കരയിൽ നിൽക്കുന്ന ഇലഞ്ഞിമരത്തിന്റെയും വലിയൊരു കാഞ്ഞിരത്തിന്റെയും നിഴൽപ്പാടുകൾ കുളത്തിലെ പച്ചവെള്ളത്തിൽ ഒരു മനോഹരമായ ചിത്രം വരച്ചിട്ടിരുന്നു. കുളപ്പുരയുടെ പഴക്കമുള്ള ഓടുമേഞ്ഞ മേൽക്കൂരയിൽ തട്ടി പ്രതിഫലിക്കുന്ന പ്രഭാതസൂര്യന്റെ വെളിച്ചം വെള്ളത്തിൽ സ്വർണ്ണത്തരികൾ പോലെ തിളങ്ങിനിന്നു. എങ്ങും വല്ലാത്തൊരു ശാന്തത. ഇടയ്ക്ക് വെള്ളത്തിൽ വട്ടമിട്ടു പറക്കുന്ന നീലപ്പൊന്മാന്റെ ചിറകടിയൊച്ചയും, കാറ്റിൽ ഉലയുന്ന മുളങ്കൂട്ടങ്ങളുടെ ശബ്ദവും മാത്രം. അക്ഷരങ്ങളിലേക്ക് പകർത്താൻ കഴിയാത്തത്ര മനോഹരമായ ഒരു കവിത പോലെ ആ കുളപ്പുര എന്റെ കണ്ണിനും മനസ്സിനും കുളിർമ നൽകി.
അവൾ പടവുകളിൽ ഒന്നിൽ, വെള്ളത്തിലേക്ക് കാലുകൾ നീട്ടി ഇരുന്നു. ഞാനും കുറച്ചുമാറി അവൾക്കരികിലായി ഇരുന്നു. എന്റെ കണ്ണുകൾ ആ പ്രകൃതിഭംഗിയിൽ നിന്ന് മെല്ലെ അവളിലേക്ക് നീണ്ടു.
അവളിൽ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ചതുപോലെ എനിക്ക് തോന്നി. ഇന്നലെവരെ എന്നെ കളിയാക്കിയിരുന്ന, എന്റെ കള്ളം പിടിച്ചുനടന്നിരുന്ന ആ പഴയ കുസൃതിക്കാരിയായിരുന്നില്ല ഇപ്പോൾ എന്റെയടുത്ത് ഇരിക്കുന്നത്. വളരെ ശാന്തയായിരുന്നു അവൾ. കാറ്റിൽ പാറിവന്ന മുടിയിഴകൾ അവൾ മെല്ലെ വിരലുകൾ കൊണ്ട് ചെവിയ്ക്കുപിന്നിലേക്ക് ഒതുക്കിവെച്ചു. ആ മുഖത്ത് ഒരു നേർത്ത പുഞ്ചിരി തങ്ങിനിൽപ്പുണ്ടായിരുന്നു.
പെട്ടെന്ന് അവൾ മുഖമുയർത്തി എന്നെ നോക്കി. ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി. ഞാൻ വേഗം നോട്ടം മാറ്റുമെന്ന് അവൾ കരുതിയെങ്കിലും ഞാൻ അവളെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. ആ നോട്ടത്തിൽ അവളൊന്ന് പതറി, പിന്നെ പെട്ടെന്ന് കണ്ണുകൾ പിൻവലിച്ച് വെള്ളത്തിലേക്ക് നോക്കി. അവളുടെ കവിളുകളിൽ ചെറിയൊരു ചുവപ്പ് പടരുന്നത് ഞാൻ ശ്രദ്ധിച്ചു.
