സന്ധ്യ മയങ്ങിത്തുടങ്ങിയതുകൊണ്ട് കാവിനുള്ളിൽ നല്ല ഇരുട്ടുണ്ടായിരുന്നു. പകലിലെ ചൂടൊന്നും ആ കാവിനുള്ളിൽ ഇല്ല, പകരം നേരിയൊരു തണുപ്പ് അവിടെ തങ്ങിനിൽപ്പുണ്ട്. ചീവീടുകളുടെ കരച്ചിൽ കാവിൻറെ നിശബ്ദതയെ കൂടുതൽ ഭയാനകമാക്കി
കാവിലെ കരിങ്കൽത്തറയിൽ വെച്ച നാഗവിഗ്രഹങ്ങൾക്ക് മുന്നിലായി അവൾ വിളക്കുവെച്ചു. ആ ചെറിയ വിളക്കിന്റെ വെളിച്ചത്തിൽ, കണ്ണടച്ചു പ്രാർത്ഥിക്കുന്ന അവളുടെ മുഖം ഒരു ദേവിയെപ്പോലെ തിളങ്ങുന്നുണ്ടായിരുന്നു. പ്രാർത്ഥന കഴിഞ്ഞ് കണ്ണുതുറന്നപ്പോൾ പിന്നിൽ നിൽക്കുന്ന എന്നെ കണ്ട് അവളൊന്ന് ഞെട്ടി…
”ഈശ്വരാ… ഞാൻ പേടിച്ചുപോയി! ആദിയെന്താപ്പൊ ഈ കാവിലേക്കൊക്കെ? വല്ല പാമ്പോ മറ്റോ വന്നാ എഞ്ചിനീയറുടെ പണി തീരും ട്ടോ,”
അവൾ കണ്ണുരുട്ടി പേടിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് തനി പാലക്കാടൻ ശൈലിയിൽ പറഞ്ഞു.
”അതൊന്നും സാരമില്ല… ഈ കാവിനുള്ളിലെ ഏത് പാമ്പിനേക്കാളും എന്നെ കൊത്തിയത് ഇപ്പൊ എന്റെ മുന്നിൽ നിൽക്കുന്ന ഈ നാഗമാണിക്യമാ,”
ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി ചിരിയോടെ പറഞ്ഞു.
അതുകേട്ട് അവൾ മുഖം ചുളിച്ചു, പക്ഷെ ആ ചുണ്ടുകളിൽ ഒരു കള്ളച്ചിരി ഒളിച്ചിരിപ്പുണ്ടായിരുന്നു..
”ഓ… ഈ കാവില് വന്നാലും ആദിയുടെ ഈ തള്ളിനൊരു കുറവുമില്ല്യാലോ. വേഗം ഇങ്ങ്ട് നടന്നോ, ഇരുട്ടാൻ തുടങ്ങി…”
അവൾ വേഗം നടക്കാൻ തുടങ്ങിയെങ്കിലും കരിയിലകളിൽ ചവിട്ടി അവളുടെ കാലൊന്ന് വഴുതി. പെട്ടെന്ന് താഴേക്ക് വീഴാൻ പോയ അവളെ ഞാൻ വലംകൈ കൊണ്ട് അരയിലൂടെ ചുറ്റിപ്പിടിച്ചു. എന്റെ നെഞ്ചിലേക്ക് വീണ അവൾ ഭയം കൊണ്ട് കണ്ണുകൾ ഇറുകെയടച്ചിരുന്നു. കാവിലെ ആ മങ്ങിയ വെളിച്ചത്തിൽ, അവളുടെ ശ്വാസത്തിന്റെ ചൂട് എന്റെ
നെഞ്ചിൽ തട്ടുന്നുണ്ടായിരുന്നു. ഒരു നിമിഷം ചുറ്റുമുള്ള ചീവീടുകളുടെ ശബ്ദവും കാറ്റിന്റെ ഇരമ്പലും നിലച്ചതുപോലെ…
പതുക്കെ കണ്ണുകൾ തുറന്ന അവൾ എന്റെ മുഖത്തേക്ക് നോക്കി. ആ നോട്ടത്തിൽ പേടിയായിരുന്നില്ല, പകരം വല്ലാത്തൊരു പ്രണയമായിരുന്നു. എന്നിൽ നിന്ന് കുതറിമാറാൻ ശ്രമിക്കാതെ അവൾ എന്റെ നെഞ്ചോട് ചേർന്ന് അങ്ങനെതന്നെ നിന്നു. കാവിലെ വിളക്കിന്റെ വെളിച്ചം അവളുടെ നീലക്കണ്ണുകളിൽ തിളങ്ങുന്നുണ്ടായിരുന്നു. പാതിവിടർന്ന റോസാപ്പൂവിതൾ പോലെ മൃദുവായ അവളുടെ അധരങ്ങൾ നേരിയതായി വിറയ്ക്കുന്നുണ്ടായിരുന്നു. ഒന്നും ഉരിയാടാതെ തന്നെ ആ ചുവന്ന അധരങ്ങൾ എന്നോട് ആയിരം പ്രണയകാവ്യങ്ങൾ മന്ത്രിക്കുന്നതുപോലെ എനിക്ക് തോന്നി.
