പെട്ടെന്നാണ് വീടിന്റെ അകത്തളത്തിൽ നിന്നും വരാന്തയിലേക്ക് ആ കാലൊച്ച കേട്ടത്… എനിക്ക് വളരെ പരിചിതമായ ആ കരിവളകളുടെ കിലുക്കം! എന്റെ ഹൃദയമിടിപ്പ് ഒന്നുകൂടി വേഗത്തിലായി. ഉമ്മറപ്പടി കടന്ന് പുറത്തേക്ക് വന്ന അവൾ, മുറ്റത്ത് നിൽക്കുന്ന എന്നെക്കണ്ട് ഒരു നിമിഷം അക്ഷരത്തിൽ തറഞ്ഞുനിന്നു…
ആ ഇളം നീലക്കണ്ണുകളിൽ അത്ഭുതവും പരുങ്ങലും ഒരുപോലെ മിന്നിമറയുന്നത് ഞാൻ കണ്ടു..
”ആദി…? ഇതെന്താപ്പൊ ഇങ്ങ്ട്?.
അവളുടെ ശബ്ദത്തിൽ ചെറിയൊരു വിറയലുണ്ടായിരുന്നു. പാലക്കാടൻ ശൈലിയിലുള്ള ആ നിഷ്കളങ്കമായ ചോദ്യം കേട്ടപ്പോൾ എനിക്ക് വല്ലാത്തൊരു സന്തോഷം തോന്നി..
“സച്ചുച്ചേട്ടന്റെ കല്യാണത്തിന് എടുത്ത കുറച്ചു ഫോട്ടോസ് ഉണ്ടായിരുന്നു എന്റെ കയ്യിൽ. ഞാൻ പ്രിന്റ് ചെയ്യാൻ കൊടുത്തതിൽ നിന്റെ കുറച്ചു പടങ്ങളും ഉണ്ട്. ഞാൻ ഒരു വർക്കിന്റെ ആവശ്യത്തിന് ഈ വഴി വന്നതാ, അപ്പൊ സച്ചുച്ചേട്ടൻ പറഞ്ഞിരുന്നു ഇവിടെയൊന്ന് കയറാൻ. ആ ഫോട്ടോസ് തരാമെന്ന് വെച്ചു.”
ഞാൻ ബാഗിൽ നിന്നും ആ ബ്രൗൺ കവർ എടുത്ത് അവളുടെ നേരെ നീട്ടി.
വളരെ മടിയോടെയാണ് അവൾ അത് കയ്യിൽ വാങ്ങിയത്. ആ വിരലുകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.
“ഇതിപ്പൊ ഇത്രക്കും ബുദ്ധിമുട്ടി ഇങ്ങ്ട് കൊണ്ടരണമായിരുന്നോ? സച്ചുവേട്ടന്റെ കയ്യില് കൊടുത്താ മതിയായിരുന്നല്ലോ…”
അവൾ മുഖം കുനിച്ചു കൊണ്ടു പറഞ്ഞു.
”സച്ചുച്ചേട്ടൻ വൈകാതെ ഗൾഫിലേക്ക്
തിരിച്ചുപോകില്ലേ. പിന്നെ..ഞാൻ പാലക്കാടുള്ള പഴയ തറവാടുകളുടെ തടിപ്പണികൾ നേരിട്ട് കണ്ട് പഠിക്കാനും ആണ് വന്നത്.ഞാൻ സിവി എഞ്ചിനീയർ ആണ്. എനിക്ക് ഒരു പുതിയ വർക്ക് കിട്ടിയിരുന്നു..
ഞാൻ വളരെ ആത്മവിശ്വാസത്തോടെ കള്ളം പറഞ്ഞു.
അവൾ ഒളിക്കണ്ണാൽ എന്നെ ഒന്ന് നോക്കി. ആ നോട്ടത്തിൽ ‘പറയുന്നതൊക്കെ എനിക്ക് മനസ്സിലാകുന്നുണ്ട്’ എന്നൊരു കുസൃതി ഒളിച്ചിരിപ്പുണ്ടായിരുന്നോ എന്ന് ഞാൻ സംശയിച്ചു.
പെട്ടെന്നാണ് അകത്തളത്തിൽ നിന്നും ഗാംഭീര്യമുള്ള ഒരു ശബ്ദം കേട്ടത്. കട്ടിയുള്ള ഒരു വടിയും കുത്തിപ്പിടിച്ച് ഒരാൾ ഉമ്മറത്തേക്ക് വരികയാണ്.
