തലമുറകളുടെ കഥകൾ ഉറങ്ങിക്കിടക്കുന്ന ഭീമാകാരനായ കുറെ പത്തായങ്ങൾ അവിടെ നിരന്നുകിടപ്പുണ്ട്. പുറത്തെ കാറ്റിന്റെ ഇരമ്പൽ പോലും ആ പത്തായപ്പുരയുടെ കട്ടി കൂടിയ ഭിത്തികൾക്കുള്ളിൽ വെറുമൊരു നേർത്ത മൂളലായി മാറിയിരുന്നു.വല്ലാത്തൊരു ശാന്തത.
“എങ്ങനെയുണ്ട് നമ്മുടെ പത്തായപ്പുര?”
അവൾ പതുക്കെ ചോദിച്ചു.
ആ വലിയ നിശബ്ദതയിൽ അവളുടെ ശബ്ദത്തിന് വല്ലാത്തൊരു മുഴക്കമുണ്ടായിരുന്നു.
“മനോഹരം…”
ഞാൻ സത്യം പറഞ്ഞു.
“ഇതൊരു എഞ്ചിനീയറുടെ കണ്ണുകൊണ്ട് കാണേണ്ട കാഴ്ചയല്ല. ഇതിനൊരു കവിതയുടെ ഭംഗിയുണ്ട്.”
അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് അവിടെയുണ്ടായിരുന്ന ചെറിയ മരജ്ജനാലകൾ ഓരോന്നായി തുറന്നിട്ടു. കരിമ്പനകളെ തഴുകിവന്ന കാറ്റ് ആ ജനാലകളിലൂടെ ഉള്ളിലേക്ക് ഇരച്ചുകയറി.
കാറ്റിൽ അവളുടെ മുടിയിഴകൾ പാറിപ്പറന്നു. ആ പഴയ പത്തായപ്പുരയുടെ പശ്ചാത്തലത്തിൽ, ജനാലയിലൂടെ വന്ന സൂര്യപ്രകാശത്തിൽ തിളങ്ങുന്ന അവളുടെ മുഖം കണ്ടപ്പോൾ ഞാൻ അറിയാതെ നോക്കിനിന്നുപോയി.
ചന്ദനപ്പൊട്ടും, ആ വലിയ നീലക്കണ്ണുകളും, കുറുമ്പുള്ള ആ ചിരിയും… കവിത അവിടെ പത്തായപ്പുരയായിരുന്നില്ല, അവളായിരുന്നു!
ഞാൻ പതുക്കെ അവളുടെ അടുത്തേക്ക് നടന്നു. കാറ്റിന്റെ ശീൽക്കാരമല്ലാതെ വേറെയൊരു ശബ്ദവും അവിടെ ഉണ്ടായിരുന്നില്ല. പത്തായപ്പുരയുടെ ആ ഏകാന്തതയിൽ, അവൾക്കും എനിക്കും ഇടയിലെ ദൂരം കുറഞ്ഞുവരികയായിരുന്നു. അവളുടെ കണ്ണുകളിൽ എന്റെ കള്ളം പിടിച്ച ആ പഴയ കുസൃതിയല്ല, പകരം മറ്റെന്തോ ഭാവം നിറയുന്നത് ഞാൻ കണ്ടു..
ഒന്നും മിണ്ടാതെ ഞാൻ അവളുടെ അടുത്തേക്ക് ഒരടി കൂടി വെച്ചു. ലോകം മുഴുവൻ ആ നിമിഷത്തിൽ നിശ്ചലമായതുപോലെ.
പക്ഷെ, പെട്ടെന്നാണ് ആ വലിയ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് എന്റെ പോക്കറ്റിൽ കിടന്ന ഫോൺ ഉച്ചത്തിൽ ശബ്ദിച്ചത്!.
ഞങ്ങൾ രണ്ടുപേരും പെട്ടെന്ന് ഞെട്ടി പിന്നോട്ട് മാറി. ആ റൊമാന്റിക് മൂഡ് ഒറ്റ നിമിഷം കൊണ്ട് ഇല്ലാതായി. ഫോണെടുത്ത് സ്ക്രീനിലേക്ക് നോക്കിയപ്പോൾ എന്റെ കിളി പോയി—’അമ്മ കോളിംഗ്’. പാലക്കാട് എത്തിയിട്ട് വിളിക്കാമെന്ന് പറഞ്ഞ് ഇറങ്ങിയ ഞാൻ, ഇന്ദ്രനീലത്തിലെ ആവേശത്തിൽ ആ കാര്യം പാടേ മറന്നിരുന്നു!.
