“ആഹാ, എഞ്ചിനീയർ എഴുന്നേറ്റോ. ഉറക്കമൊക്കെ എങ്ങനെയുണ്ടായിരുന്നു ഉണ്ണീ?”
മുത്തശ്ശൻ പത്രം മടക്കിവെച്ചുകൊണ്ട് ചോദിച്ചു.
“നല്ല ഉറക്കമായിരുന്നു മുത്തസ്സാ,”
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഇന്ന് എന്തൊക്കെയാ പ്ലാൻ? ഈ വടക്കിനിയുടെ ഭാഗത്തൊക്കെ ഒരുപാട് തടിപ്പണികളുണ്ട്. അതൊക്കെ നോക്കിപ്പഠിച്ചോളൂ,”
ഹരിനാരായണൻ മാഷ് വളരെ കാര്യമായിട്ടുതന്നെ പറഞ്ഞു. വലിയ ഗൗരവക്കാരനാണെങ്കിലും എന്നോട് വലിയ സ്നേഹമുള്ളതുപോലെ തോന്നി.
“തീർച്ചയായും നോക്കണം അമ്മാവാ. ഞാൻ കുറച്ചുദിവസം ഇവിടെ ഉണ്ടാകും. എല്ലാം സാവകാശം പഠിക്കണം,”
ഞാൻ എന്റെ താമസം നീട്ടാൻ പോകുന്ന കാര്യം അവിടെ വെച്ചുതന്നെ ഉറപ്പിച്ചു പറഞ്ഞു.
മുത്തശ്ശനും മാഷും അത് കേട്ട് സന്തോഷത്തോടെ തലകുലുക്കി.
ഞാൻ മെല്ലെ അടുക്കള ഭാഗത്തേക്ക് നടന്നു. വലിയൊരു അടുക്കള. അവിടെ ഭദ്രാമ്മയും സാവിത്രി അമ്മായിയും, ഇന്നലെ രാത്രി പരിചയപ്പെട്ട രമ ഇളയമ്മായിയും രാവിലത്തെ പ്രഭാതഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലാണ്. അവരെ സഹായിക്കാനായി കയ്യിലൊരു വലിയ പാത്രവുമായി പാർവണയും അവിടെ നിൽപ്പുണ്ടായിരുന്നു.
എന്നെ കണ്ടതും അവൾ പെട്ടെന്ന് നോട്ടം മാറ്റി, ഒന്നും അറിയാത്തപോലെ ജോലി തുടർന്നു.
“ആദി മോനെ, ദാ കുറച്ചു ചൂട് ചായ കുടിക്ക്,”
രമ ഇളയമ്മായി ഒരു ഗ്ലാസ്സിൽ ചായ എനിക്ക് നീട്ടി.
“ചായ കുടിച്ചിട്ട് മോൻ ഈ തറവാടിന്റെ . വടക്കിനിയുടെ അപ്പുറത്ത് ഒരു പഴയ പത്തായപ്പുരയുണ്ട്. അതൊക്കെ ഒന്ന് ചുറ്റി കണ്ടോളു.””
ഭദ്രാമ്മയും പറഞ്ഞു.
“അതൊക്കെ ഞാൻ കാണിച്ചുകൊടുത്തോളാം അമ്മേ,”
പാർവണ പെട്ടെന്ന് ഇട കയറി പറഞ്ഞു. അവൾ എന്നെയൊന്ന് പാളിനോക്കി.
“അതെന്തായാലും നന്നായി പാർവണേ. അവന് ഈ വീടിന്റെ വഴിയൊന്നും അറിയില്ലല്ലോ,”
സാവിത്രി അമ്മായി പറഞ്ഞു.
എന്നിട്ട് എന്നെ നോക്കി ചോദിച്ചു,
“അല്ല മോനേ, അളവെടുക്കാൻ ടേപ്പും ബുക്കും ഒന്നും ഞാൻ കണ്ടില്ലല്ലോ. അതൊക്കെ ബാഗിലാണോ വെച്ചേക്കുന്നത്?”
പെട്ടെന്നുള്ള ആ ചോദ്യം കേട്ട് എന്റെ തൊണ്ടയിൽ ചായ കുടുങ്ങി. ഞാൻ ചുമച്ചുപോയി. പാർവണ വായ പൊത്തി ചിരിക്കുന്നത് ഞാൻ കണ്ടു.