”ആരാപ്പൊ കുട്ട്യേ മുറ്റത്ത്? എന്താ അവിടെയൊരു വർത്താനം?”
ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് അങ്ങോട്ട് നോക്കി. കഴുത്തിലൊരു രുദ്രാക്ഷമാലയും ഭസ്മക്കുറിയും തൊട്ട്, വെളുത്ത മുണ്ടും പുതച്ചൊരു കാരണവർ. മുഖത്ത് നല്ല ഗൗരവമുണ്ട്. രാമനാഥൻ നമ്പൂതിരി!
”അത്… മുത്തശ്ശനാ,”
അവൾ എന്നോട് പതുക്കെ പറഞ്ഞു. എന്നിട്ട് കുറച്ചുറക്കെ വിളിച്ചു പറഞ്ഞു,
“ഇത് സച്ചുവേട്ടന്റെ അപ്പച്ചിയുടെ മോനാ മുത്തശ്ശ… കല്യാണത്തിന്റെ ഫോട്ടോസ് തരാൻ വേണ്ടി വന്നതാ.”
മുത്തശ്ശൻ ഉമ്മറത്തെ തൂണിൽ പിടിച്ച് എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി.
“ആരായാലും ആ കുട്ടീനെ അങ്ങനെ വെയിലത്ത് നിർത്തുവാണോ? ഉമ്മറത്തേക്ക് കയറി ഇരിക്കാൻ പറയ് കുട്ട്യേ… ഉണ്ണീ, നീ
ഇങ്ങ്ട് കയറി ഇരിക്ക്.”
പഴയകാലത്തെ ആ അധികാരവും വാത്സല്യവും കലർന്ന സംസാരം.
”വരൂ…”
അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് ഉമ്മറത്തേക്ക് നടന്നു.
അവൾക്ക് പിന്നാലെ ആ പഴയ നാലുകെട്ടിന്റെ പടി കയറുമ്പോൾ എന്റെ ഉള്ളിൽ ഒരുപാട്
സന്തോഷം തോന്നി. ഒരു ഫോട്ടോ കൊടുക്കാൻ വേണ്ടി മാത്രം വന്ന ഞാൻ, ഇപ്പോൾ ആ വലിയ തറവാട്ടിലെ അതിഥിയായി മാറിയിരിക്കുകയാണ്. എന്റെ കള്ളം പിടിക്കപ്പെടുമോ എന്നൊരു ചെറിയ പേടിയുണ്ടായിരുന്നെങ്കിലും, ആ നീലക്കണ്ണുകൾക്ക് മുന്നിൽ പിടിക്കപ്പെടുന്നതിൽ എനിക്ക് യാതൊരു പരാതിയുമില്ലായിരുന്നു…
ഞാൻ ചെരിപ്പഴിച്ച് ആ വലിയ ഉമ്മറത്തേക്ക് കയറി. തടിയുടെ തണുപ്പും പഴയൊരു കുന്തിരിക്കത്തിന്റെ ഗന്ധവും അവിടെയാകെ നിറഞ്ഞുനിന്നിരുന്നു..
“മുത്തസ്സാ, സച്ചുച്ചേട്ടൻ എന്റെ അമ്മാവന്റെ മോനാ. ഞാൻ തിരുവനന്തപുരത്തുനിന്നാ വരുന്നേ. പേര് ആദിത്യനാഥ്,”
ഞാൻ വളരെ വിനയത്തോടെ പറഞ്ഞു.
“ഞാനൊരു സിവിൽ എഞ്ചിനീയറാ. ഇവിടെ
പാലക്കാടുള്ള കുറച്ചു പഴയ തറവാടുകളുടെ നിർമ്മാണരീതിയും തച്ചുശാസ്ത്രവും ഒന്ന് നോക്കിപ്പഠിക്കാൻ വന്നതാ. അപ്പൊ സച്ചുച്ചേട്ടനാ പറഞ്ഞത്, കൊല്ലങ്കോട് വന്നാൽ ഇന്ദ്രനീലം തറവാട് തീർച്ചയായും കാണണമെന്ന്. അത്രയ്ക്ക് പ്രശസ്തമാണല്ലോ ഈ വീട്. അങ്ങനെ വീട് കാണാൻ വന്ന വഴിക്ക് സച്ചുച്ചേട്ടന്റെ കല്യാണ ഫോട്ടോസ് കൂടി ഏൽപ്പിക്കാമെന്ന് വെച്ചു.”
