പാർവണം – 2 Likeഅടിപൊളി  

​മുൻപ് കണ്ടിട്ടുപോലുമില്ലാത്ത ഏതോ ഒരുത്തൻ! അലക്ഷ്യമായി വളർത്തിയ താടിയും, കഴുത്തിൽ കിടക്കുന്ന കട്ടിയുള്ള വെള്ളിചെയിനും, പകുതി തുറന്നിട്ട ഇരുണ്ട ഷർട്ടും.

കാഴ്ചയിൽത്തന്നെ വല്ലാത്തൊരു അഹങ്കാരം ആ മുഖത്തുണ്ടായിരുന്നു. അവൻ അവളുടെ വലതുകൈയിൽ ബലമായി പിടിച്ചുവെച്ചിരിക്കുന്നു. പാർവണ പേടിച്ച് ആകെ വിറയ്ക്കുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകളിൽ ഭയവും നിസ്സഹായതയും നിഴലിച്ചു.

​ഞാൻ വേഗത്തിൽ അവർക്കടുത്തേക്ക് നടന്നുചെന്നു.

യാതൊരു ബഹളവുമുണ്ടാക്കാതെ, അവളുടെ കയ്യിൽ അമർന്നിരുന്ന അവന്റെ കൈത്തണ്ടയിൽ ഞാൻ സർവ്വശക്തിയുമെടുത്ത് മുറുകെ പിടിച്ചു. എന്റെ പിടിയിലെ ഇറുക്കം കൊണ്ടാവണം, അവൻ ഞെട്ടിപ്പിടഞ്ഞുകൊണ്ട് അവളിൽ നിന്ന് പിടിവിട്ടു.

​”നീ ഏതാടാ?”

അവനെന്നെ നോക്കി ഈർഷ്യയോടെ ചോദിച്ചു. അവൻ എന്നെ ആദ്യമായി കാണുകയായിരുന്നു.

​”ഏതാണെന്ന് അറിയാനുള്ള യോഗ്യതയൊന്നും നിനക്കില്ല. കൈ വിടാൻ പറഞ്ഞാൽ വിടണം,”

തീരെ ശബ്ദമുയർത്താതെ, വളരെ തണുത്ത സ്വരത്തിൽ ഞാൻ പറഞ്ഞു. ഞാൻ അവനും അവൾക്കും നടുവിലായി ഒരു മതിൽ പോലെ നിന്നു.

​”മാറി നിക്കെടാ… എനിക്ക് ഇവളോട് സംസാരിക്കണം. അതിന് ഞാൻ ആരുടേം അനുവാദം ചോദിക്കാറില്ല,”

ധാർഷ്ട്യത്തോടെ അവൻ വീണ്ടും അവൾക്ക് നേരെ വരാൻ ശ്രമിച്ചു.

​ഞാൻ അവന്റെ നെഞ്ചിൽ കൈവെച്ച് ഒറ്റത്തള്ള് വെച്ചുകൊടുത്തു. അവൻ രണ്ട് ചുവട് പുറകോട്ട് വേച്ചുപോയി.

​”ചോദിക്കണം…”

ഞാൻ അവന്റെ കണ്ണുകളിലേക്ക് നോക്കി ശബ്ദം താഴ്ത്തി പറഞ്ഞു.

“ഇവൾക്ക് നിന്നോട് സംസാരിക്കാൻ താല്പര്യമില്ലെന്ന് ആ മുഖം കണ്ടാൽ നിനക്കറിയില്ലേ? ഇന്നലെ വരെ ഇവൾക്ക് കാവലായി ഇവളുടെ വീട്ടുകാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ഇപ്പൊ ഞാനുമുണ്ട്. ഒരു വട്ടം കൂടി ഇവളുടെ നേരെ നിന്റെ കൈ ഉയർന്നാൽ… പിന്നെ നീ ജീവനോടെ തിരിച്ചുപോകില്ല. പോയിക്കോ ഇവിടുന്ന്.”

​എന്റെ കണ്ണുകളിലെ പകയും ആ നിൽപ്പും അവനിൽ നേരിയൊരു ഭയം ഉണ്ടാക്കിയിട്ടുണ്ടായിരുന്നു.

​”നിന്നെ ഞാൻ കണ്ടോളാമെടാ.”