ആ മങ്ങിയ വെളിച്ചത്തിൽ, അവളുടെ കണ്ണുകളിലെ പ്രണയവും വിറയാർന്ന ആ അധരങ്ങളും എന്നിൽ വല്ലാത്തൊരു ലഹരി പടർത്തി. അവളുടെ ഹൃദയമിടിപ്പിന്റെ താളം എന്റെ നെഞ്ചിലുമറിയാമായിരുന്നു.
കുറച്ചുനേരം ആ കാവിലെ നിശബ്ദതയിൽ ഞങ്ങൾ അങ്ങനെതന്നെ നിന്നുപോയി. പിന്നെ വല്ലാത്തൊരു നാണത്തോടെ, എന്റെ നെഞ്ചിൽ നിന്നും പതുക്കെ അടർന്നുമാറി അവൾ താഴേക്ക് നോക്കി. ചുവന്നുതുടുത്ത മുഖത്തേക്ക് വീണ മുടിയിഴകൾ വിറയ്ക്കുന്ന വിരലുകളോടെ ചെവിയ്ക്കുപിന്നിലേക്ക് ഒതുക്കിവെച്ചുകൊണ്ട്, എന്നെയൊന്ന് പാളിനോക്കി അവൾ ഒരക്ഷരം പോലും മിണ്ടാതെ വേഗത്തിൽ തറവാട്ടിലേക്ക് നടന്നുപോയി.
അവളുടെ ആ പോക്കും നോക്കി, അടങ്ങാത്ത നെഞ്ചിടിപ്പോടെ ഞാനും ആ കാവിൻറെ പരിസരത്ത് കുറച്ചുനേരം കൂടി നിന്നുപോയി…
രാത്രിഭക്ഷണമെല്ലാം കഴിഞ്ഞ് ആ വലിയ തറവാട് പതിയെ ഉറക്കത്തിലേക്ക് വീണുതുടങ്ങിയിരുന്നു. സർപ്പക്കാവിലെ ആ നിമിഷങ്ങൾ തന്ന വല്ലാത്തൊരു ലഹരിയിൽ എന്റെ കണ്ണുകളിൽ നിന്നും ഉറക്കം എങ്ങോട്ടോ ഓടിയൊളിച്ചിരുന്നു. ഞാൻ പതുക്കെ മുറിയിൽ നിന്നിറങ്ങി നാലുകെട്ടിലെ നടുമുറ്റത്തേക്ക് വന്നു…
നടുമുറ്റത്തെ തുറന്ന മേൽക്കൂരയിലൂടെ ഒരു വസന്തം പോലെ നിലാവ് താഴേക്ക് ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു. കരിങ്കല്ല് പാകിയ മുറ്റത്ത് ആ വെള്ളിനിലാവ് സ്ഫടികം പോലെ തിളങ്ങി. ആ ഏകാന്തതയിൽ, നിലാവിന്റെ കുളിർമയേറ്റ് ഞാൻ അങ്ങനെ നിൽക്കുമ്പോഴാണ്, തെക്കിനിയിലെ ജനലുകൾ അടക്കാനായി അവൾ അങ്ങോട്ട് വന്നത്.
