അവളുടെ മുഖത്തേക്ക് നോക്കി, അവൻ തന്റെ മകനെ കയ്യിൽ എടുത്തതും, അവൾ അവനെ മറികടന്നു മുന്നോട്ട് നടന്ന് ഉള്ളിലേക്ക് പോയി…
“രേ…… മുഴുവനാക്കാൻ അവന് കഴിഞ്ഞില്ല….
അവൻ പതിയെ അവളുടെ പിന്നാലെ നടന്നു…..
അവൾ വീട് മൊത്തം ചുറ്റി കറങ്ങിയപ്പോൾ, അവൻ അവളുടെ പിന്നാലെ വാല് പോലെ നടന്നു… അവളൊന്നു തിരിഞ്ഞ് തന്നേ നോക്കാൻ വേണ്ടി… എന്തെങ്കിലും ഒന്ന് മിണ്ടാൻ വേണ്ടി….
അവളെ വിളിക്കാൻ, അവളെ ഒന്ന് തൊടാൻ അവന് പേടിയായിരുന്നു….
അടഞ്ഞു കിടക്കുന്ന വാതിലുകളും ജനലുകളും എല്ലാം അവൾ തുറന്നിട്ടു…
ചൂലെടുത്തു അവൾ തുടങ്ങി………….
കിടക്ക വിരികൾ എല്ലാം അവൾ ചുരുട്ടി കൂട്ടി, ഒപ്പം, തങ്ങളുടെ റൂമിൽ ഇപ്പോഴും വിരിച്ചിട്ടിട്ടുള്ള പച്ച കളർ നെറ്റിയും……
അവന് തടയണം എന്നുണ്ടായിരുന്നു, പക്ഷെ കഴിഞ്ഞില്ല……
ഒരക്ഷരം മിണ്ടാതെ, ഓരോ പണികൾ ചെയ്യുന്ന അവൾക്ക് പിന്നാലെ പിന്നാലെ അവനും ഒരു കൊച്ചു കുട്ടി അമ്മയുടെ സാരി തുമ്പ് പിടിച്ചു നടക്കുന്ന പോലെ അവനും നടന്നു കൊണ്ടിരുന്നു……..
രാത്രിയിലേക്കുള്ള കുക്കിംഗ് പരിപാടികൾക്കിടയിൽ, കുറച്ചു നേരമായി ഹരിയെ കാണാൻ ഇല്ലാത്തത് കൊണ്ട് അവൾ തിരികെ റൂമിലെത്തി….
അവളുടെ മുഖത്ത്, അവൾ അറിയാതെ തന്നേ അത്ഭുതത്തോടെ ഉള്ള, ഒരു ചിരി വിരിഞ്ഞു ആ കാഴ്ച കണ്ട്….
ആദിയെയും നെഞ്ചിൽ കിടത്തി ഉറക്കി , കണ്ണുകൾ അടച്ചു, വാ പൊളിച്ചു കൊണ്ട് ഉറങ്ങുകയായിരുന്നു അവൻ…
ഒരുപക്ഷെ, തന്റെ ജീവന്റെ ജീവൻ, തന്റെ വീട്ടിലേക്ക് വന്നു, അല്ലെങ്കിൽ അവളുടെ ആ വീട്ടിലെ സാന്നിദ്യം മതിയായിരുന്നു മൂന്ന് ദിവസത്തെ ഉറക്ക ക്ഷീണം, അവന്റെ കണ്ണുകളെ അടപ്പിക്കാൻ……….
ആ കാഴ്ചയും കണ്ട് നിന്ന്, അവൾ മനസ്സിൽ അറിയാവുന്ന ചീത്ത മുഴുവൻ അവനെ വിളിച്ചു…… കൈ ചുരുട്ടി പിടിച്ചു അവനെ തല്ലാൻ ഓങ്ങി, പക്ഷെ തല്ലിയില്ല…..തിരികെ കിച്ചനിലേക്ക് നടന്നു….
