പരിഭവമുണ്ടായിരുന്നു.
”അത്… അമ്മേ, ഇവിടുത്തെ പണികൾ ഞാൻ വിചാരിച്ചതിനേക്കാൾ വലുതാ. കുറച്ചു ദിവസം കൂടി വേണ്ടിവരും എല്ലാം ഒന്ന് കണ്ടുപഠിക്കാൻ… ഞാനൊരു രണ്ടു മൂന്നു ദിവസം കൂടി കഴിഞ്ഞിട്ട് വരാം,”
ഞാൻ വളരെ തന്മയത്വത്തോടെ കള്ളം പറഞ്ഞു.
സത്യത്തിൽ ഞാൻ പഠിച്ചുകൊണ്ടിരിക്കുന്നത് ആ വലിയ തറവാടിന്റെ വാസ്തുവിദ്യയായിരുന്നില്ല, മറിച്ച് ഒരു പാലക്കാടൻ കാറ്റിന്റെ കുസൃതിയും ആ വലിയ നീലക്കണ്ണുകളുടെ ആഴങ്ങളുമായിരുന്നു എന്ന് പാവം അമ്മയ്ക്ക് അറിയില്ലല്ലോ. കുറച്ചുനേരം കൂടി അവിടുത്തെ വിശേഷങ്ങൾ പറഞ്ഞ് ഞാൻ ഫോൺ വെച്ചു.
അപ്പോഴാണ് അകത്തുനിന്നും പാർവണയുടെ അമ്മ ഉമ്മറത്തേക്ക്
വന്നത്. കൂടെ എന്തൊക്കെയോ സാധനങ്ങളുടെ പേരെഴുതിയ ഒരു കടലാസുമായി പാർവണയുമുണ്ട്. യാത്ര പോകാനായി ഒരു ഇളംനീല ചുരിദാറായിരുന്നു അവളുടെ വേഷം. ആ വേഷത്തിൽ അവൾ കൂടുതൽ സുന്ദരിയായിട്ടുണ്ടെന്ന് എനിക്ക് തോന്നി. വിടർന്നുനിൽക്കുന്ന ഒരു കാട്ടുനീലത്താമര പോലെ അവൾ തിളങ്ങുന്നുണ്ടായിരുന്നു.
”പാർവണേ, പോയിവരാൻ നേരം വൈകരുത്. വൈകുന്നേരം കാവിലേക്ക് ദീപം വെക്കാനുള്ള എണ്ണയും ബാക്കി സാധനങ്ങളും വേഗം വാങ്ങിക്കൊണ്ടു വരണം,”
അമ്മ അവളോട് പറയുന്നുണ്ടായിരുന്നു.
ചാരുപടിയിൽ ഇരിക്കുന്ന എന്നെ കണ്ടതും അമ്മ എന്റെ അടുത്തേക്ക് വന്നു.
”ഉണ്ണീ… ആദിക്ക് വണ്ടിയോടിക്കാൻ അറിയാലോ അല്ലെ?”
അമ്മ ചോദിച്ചു.
“അറിയാം ആന്റി എന്താ കാര്യം?”
ഞാൻ എഴുന്നേറ്റുനിന്നുകൊണ്ട് ചോദിച്ചു.
”നമ്മുടെ പത്തായപ്പുരയുടെ സൈഡിലെ ചായ്പ്പിൽ ഇവളുടെ മുത്തശ്ശന്റെ ഒരു പഴയ ബുള്ളറ്റ് ഇരിപ്പുണ്ട്. ഇവൾക്ക് ടൗൺ വരെ പോയി കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ട്. ബസ്സിന് പോയി വരാൻ ഒരുപാട് വൈകും. ആദിക്ക് ബുദ്ധിമുട്ടില്ലെങ്കിൽ ഇവളെ ആ വണ്ടിയിൽ ടൗൺ വരെ ഒന്ന് കൊണ്ടുപോയിക്കാമോ?”
അമ്മയുടെ ചോദ്യം കേട്ട് എന്റെ ഉള്ളിലൊരു വെടിക്കെട്ട് തന്നെ നടന്നു! എന്റെ പ്രണയത്തെ പിന്നിലിരുത്തി ഈ മനോഹരമായ ഗ്രാമവഴികളിലൂടെ ഒരു യാത്ര… എന്റെ ഹൃദയമിടിപ്പ് കൂടി. ഞാൻ വേഗം പാർവണയെ നോക്കി.
