ഓഫീസിൽ നിന്നും ഇറങ്ങാൻ നേരം, സൈറ അവനോട് ഇന്ന് വൈകീട്ട്, രേവതിയെ ക്ലബ്ബിലേക്ക് കൊണ്ട് പോകുന്ന കാര്യം പറഞ്ഞിരുന്നു. ഒപ്പം അവിടെ രണ്ട് സ്റ്റെപ്പ് ഒക്കെ ഇട്ടാൽ……
എന്തായാലും, അവളുടെ മനസ്സ് വായിക്കാൻ യന്ത്രമോ തന്ത്രമോ ഒന്നും വേണ്ടായിരുന്നു അവന്…..
അവളുടെ ഉദ്ദേശം മനസ്സിലാക്കിയ ഹരിക്ക് മനസ്സിന് സന്തോഷം നൽകുന്ന കാഴ്ച ആയിരുന്നെങ്കിൽ കൂടെ, അവൻ അത് മുഖത്ത് കാണിച്ചില്ല….
……………………………………………………………..
അന്ന് രാത്രി ആദിയുടെ കരച്ചിൽ കേട്ട് ഉണർന്ന ഹരിയുടെ അടുത്തായി, ആ കിടക്കയിൽ, ഇട്ട് പോയ ഡ്രെസ്സിൽ തന്നേ അവളും ചുരുണ്ടു കൂടി കിടക്കുന്ന തന്റെ ഭാര്യയെ കാണുന്നത് ……
അവന്റെ മനസ്സ് നിറഞ്ഞു, സന്തോഷം കൊണ്ട് പുഞ്ചിരി വിടർന്നു. കണ്ണുകൾ നിറഞ്ഞു.
എന്നിരുന്നാലും, ആദിയെ എടുത്ത് തോളിൽ കിടത്തി ആട്ടി ഉറക്കി വീണ്ടും കിടക്കയിലേക്ക് കിടന്ന അവൻ ഇടത്തോട്ട് ചെരിഞ്ഞു കൊണ്ട് തന്റെ പെണ്ണിന്റെ മുഖത്തേക്ക് തന്നേ നോക്കി മിഴിച്ചു കിടന്നു കുറേ നേരം..
അവളെ തൊടാൻ… അവളെ ചേർത്ത് കെട്ടിപ്പിടിക്കാൻ..അവന്റെ മനസ്സ് വെമ്ബി എങ്കിലും, പേടി തോന്നി അവന്..അവൾ എഴുന്നേറ്റാൽ, ദേഷ്യപ്പെട്ട്, ഇറങ്ങി റൂം മാറി കിടന്നാലോ എന്ന പേടി…..
അവളുടെ വിയർപ്പും ഡിയോയുടെയും ഇട കലർന്ന ഗന്ധം, അവളുടെ അരികെ കിടക്കുമ്പോൾ കിട്ടുന്ന ആ ചൂട്, ആ സുഖം…. അത് മതിയായിരുന്നു അവന് മനസ്സ് നിറയാൻ…
അവൻ കുറച്ചു നേരം കൂടെ അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി കിടന്നു കൊണ്ട് മനസ്സിൽ ഒരായിരം തവണ മാപ്പ് പറഞ്ഞു കൊണ്ട് അവൻ മലർന്നു കിടന്നു കണ്ണുകൾ അടച്ചു…
ഉറക്കത്തിലേക്ക് വഴുതി വീഴാൻ തുടങ്ങിയ അവൻ, കണ്ണുകൾ വെട്ടി തുറന്നു. കാരണം നെഞ്ചിൽ അനുഭവപ്പെട്ട ഭാരം ആയിരുന്നു അതിന് കാരണം. രേവതി ഉറക്കത്തിൽ അവളുടെ ഇടത് കൈ അവന്റെ ദേഹത്തേക്ക് വച്ചതായിരുന്നു അത് …..
