക്ക് ചെന്നപ്പോൾ മുത്തശ്ശൻ വലിയൊരു ചാരുകസേരയിലിരുന്ന് പത്രം വായിക്കുന്നുണ്ടായിരുന്നു. വലിയമ്മാവൻ ഹരിനാരായണൻ മാഷ് സ്‌കൂളിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. ഞാൻ പതിയെ അങ്ങോട്ടേക്ക് ചെന്നു.

Updated: July 12, 2026 — 11:15 pm

1 Comment

Add a Comment
  1. നന്ദുസ്

    സൂപ്പർ…
    നല്ല ഒരു നാട്ടിൻപുറ പ്രണയകാവ്യം….

Leave a Reply

Your email address will not be published. Required fields are marked *