പാർവണം – 2 Likeഅടിപൊളി  

​അത്രയും പറഞ്ഞപ്പോഴേക്കും അവളുടെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. ആ കണ്ണുകൾ നിറഞ്ഞു തുളുമ്പി. എന്റെ ജീവന് എന്തെങ്കിലും ആപത്ത് വരുമോ എന്ന ആധി ആ മുഖത്ത് വല്ലാതെ നിഴലിച്ചു നിന്നു.

​ഞാൻ പതുക്കെ നടത്തം നിറുത്തി. അവളുടെ നേരെ തിരിഞ്ഞുനിന്നു. എന്റെ ഇരു കൈകൾ കൊണ്ടും ആ മുഖം മൃദുവായി ചേർത്തുപിടിച്ചു. ആ വലിയ നീലക്കണ്ണുകളിൽ നിറഞ്ഞ കണ്ണുനീർ എന്റെ പെരുവിരൽ കൊണ്ട് പതുക്കെ തുടച്ചുമാറ്റി.

​”എന്താ ചെയ്യുക അവൻ? എന്നെ കൊല്ലുമോ?”

എന്റെ ശബ്ദം വളരെ ശാന്തമായിരുന്നു.

“അതിന് അവനെക്കൊണ്ടാവില്ല പാർവണേ… കാരണം എന്റെ ജീവൻ ഇപ്പൊ ഈ നെഞ്ചിലല്ലല്ലോ, എന്റെ മുന്നിൽ നിൽക്കുന്ന ഈ പെണ്ണിലല്ലേ…”

​അത് കേട്ടതും അവളെന്നെ നോക്കി. ആ നോട്ടത്തിൽ എനിക്കുവേണ്ടി തുടിക്കുന്ന ഒരു പ്രണയമുണ്ടായിരുന്നു.

​”ഇത്രയും കാലം നീ ഒറ്റയ്ക്കായിരുന്നു ഇതൊക്കെ സഹിച്ചത്. പക്ഷെ ഇനി അങ്ങനെയല്ല. ഇനിയുള്ള നിന്റെ യാത്രകളിൽ നിനക്കൊരു കാവലായിട്ട്, നിന്റെയൊരു നിഴലായിട്ട് ഏതു നിമിഷവും ഞാനുണ്ടാകും കൂടെ. ആരുടെയെങ്കിലും മുന്നിൽ ഈ ആദി തോൽക്കുന്നുണ്ടെങ്കിൽ അത് നിന്നോടുള്ള ഇഷ്ടത്തിന്റെ മുന്നിൽ മാത്രമായിരിക്കും. അല്ലാതെ അവനെക്കൊണ്ട് എന്നെ ഒന്നും ചെയ്യാൻ കഴിയില്ല. ഈ ഭയം ഇനി എന്റെ കുട്ടിക്ക് വേണ്ട.”

എന്റെ വാക്കുകളിലെ ആ ഉറപ്പ് കേട്ടതും, ഇതുവരെ അടക്കിപ്പിടിച്ച ഭയവും എന്നോടുള്ള സ്നേഹവും മുഴുവൻ അലിഞ്ഞുചേർന്ന് അവൾ എന്റെ നെഞ്ചിലേക്ക് വീണ്ടും മുഖമമർത്തി. എന്റെ ഷർട്ടിന്റെ കോളറിൽ അവളുടെ വിറയ്ക്കുന്ന വിരലുകൾ മുറുകെ പിടിച്ചിരുന്നു. യാതൊരു കൃത്രിമത്വവുമില്ലാത്ത, പരസ്പരം ജീവനായി മാറിയ രണ്ടുപേരുടെ മനോഹരമായ കാവ്യം പോലെയായിരുന്നു ആ നിമിഷം. കാവിലെ ഇരുട്ടിനെ സാക്ഷിയാക്കി, അവളുടെ ഓരോ നെഞ്ചിടിപ്പിലും ഞാൻ കേട്ടത് എന്നോടുള്ള അവളുടെ ആഴമേറിയ പ്രണയം മാത്രമായിരുന്നു.

