നിലാവിന്റെ ഇളംവെളിച്ചത്തിൽ അവളെ കണ്ടപ്പോൾ ഒരു കവിത നേരിൽ വന്ന് നിൽക്കുന്നതുപോലെയാണ് എനിക്ക് തോന്നിയത്. കാവിലെ ആ മങ്ങിയ വെളിച്ചത്തിൽ വിറയാർന്ന ആ അധരങ്ങൾ ഇപ്പോൾ നിലാവിൽ കൂടുതൽ ചുവന്നുതുടുത്തിരുന്നു. എന്നെ അവിടെ അപ്രതീക്ഷിതമായി കണ്ടപ്പോൾ അവളുടെ കാലടികൾ ഒന്ന് നിശ്ചലമായി. ആ വലിയ നീലക്കണ്ണുകളിൽ എന്നെ കണ്ടതിലെ അത്ഭുതവും, ഒപ്പം സർപ്പക്കാവിലെ ഓർമ്മകൾ തന്ന നാണവും നിറഞ്ഞുനിൽക്കുന്നുണ്ടായിരുന്നു…
ഞാൻ പതുക്കെ അവളുടെ അടുത്തേക്ക് നടന്നു. ഞങ്ങൾക്കിടയിൽ ഇപ്പോൾ നിലാവിന്റെ നേർത്ത മൂടുപടം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ചുറ്റുമുള്ള ലോകം മുഴുവൻ ഉറങ്ങിക്കിടക്കുമ്പോൾ, ആ വലിയ തറവാട്ടിലെ നടുമുറ്റത്ത് ഞങ്ങൾ രണ്ടുപേരും മാത്രം. അവൾ ഒന്നും മിണ്ടാതെ മുഖം കുനിച്ച് നിൽക്കുകയായിരുന്നു.
ഞാൻ അവളെത്തന്നെ നോക്കി വളരെ പതുക്കെ, എന്നാൽ ആർദ്രമായി പറഞ്ഞു തുടങ്ങി.
”പാർവണേ… ഈ തറവാടിന്റെ തടിപ്പണികളിലല്ല, നിന്റെ ഈ നീലക്കണ്ണുകളുടെ ആഴങ്ങളിലാണ് ഞാൻ എന്നെത്തന്നെ തിരയുന്നത്. സച്ചുച്ചേട്ടന്റെ കല്യാണപ്പന്തലിൽ വെച്ച് നിന്നെ ആദ്യമായി കണ്ട ആ നിമിഷം മുതൽ എന്റെ ഹൃദയത്തിന്റെ താളം എനിക്കപകടമായ രീതിയിൽ മാറിത്തുടങ്ങിയിരുന്നു. എന്റെ സ്വപ്നങ്ങളിൽ പെയ്ത ആ മഴയ്ക്ക് ഇപ്പോൾ നിന്റെ ഗന്ധമാണ്. നീലക്കണ്ണുകളുള്ള ആ പെൺകുട്ടിയെത്തേടി ഞാൻ
നടത്തിയ യാത്ര അവസാനിക്കുന്നത് ഈ നടുമുറ്റത്തെ നിലാവിലാണ്.”..
ഞാൻ പറയുന്നത് കേട്ട് അവൾ പതിയെ മുഖമുയർത്തി എന്റെ കണ്ണുകളിലേക്ക് നോക്കി.
”എന്റെ കള്ളത്തരങ്ങളെല്ലാം പൊളിഞ്ഞിട്ടും നീ എന്നെ വെറുത്തില്ല. എന്റെ അമ്മയെക്കുറിച്ചും എന്റെ ജീവിതത്തെക്കുറിച്ചും അറിഞ്ഞപ്പോൾ നിന്റെ കണ്ണുകളിൽ ഞാൻ കണ്ട ആ നനവില്ലേ… അത് മതി പാർവണേ എനിക്ക്, ഈ ജന്മം മുഴുവൻ നിന്നെ പ്രണയിക്കാൻ. എന്റെ സ്വപ്നങ്ങളിൽ നിനക്കായി ഞാൻ പണിതുയർത്തിയ ഒരു സ്വർഗ്ഗമുണ്ട്. അവിടെ, ഈ നിലാവിൽ സാക്ഷിയായി ഞാൻ ചോദിക്കുകയാണ്… എന്റെ പാതിയായി എനിക്കൊപ്പമുണ്ടാകുമോ നീ?”