എന്റെ അച്ഛന്റെ മരണവും അമ്മയുടെ കഷ്ടപ്പാടും കേട്ടതുമുതൽ അവളുടെ എന്നോടുള്ള സമീപനം മാറിയിട്ടുണ്ടെന്ന് എനിക്ക് തീർച്ചയായിരുന്നു. ആ വലിയ നീലക്കണ്ണുകളിൽ ഇപ്പോൾ കളിയാക്കലുകളില്ല, പകരം പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരുതരം ആർദ്രതയാണ്. എന്റെ ഈ വികൃതികൾക്കും കള്ളത്തരങ്ങൾക്കും അപ്പുറം, ഉത്തരവാദിത്തങ്ങളുള്ള ഒരു സാധാരണക്കാരനായി അവൾ എന്നെ മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു.
ഒരക്ഷരം പോലും അവൾ പറഞ്ഞില്ല. പക്ഷേ, ആ മൗനത്തിന് ആയിരം അർത്ഥങ്ങളുണ്ടായിരുന്നു.
ഇടയ്ക്കിടെയുള്ള അവളുടെ ആ പാളിനോട്ടത്തിലും, ചുണ്ടിലെ ആ ചെറിയ നാണത്തിലും, കുളത്തിലെ വെള്ളത്തിൽ
അവൾ വെറുതെ വരച്ചുകൊണ്ടിരുന്ന വിരലുകളിലും എല്ലാം എനിക്കുള്ള മറുപടിയുണ്ടായിരുന്നു. കുളത്തിലെ ശാന്തമായ വെള്ളത്തിൽ വീഴുന്ന ചെറിയ ഇലകൾ ഓളങ്ങൾ തീർക്കുന്നതുപോലെ, അവളുടെ മനസ്സിലും എനിക്കായി ഒരു പ്രണയം ജനിച്ചുതുടങ്ങിയെന്ന് എന്റെ ഹൃദയം എന്നോട് മന്ത്രിക്കുന്നുണ്ടായിരുന്നു. പരസ്പരം ഒന്നും പറഞ്ഞില്ലെങ്കിലും, ഞങ്ങൾക്കിടയിലെ ആ നിശബ്ദത അന്നത്തെ ആ കുളിർകാറ്റിനേക്കാൾ മനോഹരമായിരുന്നു..
കുളത്തിലെ വെള്ളത്തിൽ വെറുതെ വിരലുകൾ കൊണ്ട് വരഞ്ഞുകൊണ്ടിരുന്ന അവളുടെ മൗനം ഞാൻ തന്നെയാണ് ആദ്യം ഭേദിച്ചത്.
”ഇത്രയും നേരം എന്റെ കഥകളല്ലേ കേട്ടത്… നിന്നെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ. എന്താ പഠിക്കുന്നേ? ഇനി എന്താ പ്ലാൻ?”
ഞാൻ പതുക്കെ ചോദിച്ചു.
അവൾ വെള്ളത്തിൽ നിന്നുമെടുത്ത് നനഞ്ഞ വിരലുകൾ പാവാടത്തുമ്പിൽ തുടച്ചുകൊണ്ട് എന്നെ നോക്കി.
”ഞാനിപ്പോ ഡിഗ്രി കഴിഞ്ഞു നിക്കാണ്. ബി.എ ഇംഗ്ലീഷ്. റിസൾട്ട് വരാൻ കാത്തിരിക്കാ. അത് കഴിഞ്ഞിട്ട് വേണം പി.ജിക്ക് ചേരാൻ,”
അവൾ പറഞ്ഞു.
”ഓഹോ, അപ്പൊ ഭാവിയില് ആരാകാനാ പ്ലാൻ? വലിയൊരു ഇംഗ്ലീഷ് പ്രൊഫസർ ആവാനാണോ?”
ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
”ഏയ്, അത്ര വലിയ മോഹമൊന്നുമില്ല,”
അവൾ ചെറുതായൊന്ന് ചിരിച്ചു.
“വലിയമ്മാവനെപ്പോലെ ഒരു സ്കൂൾ ടീച്ചർ ആവണം. കുട്ടികളെ പഠിപ്പിച്ച്, അവരുടെ കൂടെ ഇങ്ങനെ സന്തോഷായിട്ട് നടക്കണം. അതാണെനിക്കിഷ്ടം.”