​പതുക്കെ അവളെയും നെഞ്ചോട് ചേർത്തുപിടിച്ച് തറവാട്ടിലേക്കുള്ള ഇടവഴിയിലൂടെ നടക്കുമ്പോൾ,എനിക്ക് നഷ്ടപ്പെടാൻ പാടില്ലാത്ത എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്താണ് ഈ ചേർത്തുപിടിക്കൽ എന്ന് ഞാൻ പൂർണ്ണമായും തിരിച്ചറിയുകയായിരുന്നു.

എന്റെ നെഞ്ചിലേക്ക് ചേർന്നുനടക്കുന്ന അവളുടെ ഹൃദയമിടിപ്പ് എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു. തറവാടിന്റെ പടിപ്പുര എത്തുന്നതിന് കുറച്ചുമുൻപ്, വലിയൊരു ഇലഞ്ഞിമരത്തിന്റെ ചുവട്ടിലെത്തിയപ്പോൾ പെട്ടെന്ന് അവൾ എന്റെ നെഞ്ചിൽ നിന്നും തലയുയർത്തി. അവളുടെ ചുവടുകൾ നിശ്ചലമായി.

​ഞാൻ

എന്തെങ്കിലും ചോദിക്കുന്നതിന് മുൻപ്, എന്റെ പ്രതീക്ഷകളെ മുഴുവൻ കാറ്റിൽ പറത്തിക്കൊണ്ട് അവൾ എന്റെ ഷർട്ടിന്റെ കോളറിൽ ഇറുകെ പിടിച്ചു. ഇരുട്ടിലും തിളങ്ങുന്ന ആ നീലക്കണ്ണുകൾ എന്നെത്തന്നെ നോക്കുന്നുണ്ടായിരുന്നു. അടുത്ത നിമിഷം, അവൾ കാൽവിരലുകളിൽ അല്പമൊന്നുയർന്ന് എന്റെ മുഖം അവളിലേക്ക് അടുപ്പിച്ചു. പിന്നെ, എന്റെ അധരങ്ങളിൽ അവളുടെ മൃദുവായ ചുണ്ടുകൾ അമർന്നു.

​ഒരു നിമിഷം ലോകം നിശ്ചലമായതുപോലെ എനിക്ക് തോന്നി. കാറ്റിന്റെ മൂളലില്ല, കരിമ്പനകളുടെ ഇലയനക്കമില്ല. എന്റെ ചുണ്ടുകളിൽ പടർന്ന ആ ഇളംചൂടിൽ അവളുടെ പ്രണയത്തിന്റെ മുഴുവൻ ആഴവുമുണ്ടായിരുന്നു. അവളെന്നെ കൂടുതൽ ചേര്‍ത്തുപിടിച്ചു, എന്റെ കൈകളും അവളുടെ അരക്കെട്ടിലൂടെ വരിഞ്ഞുമുറുകി.പ്രപഞ്ചം മുഴുവൻ ഞങ്ങൾക്കിടയിൽ മാത്രം ഒതുങ്ങിയതുപോലെ, ആ കൊടുംമൗനത്തിൽ ഞങ്ങൾ അങ്ങനെ നിന്നു.

അവളുടെ ചുണ്ടുകളിലെ വിറയൽ എന്റെ സിരകളിലേക്ക് ഒരു ലഹരിയായി പടരുകയായിരുന്നു.

​കുറച്ചുനേരം അങ്ങനെ നിന്ന ശേഷം, കിതപ്പോടെ അവൾ പതുക്കെ ചുണ്ടുകൾ വേർപെടുത്തി.പക്ഷെ എന്റെ നെഞ്ചിൽ നിന്നും മാറിയില്ല. എന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ അവളുടെ മുഖത്ത് ഭയമായിരുന്നില്ല, മറിച്ച് എല്ലാം സ്വന്തമാക്കിയവളുടെ വല്ലാത്തൊരു പ്രണയമായിരുന്നു.

“എനിക്കറിയില്ല്യ ആദീ… എന്റെ ഈ ഉള്ളില് ഇപ്പൊ എന്താന്ന്…”

Updated: July 7, 2026 — 6:50 pm

Leave a Reply

Your email address will not be published. Required fields are marked *