എന്റെ വാക്കുകൾ ആ നിശബ്ദതയിൽ അലിഞ്ഞുചേർന്നു. അവൾ ഒരക്ഷരം പോലും മറുപടി പറഞ്ഞില്ല. പക്ഷേ, അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു. നിലാവെളിച്ചത്തിൽ ആ കണ്ണുനീർത്തുള്ളികൾ മുത്തുകൾ പോലെ തിളങ്ങി. സർപ്പക്കാവിൽ വെച്ച് ഞാൻ കണ്ട അതേ വിറയലോടെ ആ ചുവന്ന അധരങ്ങൾ എന്തോ പറയാൻ വെമ്പി, പക്ഷെ ശബ്ദം പുറത്തുവന്നില്ല.
പകരം, അടക്കാനാവാത്ത പ്രണയത്തോടെ അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ആ ഒരൊറ്റ ചിരിയിലുണ്ടായിരുന്നു എന്റെ പ്രണയത്തിനുള്ള മുഴുവൻ സമ്മതവും.
പിന്നെ വല്ലാത്തൊരു നാണത്തോടെ തലവെട്ടിച്ച് അവൾ തിരിഞ്ഞുനടന്നു. അകത്തെ ഇരുട്ടിലേക്ക് മറയുന്നതിന് മുൻപ്, വാതിൽക്കൽ നിന്ന് അവൾ ഒന്നുമാത്രം തിരിഞ്ഞുനോക്കി. ആയിരം വാക്കുകളേക്കാൾ വാചാലമായ ആ ഒറ്റ നോട്ടം എനിക്ക് നൽകി അവൾ വേഗം നടന്നുപോയി.
നടുമുറ്റത്ത് പെയ്യുന്ന ആ നിലാവിനേക്കാൾ വലിയൊരു കുളിർമ എന്റെ ഹൃദയത്തിലേക്ക് അപ്പോൾ പെയ്തിറങ്ങുന്നുണ്ടായിരുന്നു. അവളുടെ ആ മൗനത്തിന് ലോകത്തിലെ ഏത് പ്രണയകാവ്യത്തേക്കാളും സൗന്ദര്യമുണ്ടായിരുന്നു…
രാത്രിയിലെ ആ നിലാവിന്റെ ലഹരിയിൽ നിന്നുണർന്ന പ്രഭാതത്തിന് വല്ലാത്തൊരു കുളിർമയുണ്ടായിരുന്നു. കിഴക്ക് വെള്ളകീറിത്തുടങ്ങുന്നതേയുള്ളൂ. പാലക്കാടൻ കാറ്റിന് ഇന്ന് എന്നത്തേക്കാളും സൗരഭ്യമുണ്ടെന്ന് എനിക്ക് തോന്നി.
എന്റെ ഹൃദയത്തിലെ പ്രണയം മുഴുവൻ ഏറ്റുവാങ്ങി, മൗനം കൊണ്ട് വാചാലയായവളെ വീണ്ടും കാണാനുള്ള തിടുക്കത്തിൽ ഞാൻ വേഗം മുറിയിൽ നിന്നിറങ്ങി ഉമ്മറത്തേക്ക് നടന്നു..
മുറ്റത്തെ പവിഴമല്ലിമരത്തിൽ നിന്നും മഞ്ഞുകലർന്ന പൂക്കൾ താഴേക്ക് കൊഴിഞ്ഞുവീഴുന്നുണ്ടായിരുന്നു. ആ പുലർകാല വെളിച്ചത്തിൽ, ചാണകം മെഴുകിയ മുറ്റത്ത് തുളസിത്തറയ്ക്ക് മുന്നിലായി അരിപ്പൊടികൊണ്ട് കോലം വരയ്ക്കുകയായിരുന്നു അവൾ.
