എന്റെ കള്ളത്തിന് ഞാൻ നല്ലൊരു ആമുഖം നൽകി. അത് കേട്ടതും മുത്തശ്ശന്റെ മുഖത്തൊരു വല്ലാത്ത അഭിമാനം വിടരുന്നത് ഞാൻ കണ്ടു.
“ഓ… അപ്പൊ സച്ചുന്റെ അപ്പച്ചീടെ മോനാണല്ലേ. അത് സച്ചു പറഞ്ഞത് നേരാ. ഈ ഇന്ദ്രനീലത്തിന്റെ തച്ചുശാസ്ത്രം പഠിക്കാൻ പണ്ടും ഒരുപാട് ആൾക്കാര് ഇങ്ങ്ട് വന്നിട്ടുണ്ട്. ഈ നാലുകെട്ടും എട്ടുകെട്ടും ഒക്കെ എന്റെ വല്യമുത്തശ്ശന്മാരുടെ കാലത്ത് ഉണ്ടാക്കിയതാ…”
മുത്തശ്ശൻ വാചാലനായി.
“എന്നാപ്പിന്നെ കുട്ടി ഈ വീടൊക്കെ നല്ലോണം കണ്ട് പഠിച്ചോളൂ. എന്തായാലും തിരോന്തോരത്തുനിന്ന് ഇത്രേം ദൂരം വന്നതല്ലേ, ഇനിയിപ്പൊ വീട് പഠിക്കാൻ വേറെ എവിടേക്കും പോണ്ട. കുറച്ചു ദിവസം ഈ തറവാട്ടിൽ തന്നെ നിന്നോളൂ.”
ഞാൻ ശരിക്കും ഞെട്ടിപ്പോയി! എന്റെ ആ ചെറിയ കള്ളം എന്നെ കൊണ്ടുചെന്നെത്തിച്ചത് എന്തുവലിയൊരു ഭാഗ്യത്തിലേക്കാണ്. ഞാൻ വേഗം പാർവണയെ നോക്കി. അവളും ഈ അപ്രതീക്ഷിത ക്ഷണം കേട്ട് അത്ഭുതത്തോടെ എന്നെ നോക്കി നിൽക്കുകയാണ്.
“അത്… മുത്തശ്ശ , ഞാൻ ബുദ്ധിമുട്ടിക്കുന്നില്ല. ഞാൻ ടൗണിൽ വല്ല ലോഡ്ജും…”
“അതൊന്നും പറഞ്ഞാ പറ്റ്ല,”
മുത്തശ്ശൻ എന്റെ വാക്കുകൾ തടഞ്ഞു.
“ഇന്ദ്രനീലത്തില് വന്നവരോട് ലോഡ്ജിൽ പോയി നിക്കാൻ പറയാൻ ഈ രാമനാഥന് കഴിയില്ല. കുട്ടി ഇവിടുത്തെ തെക്കിനിയില് നിന്നോട്ടെ.”
അപ്പോഴേക്കും അകത്തുനിന്നും വാർദ്ധക്യത്തിന്റെ അവശതകളുള്ള ഒരു മുത്തശ്ശി ഉമ്മറത്തേക്ക് വന്നു. പാർവണയുടെ മുത്തശ്ശി, കല്യാണിയമ്മ.
“ആരാ ഏട്ടാ ഉമ്മറത്ത്? എന്താപ്പൊ ഒരു പുതിയ ശബ്ദം?”
മുത്തശ്ശി കണ്ണട നേരെയാക്കിക്കൊണ്ട് ചോദിച്ചു.
“ഇതൊരു എഞ്ചിനീയർ കുട്ട്യാ കല്യാണീ… നമ്മുടെ വീടൊക്കെ കണ്ട് പഠിക്കാൻ തിരോന്തോരത്തുന്ന് വന്നതാ. അഞ്ജലിയെ കെട്ടിയെ ചെറുക്കാനില്ലേ സച്ചു അവന്റെ അപ്പച്ചീടെ മോനാ. കുട്ടി ഇവിടുത്തെ തെക്കിനിയില് നിന്നോട്ടെ ന്ന് ഞാൻ പറഞ്ഞു,”
മുത്തശ്ശൻ മറുപടി നൽകി.