“അത്… അമ്മായി… ഞാൻ,”
ഞാൻ എന്ത് പറയണമെന്നറിയാതെ വിക്കി.
മുത്തശ്ശനും അമ്മാവന്മാർക്കും മുന്നിൽ രക്ഷപ്പെട്ടെങ്കിലും, ഈ തറവാട്ടിലെ സ്ത്രീകൾ എന്നെക്കൊണ്ട് വെള്ളം കുടിപ്പിക്കും എന്ന് എനിക്ക് ഉറപ്പായി. കള്ളം പറഞ്ഞ് പിടിച്ചുനിൽക്കാൻ ഞാൻ ഒരുപാട് കഷ്ടപ്പെടേണ്ടി വരും..
സാവിത്രി അമ്മായിയുടെ ആ ചോദ്യത്തിന് മുന്നിൽ എന്ത് മറുപടി പറയണമെന്നറിയാതെ ഞാൻ വിയർത്തു..
അപ്പോഴാണ് എന്റെ രക്ഷകയായി അവൾ അവതരിച്ചത്.
“അതൊക്കെ ആദിയുടെ ബാഗിൽ ഭദ്രമായിരിപ്പുണ്ട് സാവിത്രിയമ്മായി…”
പാർവണ ചിരിയമർത്തിക്കൊണ്ട് പറഞ്ഞു.
“ആദ്യം ഈ തറവാടിന്റെ ഒരു രൂപം മനസ്സിൽ കണ്ടിട്ട് പിന്നെ അളവെടുക്കാം എന്നാ ഈ എഞ്ചിനീയർ പറയുന്നേ. അല്ലേ ആദി?”
അവൾ എന്നെ നോക്കി കണ്ണിറുക്കി. ഞാൻ വേഗം തലകുലുക്കി സമ്മതിച്ചു.
അമ്മായിമാർക്ക് അതോടെ സമാധാനമായി. ചായ കുടിച്ചുതീർത്ത് ഞാൻ വേഗം അവിടെ നിന്നും തടിയൂരി.
ഞങ്ങൾ വടക്കിനിയുടെ മുറ്റത്തൂടെ പത്തായപ്പുരയിലേക്ക് നടന്നു. അവിടെ നിൽക്കുന്ന വലിയൊരു ഇലഞ്ഞിമരത്തിൽ നിന്നും കൊഴിഞ്ഞുവീണ പൂക്കളുടെ നേർത്ത ഗന്ധം ആ മുറ്റത്താകെ നിറഞ്ഞുനിന്നിരുന്നു. മുറ്റത്തിന്റെ അറ്റത്തായി പഴയകാലത്തെ പ്രൗഢി വിളിച്ചോതുന്ന വലിയൊരു കെട്ടിടം. പത്തായപ്പുര!..
അതിന്റെ കനത്ത മരവാതിൽ അവൾ പതുക്കെ തള്ളിത്തുറന്നു. കാലപ്പഴക്കം ചെന്ന വിജാഗിരികൾ ചെറിയൊരു ഞരക്കത്തോടെ വഴിമാറിക്കൊടുത്തു. അകത്തേക്ക് കയറിയതും മറ്റൊരു ലോകത്തേക്ക് എത്തിയതുപോലെ എനിക്ക് തോന്നി. പഴകിയ തടിയുടെയും, ഉണങ്ങിയ
നെല്ലിന്റെയും, എങ്ങോ ഒളിച്ചിരിക്കുന്ന കർപ്പൂരത്തിന്റെയും ഗന്ധങ്ങൾ കലർന്ന വല്ലാത്തൊരു സുഗന്ധം എന്റെ മൂക്കിലേക്കടിച്ചു.
അവിടെ നേരിയ ഇരുട്ടായിരുന്നു. മുകളിലെ ഓടുകൾക്കിടയിലെ വിടവിലൂടെ അരിച്ചിറങ്ങിയ സൂര്യകിരണങ്ങൾ നിലത്ത് വീണുകിടന്നു. ആ പ്രകാശദണ്ഡുകളിലൂടെ പൊടിപടലങ്ങൾ ഒരു സ്വർണ്ണമഴ പോലെ നൃത്തം വെക്കുന്നുണ്ടായിരുന്നു. ഈട്ടിത്തടിയിൽ തീർത്ത കൂറ്റൻ തൂണുകളിൽ അതിസൂക്ഷ്മമായ കൊത്തുപണികൾ വിരിഞ്ഞുനിൽക്കുന്നു.