രേവതി ഉറക്കത്തിൽ , അൽപം കൂടെ നീങ്ങി കിടന്ന് അവന്റെ ബനിയന് ഉള്ളിലൂടെ കൈകള ഉള്ളിലേക്ക് കടത്തി അവന്റെ നെഞ്ചിൽ കൈ വച്ചതും, അവൻ ഒന്ന് വിറച്ചു…… അവന് കുളിരു കോരി……അവൻ അറിയാതെ പുഞ്ചിരിച്ചു…
ഹരി ചെറു പുഞ്ചിരിയോടെ, പതിയെ തന്റെ ഇടത് കൈ ഉയർത്തി അവളുടെ തലയിൽ മുട്ടിച്ചതും, ഉറക്കത്തിൽ തന്നേ, അവൾ തല പൊക്കിക്കൊണ്ട് അവന്റെ കൈ മസിലിൽ തല വച്ച്, അവനോട് ഒന്നു കൂടെ ചേർന്ന് കിടന്ന് എന്തോ ശബ്ദം ഉണ്ടാക്കി…..
അവളുടെ നിശ്വാസത്തിലെ നാരങ്ങ മണം അവന്റെ മൂക്കിലൂടെ തുളച്ചു കയറുമ്പോൾ അവൻ മനസ്സിൽ പറഞ്ഞു : ആദി… ഇന്ന് രാത്രി ഇനി കരഞ്ഞു നീക്കല്ലേടാ… കുറേ ദിവസത്തിന് ശേഷം ആണ് നിന്റെ അമ്മ എന്നെ.. എന്റെ അടുത്ത്……..
അവൻ മനസ്സ് ഉരുകി പ്രാർത്ഥിച്ച പോലെ ആദി ആ രാത്രി സുഖമായി ഉറങ്ങി. അമ്മയുടെ ചൂട് പറ്റിയുള്ള അച്ഛന്റെ കിടപ്പിനും ഉറക്കത്തിലും വിഗ്നം വരുത്താതെ…….
രാവിലെ എഴുന്നേറ്റപ്പോൾ പക്ഷെ, അവൻ അവളെ അടുത്ത് കണ്ടില്ല… അതുകൊണ്ട് തന്നേ ചാടി എഴുന്നേറ്റ് റൂമിനു പുറത്തേക്ക് ഓടി….
അടുക്കളയിൽ പണികൾ ചെയ്തുകൊണ്ടിരിക്കുന്ന അവളെ കണ്ടതും, ഹരി ആശ്വാസത്തോടെ ശ്വാസം ഉള്ളിലേക്ക് വലിച്ചു വിട്ടു.
അടുത്ത ദിവസം, അല്ലെങ്കിൽ ശനിയാഴ്ച….
രേവതിയുടെ ഹരിയോടുള്ള ഉരിയാടാ സമരത്തിന് അന്ന് ഉച്ചയോടെ അവസാനം കുറിച്ചു … അവൾ അവന്റെ മുന്നിൽ വന്ന് നിന്ന് കൈ നീട്ടി പറഞ്ഞു : പേഴ്സ് എവിടാ… എനിക്ക് കുറച്ചു ഷോപ്പിംഗ് ഉണ്ട്….
ഹരി സന്തോഷത്തോടെ ചാടി എഴുന്നേറ്റ്, തന്റെ പേഴ്സ് തപ്പി പിടിച്ചു കൊണ്ട് വന്ന്, പേഴ്സ് മൊത്തത്തിൽ അവൾക്ക് നേരെ നീട്ടി പതിയെ ചോദിച്ചു : എങ്ങോട്ടാ…. ഞാനും വരാം…
” ചേച്ചി വരുന്നുണ്ട് “… എന്ന് അവന്റെ മുഖത്ത് അടിച്ച പോലെ പറഞ്ഞു കൊണ്ട്, പേഴ്സ് അവന്റെ കയ്യിൽ നിന്നും വാങ്ങി അവൾ നടന്നു.
പക്ഷെ അവന് സങ്കടം ഒന്നും തോന്നിയില്ല. അവളുടെ, രേവതിയുടെ ശബ്ദം, ആദിയെ കളിപ്പിക്കുമ്പോൾ, അല്ലെങ്കിൽ ഫോണിൽ സംസാരിക്കുമ്പോൾ അല്ലാതെ തന്നോട് നേരിട്ട് എന്തെങ്കിലും മിണ്ടിയതിന്റെ സന്തോഷം…….