“ഓ… അതാണോ. സച്ചുന്റെ ആളാകുമ്പോ നമ്മടെ സ്വന്തം കുട്ടി തന്നെയാണല്ലോ. വന്ന് കയറിയതേ ഉള്ളൂലേ ഉണ്ണീ,
നല്ല ക്ഷീണണ്ടാവും,”
മുത്തശ്ശി വാത്സല്യത്തോടെ പറഞ്ഞു. എന്നിട്ട് അകത്തേക്ക് നോക്കി വിളിച്ചു,
“ഭദ്രേ… ദാ, ഇവിടെ കുട്ടിക്ക് കുടിക്കാൻ കുറച്ചു തണുത്ത സംഭാരം എടുത്തോണ്ട് വായോ.”
വിളികേട്ട് ഉമ്മറപ്പടിയിലേക്ക് വന്നത് പാർവണയുടെ അമ്മ ഭദ്രയാണ്. മുഖത്ത് അപ്പോഴും ഒരു വിഷാദം നിഴലിച്ചുനിൽക്കുന്ന, എന്നാൽ പാർവണയുടെ അതേ ഛായയുള്ള ഒരു സ്ത്രീ. ഭർത്താവ് മരിച്ചതിന്റെ സങ്കടം ആ മുഖത്ത് ഇപ്പോഴുമുണ്ട്. അവരുടെ പിന്നിലായി കുസൃതിച്ചിരിയോടെ രണ്ട് ചെറിയ കുട്ടികളും, കുട്ടികളുടെ അമ്മയായ സാവിത്രി അമ്മായിയും നിൽപ്പുണ്ടായിരുന്നു. കൂടെ നിൽക്കുന്നത് മക്കളായ കേശുവും ഗായത്രിയും.
“ഇതാരാ പാർവണേ?”
സാവിത്രിയമ്മായി പതുക്കെ പാർവണയോട് ചോദിക്കുന്നത് ഞാൻ കേട്ടു.
“സച്ചുവേട്ടന്റെ അപ്പച്ചിയുടെ മോനാ സാവിത്രിയമ്മായി… വീട് കണ്ട് പഠിക്കാൻ വന്നതാത്രേ,പിന്നെ അന്ന് കല്യാണത്തിന് എടുത്ത കുറച്ചു ഫോട്ടോസ് താരനും “”
അവൾ എന്നെ ഒന്ന് നോക്കിയിട്ട് പതിയെ മറുപടി പറഞ്ഞു. ആ വാക്കുകളിൽ ചെറിയൊരു കുസൃതിയും പരിഹാസവും ഒളിച്ചിരിപ്പുണ്ടായിരുന്നോ എന്ന് എനിക്ക് സംശയം തോന്നി.
ഭദ്രാമ്മ കൊണ്ടുവന്ന തണുത്ത സംഭാരം കുടിക്കുമ്പോൾ എന്റെ കണ്ണുകൾ വീണ്ടും പാർവണയെ തിരഞ്ഞു. അവൾ കേശുവിനെയും ഗായത്രിയെയും കൂട്ടി അകത്തേക്ക് പോകാൻ തുടങ്ങുകയായിരുന്നു. പോകുന്നതിന് മുൻപായി എന്നെ നോക്കി, ആരും കാണാതെ അവളൊന്ന് ചിരിച്ചു. കാറ്റത്ത് ഉലയുന്ന ആ കരിമ്പനയോലകൾ പോലെ എന്റെ ഉള്ളും അപ്പോൾ സന്തോഷം കൊണ്ട് ഇളകുന്നുണ്ടായിരുന്നു. ഇന്ദ്രനീലത്തിലെ ഒരു അതിഥിയായി ഞാൻ മാറിയെന്ന സത്യം വിശ്വസിക്കാൻ എനിക്ക് പിന്നെയും കുറച്ചു സമയം വേണ്ടിവന്നു…
“പാർവണേ… നീ ഈ കുട്ടിക്ക് നമ്മുടെ തെക്കിനിയിലുള്ള മുറി തുറന്നുകൊടുക്ക്. പിന്നെ, കുറച്ചു കഴിഞ്ഞാൽ അവന് ഈ നാലുകെട്ടും വടക്കിനിയും എട്ടുകെട്ടും ഒക്കെ ഒന്ന് ചുറ്റിക്കാണിച്ചു കൊടുക്കണം. അവൻ തിരോന്തോരത്തുന്ന് ഇതൊക്കെ പഠിക്കാൻ വേണ്ടി വന്നതാ. ഒന്നും വിട്ടുപോകരുത്.”
