”ശരി അമ്മ ..”
ഫോൺ കട്ട് ചെയ്ത് ഞാൻ ദീർഘമായി ഒന്ന് നെടുവീർപ്പിട്ടു. എന്റെ അവസ്ഥ കണ്ട് പാർവണ ചിരി അടക്കാൻ പാടുപെടുന്നുണ്ടായിരുന്നു.
”എന്താപ്പൊ എഞ്ചിനീയർ സാറേ, അമ്മേടെ കയ്യീന്ന് നല്ല ഡോസ് കിട്ടീല്ലേ?.
”എന്റെ പാർവണേ, ഞാൻ ഇവിടെ വന്നിട്ട് നിന്നെ നോക്കുന്ന തിരക്കിൽ പാവം എന്റെ അമ്മയെപ്പോലും മറന്നുപോയി. വാ, നമുക്ക് എന്തായാലും പോയി കാപ്പി കുടിക്കാം, അല്ലെങ്കിൽ നിന്റെ അമ്മായിമാര് അടുത്ത ചോദ്യവുമായി വരും.”
ഞാൻ പറഞ്ഞതുകേട്ട് അവൾ കുസൃതിയോടെ എന്നെ നോക്കി കണ്ണിറുക്കി. പിന്നെ പത്തായപ്പുരയുടെ വലിയ വാതിലടച്ച് ഞങ്ങൾ വീണ്ടും ആ വടക്കിനിയുടെ മുറ്റത്തൂടെ അടുക്കള ഭാഗത്തേക്ക് നടന്നു…
പത്തായപ്പുരയിൽ നിന്നും ഞങ്ങൾ നേരെ ചെന്നത് വലിയ ഊണുമുറിയിലേക്കാണ്. വലിയൊരു മരമേശയ്ക്ക് ചുറ്റും എല്ലാവരും ഇരിക്കാൻ തുടങ്ങുകയായിരുന്നു. മുത്തശ്ശനും, സ്‌കൂളിലേക്ക് പോകാൻ തയ്യാറായിവന്ന ഹരിനാരായണൻ മാഷും അവിടെയുണ്ടായിരുന്നു.
രമ ഇളയമ്മായി ചൂട് ഇഡ്ഡലിയും സാമ്പാറും മേശപ്പുറത്ത് വിളമ്പിവെച്ചു.
”വാ ഉണ്ണീ, വന്നിരുന്ന് കാപ്പി കുടിക്ക്. പത്തായപ്പുരയൊക്കെ കണ്ടോ? ആ തടിപ്പണികളൊക്കെ ഇഷ്ടായോ കുട്ടിക്ക്?”
മുത്തശ്ശൻ ചോദിച്ചു
.
”കണ്ടു മുത്തശ്ശ. വളരെ മനോഹരമായ പണികളാണ്. ഇപ്പോഴത്തെ വീടുകൾക്കൊന്നും ആ ഒരു ഗാംഭീര്യം കിട്ടില്ല,”
ഞാൻ വളരെ ആവേശത്തോടെ പറഞ്ഞു.
”അതെ… അത് തന്നെയാ ഈ രാമനാഥനും പറയുന്നേ,”
എന്റെ മറുപടി കേട്ട് മുത്തശ്ശൻ സന്തോഷത്തോടെ തലയാട്ടി.
ഇഡ്ഡലി കഴിക്കുന്നതിനിടയിൽ വലിയമ്മാവൻ ഹരിനാരായണൻ മാഷ് എന്നെ നോക്കി ചോദിച്ചു.
”അല്ല ആദി, തിരോന്തോരത്ത് വീട്ടിൽ ആരൊക്കെയുണ്ട്? അച്ഛനെന്താ ചെയ്യുന്നേ?”
