സൈറയുടെ വീട്ടിൽ, ഹാളിൽ സൈറ ആദിയെ കളിപ്പിച്ചു കൊണ്ടിരിക്കുന്നത് നോക്കി, ഉള്ളിൽ കുമിഞ്ഞു കൂടിയ, സങ്കടവും ദേഷ്യവും അടക്കി പിടിച്ചു കൊണ്ട്, രേവതി ചെറു ചിരിയോടെ നോക്കി ഇരിക്കുമ്പോൾ ആണ്, ആയി അല്ലെങ്കിൽ സുരഭി വീടിന്റെ പ്രധാന വാതിലും കടന്ന് അകത്തേക്ക് വരുന്നത്……
ഉമ്മിയെ പോലെ തന്നേ, അല്ല ഉമ്മിയായി തന്നേ കാണുന്ന ” ആയി” അല്ലെങ്കിൽ സുരഭി തങ്ങളെ നോക്കി മിഴിച്ചു നിൽക്കുന്നത് കണ്ട് സൈറക്ക് പന്തികേട് തോന്നി…
പക്ഷെ സുരഭി ഒന്നും മിണ്ടാതെ, നേരെ നടന്നു പോയത് അടുക്കളയിലേക്കാണ്….
ആദിയെ രേവതിയെ ഏൽപ്പിച്ച് സൈറ പിന്നാലെ നടന്നു……
അടുക്കളയിൽ നിന്നും, ഹിന്ദിയിൽ ഉള്ള സംസാരം രേവതി കേട്ടു…
അതിൽ, ആയിയുടെ ശബ്ദം, വളരെ ഉച്ചത്തിലും കനത്തിലും ആയിരുന്നു…….
ഒന്ന് പോയി നോക്കാം എന്ന് കരുതി എഴുന്നേറ്റപ്പോഴേക്കും, ആയി കയ്യിൽ ടിഫിൻ ബോക്സുമായി, അടുക്കളയിൽ നിന്നും ഇറങ്ങി വന്നു. പിന്നാലെ തന്നേ സൈറയും ഉണ്ടായിരുന്നു….
രേവതിയെ ഒന്ന് നോക്കിയ ശേഷം, അവളിൽ നിന്നും ആദിയെ എടുത്ത്, ഒന്നും പറയാതെ അവർ മുന്നോട്ട് നടന്നു….
എങ്ങോട്ടേക്ക് ആവും എന്ന് രേവതി ആലോചിച്ചെടുത്ത്, തടയാൻ ആയി മുന്നോട്ട് കുതിക്കുമ്പോഴേക്കും അവളുടെ തോളിൽ, സൈറയുടെ കൈ പിടി, ബലത്തിൽ വീണു……
” രേവതി…… വേണ്ട…. തടയേണ്ട…… “.. സൈറയുടെ ശബ്ദം അവളുടെ കാതിൽ മുഴങ്ങി…
രേവതി തിരിഞ്ഞു നിന്നതും സൈറ പറഞ്ഞു : രേവതി….. അവൻ….ഹരി… ഹരിയെ അവിടെ പോയി നോക്കിയിട്ടാ, ആയീ വരുന്നത്. അവൻ റൂമിൽ, ഒരേ കിടപ്പാണ്, നിന്റെ ഒരു ഡ്രെസ്സും കെട്ടി പിടിച്ചു കൊണ്ട്. ഇന്നലെ മുതൽ കഴിക്കുക പോട്ടെ, വെള്ളം പോലും കുടിച്ചിട്ടുണ്ടാവാൻ വഴി ഇല്ലാ എന്നാ ആയി പറഞ്ഞത്…………
അത് കേട്ടതും, അത് വരെ ഉണ്ടായിരുന്ന അവളിലെ ബലം പിടുത്തം അയഞ്ഞു വന്ന് ഇല്ലാതായി.. അവളുടെ മുഖം കുനിഞ്ഞു… കണ്ണുകൾ നിറഞൊഴുകി, കണ്ണ് നീർ ടൈൽ ഇട്ട തറയിലേക്ക് ഒറ്റി ഒറ്റി വീണു.
കുറേ നേരം കഴിഞ്ഞു, ആദിയുമായി സുരഭി പോയിട്ട്…….