പാർവണ സംശയത്തോടെ എന്നെ നോക്കി,
“ആരാപ്പൊ?” എന്ന് പുരികമുയർത്തി ചോദിച്ചു ഞാൻ ഫോൺ കാണിച്ച് ‘അമ്മയാ’ എന്ന് ചുണ്ടനക്കി കാണിച്ചു. അവളുടെ മുഖത്ത് വീണ്ടും ആ കുസൃതിച്ചിരി വിടർന്നു.
ഞാൻ വേഗം ഫോൺ അറ്റൻഡ് ചെയ്തു.
”ഹലോ അമ്മേ…”
”എന്താടാ നിന്റെ വിചാരം? ഇന്നലെ ഉച്ചയ്ക്ക് പാലക്കാട് എത്തിയതല്ലേ നീ? അവിടെ എത്തിയാലുടനെ എന്നെ വിളിക്കണം എന്ന് ഞാൻ പറഞ്ഞിരുന്നില്ലേ നിന്നോട്? എന്റെ നെഞ്ചിടിപ്പ് കൂട്ടാനായിട്ട് ഓരോന്ന് ഇറങ്ങിക്കോളും…”
മറുതലക്കൽ അമ്മയുടെ ശകാരം തുടങ്ങി. ആ വഴക്ക് കേട്ട് ഞാൻ ഫോൺ ചെവിയിൽ നിന്ന് കുറച്ചൊന്ന് മാറ്റിപ്പിടിച്ചു. പാർവണ ഇതുകണ്ട് വായപൊത്തി ചിരിക്കുകയാണ്..
”അത്… അമ്മേ, ഞാൻ ഇന്നലെ ഇവിടെ എത്തിയപ്പോഴേക്കും കുറച്ചു വൈകി. പിന്നെ ഈ ഇന്ദ്രനീലം തറവാട് അങ്ങോട്ട് കണ്ടപ്പോൾ… അതിലെ തടിപ്പണികളും
ഡിസൈനുമൊക്കെ നോക്കി നിന്നപ്പോ സമയം പോയതറിഞ്ഞില്ല. ശരിക്കും വിളിക്കാൻ വിട്ടുപോയതാ…”
ഞാൻ എങ്ങനെയൊക്കെയോ ന്യായീകരിച്ചു.
”എന്തെങ്കിലും പുതിയത് കണ്ടാൽ പിന്നെ ചുറ്റുമുള്ളതൊക്കെ മറക്കുന്ന നിന്റെ ഈ സ്വഭാവം ഇനിയും മാറിയില്ലല്ലോ! അവിടെ എങ്ങനെയുണ്ട് കാര്യങ്ങൾ? നീ എവിടെയാ ഇപ്പൊ നിൽക്കുന്നെ? അവിടെ അടുത്തു വല്ല ലോഡ്ജിലും ആണോ?”
അമ്മയുടെ സ്വരം കുറച്ചൊന്ന് മയങ്ങി.
”അല്ലമ്മേ, ഇന്ദ്രനീലത്തിൽ തന്നെയാ. സച്ചുച്ചേട്ടന്റെ ഭാര്യ അഞ്ജലിയേടത്തിയുടെ കസിൻ ഇല്ലേ പാർവണ, അവളുടെ തറവാടാ ഇത്. ഇവിടുത്തുകാർക്ക് വലിയ സ്നേഹമാ. മുത്തശ്ശനും അമ്മാവന്മാരും ഒക്കെ എന്നെ ഇവിടെ നിർത്തി. എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. ഞാൻ നല്ല അടിപൊളിയായിട്ടാ നിൽക്കുന്നെ.”
”മ്മ്… എന്തായാലും അവിടെ ചെന്ന് ആർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കരുത്. എഴുന്നേറ്റ് കാപ്പിയൊക്കെ കുടിച്ചോ? സമയത്തിന് ഭക്ഷണം കഴിക്കണം. ഞാൻ വെക്കുവാ.”