ഞാൻ കഴിക്കുന്നത് നിർത്തി അമ്മാവനെ ഒന്ന് നോക്കി, പിന്നെ പതുക്കെ പറഞ്ഞു:
”വീട്ടിൽ അമ്മയും ഞാനും മാത്രമേയുള്ളൂ അമ്മാവാ. എനിക്കൊരു ചേച്ചിയുണ്ട്, ബാംഗ്ലൂരിൽ ഒരു ഐ.ടി കമ്പനിയിലാണ് ജോലി. ചേച്ചിയുടെ കല്യാണം കഴിഞ്ഞിട്ടില്ല. അച്ഛൻ ഞാൻ പഠിക്കുന്ന കാലത്തേ മരിച്ചുപോയി. പിന്നെ അമ്മയാ ഒത്തിരി കഷ്ടപ്പെട്ട് ഞങ്ങളെ വളർത്തിയതും പഠിപ്പിച്ചതുമൊക്കെ. ഇപ്പോ എന്റെ ഈ ജോലി കിട്ടിയതിന് ശേഷമാ അമ്മയ്ക്കൊന്ന് സമാധാനമായത്.”
അതുകേട്ടപ്പോൾ ആ വലിയ ഊണുമുറിയിൽ പെട്ടെന്നൊരു നിശബ്ദത പരന്നു. ഭദ്രാമ്മയുടെ മുഖത്ത് വല്ലാത്തൊരു വാത്സല്യം നിറയുന്നത് ഞാൻ കണ്ടു. ഭർത്താവ് മരിച്ചതിന്റെ സങ്കടം അനുഭവിക്കുന്ന അവർക്ക്, അമ്മ ഒറ്റയ്ക്ക് മക്കളെ വളർത്തി വലുതാക്കിയതിന്റെ
ബുദ്ധിമുട്ടുകൾ വേഗം മനസ്സിലായിക്കാണും.
”സാരല്യ ഉണ്ണീ, സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്ന ഒരു മോനെ കിട്ടിയല്ലോ, അതുമതിയാവും ആ അമ്മയ്ക്ക് സമാധാനായിട്ട് ഇരിക്കാൻ,”
മുത്തശ്ശൻ വളരെ വാത്സല്യത്തോടെ പറഞ്ഞു.
അതുകേട്ട് ഞാൻ മൂളിക്കൊണ്ട് പതിയെ തലയുയർത്തുമ്പോൾ അവിടെ നിൽക്കുകയായിരുന്ന പാർവണ എന്നെത്തന്നെ നോക്കി നിൽക്കുകയായിരുന്നു. അവളുടെ മുഖത്തെ ആ കുസൃതിച്ചിരിയൊക്കെ അപ്പോഴേക്കും മാറിയിരുന്നു. പകരം, എന്നോട് വല്ലാത്തൊരു സ്നേഹവും അനുകമ്പയും നിറഞ്ഞ ആ നീലക്കണ്ണുകൾ… എന്റെ കള്ളങ്ങൾക്കപ്പുറം എന്റെ ജീവിതത്തിലെ യഥാർത്ഥ അവസ്ഥ അവൾ മനസ്സിലാക്കിയ ആ നിമിഷം, ഞങ്ങൾക്കിടയിലെ ആത്മബന്ധം ഒന്നുകൂടി ദൃഢമായതുപോലെ എനിക്ക് തോന്നി…..
കാപ്പികുടി കഴിഞ്ഞ് മുത്തശ്ശനും മാഷും തങ്ങളുടെ തിരക്കുകളിലേക്ക് മാറിയപ്പോൾ, തറവാടിന്റെ തെക്കേത്തൊടിയിലുള്ള വലിയ കുളപ്പുര കാണാനായി ഞങ്ങൾ നടന്നു. തെങ്ങിൻതോപ്പുകൾക്കും കവുങ്ങിൻതോട്ടങ്ങൾക്കും നടുവിലൂടെയുള്ള ചെറിയ ഇടവഴി അവസാനിക്കുന്നത് ആ വലിയ കുളപ്പുരയുടെ കരിങ്കൽപ്പടവുകളിലാണ്.
അങ്ങോട്ട് കാലെടുത്തുവെച്ചപ്പോൾ തന്നെ പ്രകൃതി കാത്തുവെച്ച ഒരു രഹസ്യസങ്കേതത്തിലേക്ക് എത്തിയതുപോലെ എനിക്ക് തോന്നി. പായൽ പിടിച്ച കറുത്ത കരിങ്കൽപ്പടവുകൾ ചെന്നവസാനിക്കുന്നത് വിസ്താരമേറിയ ഒരു വലിയ കുളത്തിലേക്കാണ്.