രേവതി അക്ഷമയോടെ കൈകൾ കൂട്ടി തിരുമ്മി, സോഫയിൽ ഇരിക്കുന്നത് കണ്ട് സൈറക്ക് പേടി തോന്നി, വന്നാൽ ആദിയെ ചീത്ത വിളിക്കുമോ എന്നുള്ള ഭയം സൈറക്ക് ഉണ്ടായിരുന്നു……………
അവളുടെ കാത്തിരിപ്പിന് വിരാമം ഇട്ട് കൊണ്ട് ആയി തനിയെ തിരികെ നടന്ന് വന്നു. അവരെ കണ്ടതും രേവതി ചാടി എഴുന്നേറ്റു…..
” എന്റെ കോച്ച് എവടെ തള്ളേ “… എന്ന് ചോദിക്കുമോ എന്ന ഭയത്തിൽ സൈറ വേഗം ഇടയിൽ കയറിക്കൊണ്ട് ചോദിച്ചു..
ഹിന്ദിയിൽ ആണ്… മലയാളത്തിൽ എഴുതുന്നു….
സൈറ : എന്തായി …… ആദി എവടെ ആയീ?…
സുരഭി : അവന്റെ അച്ഛന്റെ കൂടെ ഉണ്ട്….
ഇത്ര മാത്രം പറഞ്ഞു കൊണ്ട്, രേവതിയുടെ അരികെ ചെന്ന് നിന്ന് മുറി മലയാളത്തിൽ, സൈറയുടെ ഉമ്മി പഠിപ്പിച്ച, മലയാളത്തിൽ പറഞ്ഞു : ഒരു ചപ്പാത്തി, എങ്ങിനെയൊക്കെയോ കഴിച്ചിട്ടുണ്ട്…….
ഒന്ന് നിർത്തി സുരഭി തുടർന്നു : വൈകുന്നേരം അടുക്കളയിൽ എനിക്ക് സഹായം വേണം….. അവന് ഇഷ്ടപ്പെടുന്ന പോലെ ഉണ്ടാക്കാൻ ഒന്നും എനിക്ക് അറിയില്ല…….അതുകൊണ്ടാണ്…..
ഇത്രയും പറഞ്ഞു കൊണ്ട് ആയി നടന്നകന്നു……
സൈറ രേവതിയുടെ മുഖത്തേക്ക് നോക്കി, അവളുടെ മുഖം അതിശയത്താൽ വിടർന്നു………. അവൾ മനസ്സിൽ പറഞ്ഞു ” ഓ… ഫക്ക് “…..
സൈറയുടെ തിരിച്ചറിവിന്റെ നിമിഷങ്ങൾ ആയിരുന്നു അത്. രേവതി ഇത്രയും നേരം ടെൻഷൻ അടിച്ച് ഇരുന്നത്, ആദിയെ ഓർത്ത് അല്ല, മറിച്ച് അവൻ , ഹരി വല്ലതും കഴിച്ചോ എന്നറിയാൻ വേണ്ടി ആയിരുന്നു അത്……
മുഖത്ത് വിരിഞ്ഞു വന്ന ചിരി, സൈറ രേവതിയെ കാണിക്കാതിരിക്കാൻ സൈറക്ക് തിരിഞ്ഞു നിൽക്കേണ്ടി വന്നു ……..
വൈകുന്നേരത്തോടെ ആദിയെ കൊണ്ട്, അവനെ അവന്റെ അമ്മയെ ഏൽപ്പിക്കാൻ ആയി, പറ്റിയാൽ അവളെ ഒരു നോക്ക് കാണാൻ ആയി ഹരി സൈറയുടെ വീടിന്റെ വാതിലിൽ വന്ന് ബെൽ അടിച്ചു….
ഹരിയെ നിരാശനാക്കി വാതിൽ തുറന്നത്, സൈറ ആയിരുന്നു………
ഒന്ന് എത്തി വലിഞ്ഞു നോക്കി, അവളെ കാണാൻ പറ്റാത്ത സങ്കടത്തിൽ, ആദിയെ സൈറയെ ഏൽപ്പിച്ചു തിരിഞ്ഞു നടന്ന ഹരിക്ക് പിന്നലെ ചെന്ന്, പിന്നിൽ രേവതി ഇല്ല എന്ന് ഉറപ്പ് വരുത്തി സൈറ പറഞ്ഞു : ഹരീ… അവൾ കിച്ചണിൽ ഉണ്ട്… നാളേക്ക് വേണ്ടി ഇഡ്ഡലി മാവ് ഉണ്ടാക്കാണ്……. പിന്നെ രാത്രിക്ക്, നിനക്ക് വേണ്ടി എന്തോ ചമ്മന്തിയും…..