ഹരി കണ്ണ് തുറന്നപ്പോൾ അടുത്ത് ആദി ഉണ്ടായിരുന്നില്ല………. അവൻ എഴുന്നേറ്റ് ഓടി അവിടെയും ഇവടെയും നോക്കിയ അവൻ കണ്ടത്, സ്പെയർ റൂമിൽ ആദിയെയും കളിപ്പിച്ചു കിടക്കയിൽ ഇരിക്കുന്ന രേവതിയെ ആണ്..
മൂലയിൽ ആയി അവളുടെ ബാഗും ഉണ്ടായിരുന്നു……
ഹരിയെ ഒന്ന് നോക്കി, അവൾ മൈൻഡ് ചെയ്യാതെ, ഒന്നും. പറയാതെ ആദിയിലേക്ക് കണ്ണ് തിരിച്ചു…..
ഹരി മുഖം കുനിച്ചു കൊണ്ട് തിരിഞ്ഞു നടന്നു… അവന് സന്തോഷവും സങ്കടവും ഒന്നിച്ചു തോന്നിയ നിമിഷം ആയിരുന്നു. അവൻ പതിയെ കണ്ണ് തുടച്ചു…
ഡായിനിങ് ടേബിളിൽ ഒരു കുറിപ്പും അവൾ അവന് വേണ്ടി എഴുതി വച്ചിരുന്നു…
“അത്ര പെട്ടെന്ന് ക്ഷമിക്കാൻ എന്നെ കൊണ്ട് കഴിയില്ല.എന്ന് വച്ച് കുളിക്കാതെയും നനക്കാതെയും, ഉറങ്ങാതെയും ഇരിക്കാൻ പറ്റില്ല. പിന്നെ ഭക്ഷണം, മുഴുവൻ കഴിച്ചേക്കണം. ഒരു വറ്റ് പോലും കളയരുത്. പിന്നെ ആ താടി മുഖത്ത് കാണാൻ പാടില്ല.”
കണ്ണ് നിറച്ചു കൊണ്ട്, ആ കുറിപ്പ് അവൻ നെഞ്ചോട് ചേർത്തു പിടിച്ചു ഇളകാതെ നിന്നു കുറച്ചു നേരം. അതിന് ശേഷം നാളേക്ക് വക്കാതെ അവൻ ഷേവ് ചെയ്യാനായി നടന്നു …………
റൂമിലെ ബാത്‌റൂമിൽ നിന്നും ഇറങ്ങിയ ശേഷം ആണ്, അവന് വേണ്ടി, രാവിലെ മുതൽ ഇട്ടിരുന്ന ചുരിദാർ, അവന്റെ കിടക്കയുടെ മൂലയിൽ അവൾ വച്ചിരുന്നത് അവൻ കണ്ടത്……
……………………………………………………………..
ഹരി പല വഴികളും നോക്കി എങ്കിലും, അവൾ അവനോട് ഒരക്ഷരം പോലും മിണ്ടിയില്ല എന്ന് മാത്രമല്ല അവനെ മൈൻഡ് പോലും ചെയ്തില്ല….
എന്നിരുന്നാലും, ആ വീട്ടിൽ, അവൾ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾ എല്ലാം, അമ്മ ആയും കുടുംബിനി ആയും ചെയ്തു കൊണ്ടിരുന്നു…..
കുറച്ചു ദിവസങ്ങൾക്കു ശേഷം അവൻ തിരികെ ജോലിക്ക് കയറി…….
ഓഫീസിൽ ചെന്ന് കയറി, ജെറിനെ അവന്റെ ഓഫീസ് മുറിയിൽ വച്ച് കെട്ടിപിടിച്ചു കണ്ണ് നിറച്ചു കൊണ്ട് പറയാതെ പറഞ്ഞു അവന്റെ നന്ദി ജെറിനോട്….
അവൻ ഒരു കാര്യം ആവശ്യപ്പെട്ടു ജെറിനോട്. ഡോക്ടർ ആൻസി വർക് ചെയ്യുന്ന ഹോസ്പിറ്റൽ ഏരിയയിൽ നിന്നും തന്നേ മാറ്റാൻ ആയിരുന്നു അത്…
ഹരി ആവിശ്യപ്പെടേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. ജെറിൻ അത് ചെയ്ത് കഴിഞ്ഞിരുന്നു അതിന് മുൻപ് തന്നേ…