അമ്മ കാണാതെ ചുണ്ടുകടിച്ച് ചിരിയമർത്തുകയായിരുന്നു അവൾ. ആ കണ്ണുകളിൽ എന്നോടൊപ്പം യാത്ര പോകുന്നതിലുള്ള വല്ലാത്തൊരു സന്തോഷം തിളങ്ങുന്നുണ്ടായിരുന്നു.
”അതിനെന്താ അമ്മേ, എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. ഞാൻ കൊണ്ടുപോകാമല്ലോ,”
ഉള്ളിലെ ആവേശം പുറത്തുകാണിക്കാതെ ഞാൻ പറഞ്ഞു.
“എന്നാ ശരി, ആ താക്കോൽ അവിടെ ഉമ്മറത്തെ മേശപ്പുറത്തുണ്ട്,”
ഇത്രയും പറഞ്ഞ് അമ്മ അകത്തേക്ക് പോയി.
അമ്മ പോയതും അവൾ എന്റെ അടുത്തേക്ക് വന്നു. അവളുടെ മുഖത്ത് ആ പഴയ കുസൃതിച്ചിരി തിരികെ വന്നിരുന്നു.
”ഓ… ആദിക്കിപ്പോ ലോട്ടറി അടിച്ച സന്തോഷായിരിക്കും ല്യേ? ആ പഴയ ബുള്ളറ്റ് വഴിയിൽ എങ്ങാനും കേടായാൽ ഞാൻ ആദിയെക്കൊണ്ട് ഉന്തിക്കും പറഞ്ഞേക്കാം… പോയി വണ്ടി എടുത്തോണ്ട് വാ…”
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
”വഴിയിൽ വണ്ടി കേടായാൽ ഞാൻ സന്തോഷമായി ഉന്താലോ പാർവണേ, നിന്റെ കൂടെ ഈ വഴികളിലൂടെ കുറച്ചുദൂരം കൂടി നടക്കാമല്ലോ എന്നോർക്കുമ്പോഴാ എനിക്ക് സന്തോഷം,”
ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.
ആ വാക്കുകൾ കേട്ടതും അവളുടെ കവിളുകളിൽ വീണ്ടും നാണം പൂത്തു. ഒന്നും മിണ്ടാതെ അവൾ മുഖം വെട്ടിത്തിരിച്ചു.
താക്കോലെടുത്ത് പത്തായപ്പുരയുടെ ചായ്പ്പിലേക്ക് നടക്കുമ്പോൾ എന്റെ മനസ്സിൽ നിറയെ അവളുടെ ആ ചിരിയായിരുന്നു. വർഷങ്ങളായി അവിടെ വിശ്രമിക്കുന്ന മുത്തശ്ശന്റെ ആ പഴയ ബുള്ളറ്റിന് ജീവൻ വെക്കുമ്പോൾ, എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു യാത്രയ്ക്കാണ് തുടക്കമാകുന്നത്. പ്രണയം പൂത്തുനിൽക്കുന്ന ആ നാട്ടിടവഴികളിലൂടെ, അവളെയും പിന്നിലിരുത്തിയുള്ള ആ യാത്രയെക്കുറിച്ചോർത്തപ്പോൾ പാലക്കാടൻ കാറ്റിന് പോലും പ്രണയത്തിന്റെ ഗന്ധമുള്ളതുപോലെ എനിക്ക് തോന്നി..
മുത്തശ്ശന്റെ ആ പഴയ ബുള്ളറ്റിന്റെ ഗാംഭീര്യമുള്ള ശബ്ദം പത്തായപ്പുരയുടെ ചായ്പ്പിൽ മുഴങ്ങി. പതുക്കെ വണ്ടിയെടുത്ത് ഞാൻ ഉമ്മറത്തേക്ക് ചെന്നു. ഇളംനീല ചുരിദാറണിഞ്ഞ്, ചുണ്ടിലൊരു കള്ളച്ചിരിയോടെ അവൾ പിന്നിൽ കയറി ഇരുന്നു..