എന്ന് പല്ലിറുമ്മിക്കൊണ്ട് എന്നെയൊന്ന് നോക്കിയിട്ട്, അവൻ ഇരുട്ടിലേക്ക് നടന്നു മറഞ്ഞു.

​അവൻ പോയശേഷവും പാർവണയുടെ വിറയൽ അടങ്ങിയിരുന്നില്ല. ശ്വാസം കിട്ടാതെ അവൾ കിതയ്ക്കുന്നുണ്ടായിരുന്നു.

​”ആദി… അവൻ… പണ്ടുമുതലേ എന്നെ…”

അവളുടെ വാക്കുകൾ മുറിഞ്ഞുപോയി. ഭയം കൊണ്ട് ആ നീലക്കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

​കൂടുതലൊന്നും പറയാൻ ഞാൻ അവളെ അനുവദിച്ചില്ല. ഞാൻ അവളെ എന്റെ നെഞ്ചോട് ചേർത്തുപിടിച്ചു. യാതൊരു എതിർപ്പുമില്ലാതെ, വലിയൊരു കൊടുങ്കാറ്റിൽ നിന്നും പറന്നുവന്ന ഒരു കൊച്ചുപക്ഷിയെപ്പോലെ അവൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു. അവളുടെ കണ്ണുനീർ എന്റെ ഷർട്ടിനെ നനയ്ക്കുന്നുണ്ടായിരുന്നു. അവൾക്ക് ചുറ്റും ഒരു കോട്ട പോലെ എന്റെ കൈകൾ മുറുകി.

കരിമ്പനക്കാവിലെ ഇരുട്ടിനെ വകഞ്ഞുമാറ്റി ഞങ്ങൾ തറവാട്ടിലേക്ക് നടക്കുമ്പോഴും അവളുടെ വിറയൽ പൂർണ്ണമായി മാറിയിരുന്നില്ല.

എന്റെ വലംകൈ അവളുടെ തോളിലൂടെ ചുറ്റിപ്പിടിച്ചിരുന്നു. ആ ഇരുട്ടിലും ഒരു കൊച്ചുകുട്ടിയെപ്പോലെ അവൾ

എന്നോട് കൂടുതൽ ചേർന്നു നടക്കാൻ ശ്രമിച്ചു. കാറ്റിൽ കരിമ്പനയോലകൾ ഉരയുന്ന ശബ്ദം കേൾക്കുമ്പോൾ പോലും അവൾ പെട്ടെന്ന് ഞെട്ടി എന്റെ നെഞ്ചിലേക്ക് വീണ്ടും വീണ്ടും ഒതുങ്ങി.

“ആദീ…”

നടപ്പിനിടയിൽ ഇടറിയ ശബ്ദത്തിൽ അവൾ വിളിച്ചു. ആ സ്വരത്തിൽ അപ്പോഴും വല്ലാത്തൊരു ഭയമുണ്ടായിരുന്നു.

​”ഒന്നുമില്ല പാർവണേ… കഴിഞ്ഞില്ലേ എല്ലാം. ഞാനില്ലേ നിന്റെ കൂടെ,”

ഞാൻ അവളെ ഒന്നുകൂടി ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.

​”ആദിക്ക് അവനെ അറിയില്ല…”

എന്ന് പറയുമ്പോൾ അവളുടെ ശബ്ദം വല്ലാതെ വിറച്ചു.

“ദേവൻ… ദേവനാ അത്.ഡിഗ്രിക്ക് പഠിക്കണ കാലം തൊട്ട് എന്റെ പിന്നാലെ നടന്ന് ശല്യം ചെയ്യണതാ. ഇവിടുത്തെ വലിയൊരു പ്രമാണീടെ മോനാ… അവനോട് ആദി കേറി വഴക്കിന് പോയത് ശരിയായില്ല.വല്ലാത്തൊരു പകയുള്ള കൂട്ടത്തിലാ അവൻ… എന്റെ ആദിയെ അവൻ എന്തെങ്കിലും ചെയ്യുമോന്ന് ഓർക്കുമ്പോഴാ എനിക്ക് നെഞ്ചിടിപ്പേറണത്… വേണ്ടായിരുന്നു ആദീ…”

Updated: July 7, 2026 — 6:50 pm

Leave a Reply

Your email address will not be published. Required fields are marked *